| Wednesday, 13th November 2019, 1:41 pm

'ഭയം കാരണം എന്റെ മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു, അവളുടെ പേര് ഫാത്തിമയെന്നായിപ്പോയി'; ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: മദ്രാസ് ഐ.ഐ.ടിയില്‍ തന്റെ മകള്‍ക്ക് മതപരമായ പല വേര്‍തിരിവുകളും നേരിടേണ്ടി വന്നിരുന്നതായി മാതാവ് സജിത. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നെന്നും അമ്മ സജിത ന്യൂസ് 18 നോട് പറഞ്ഞു. ഭയം കൊണ്ടു തന്നെയാണ് മകളെ ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ അയക്കാത്തിരുന്നതെന്നും സജിത പറയുന്നു.

”എന്റെ മകളുടെ പേര് ഫാത്തിമയെന്നായിപ്പോയി. രാജ്യത്തെ അവസ്ഥ കാരണം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തി. ഭയം കാരണം മകള്‍ ശിരോവസ്ത്രം പോലും ധരിക്കാറില്ലായിരുന്നു.

ഭയം കൊണ്ടു തന്നെയാണ് ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ അയക്കാത്തത്.. തമിഴ്‌നാട്ടില്‍ ഇങ്ങനെയൊരു അവസ്ഥ അവള്‍ക്ക് നേരിടേണ്ടി വരുമെന്ന് കരുതിയില്ല. ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ മാനസിക പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചത്”- സജിത പറഞ്ഞു.

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു.

എന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു. രാത്രി ഒമ്പത് മണിയാവുമ്പോള്‍ എന്നും മെസ് ഹാളില്‍ ഇരുന്നു മകള്‍ കരയുമായിരുന്നു എന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് സി.സി.ടി.വി പരിശോധിക്കണം”- അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തമിഴ്നാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസ് കണ്ടെടുത്ത ഫാത്തിമയുടെ ഫോണ്‍, ലാപ്ടോപ് എന്നിവ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു.

കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ ലത്തീഫിനെ (18) ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് (ഇന്റഗ്രേറ്റഡ്) വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ. കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫാത്തിമയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more