ന്യൂദല്‍ഹി: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫും കൊല്ലം മേയറും പ്രധാന മന്ത്രിയെ കാണാന്‍ ദല്‍ഹിയിലെത്തി. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കാണ് പിതാവും മേയറും ദല്‍ഹിയിലെ കേരള ഹൗസിലെത്തിയിട്ടുള്ളത്.
പ്രധാന മന്ത്രിയോട് മാത്രമായി ധാരാളം കാര്യങ്ങള്‍ പറയാനുണ്ടെന്നും അതിന് ശേഷം വിശദമായി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കുമെന്നും അത് വരെ കാര്യങ്ങള്‍ പുറത്തുവിടില്ലെന്നും അബ്ദുള്‍ ലത്തീഫ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനുണ്ട്.
അത്തരം കാര്യങ്ങളെല്ലാം പ്രധാന മന്ത്രിയോട് പറഞ്ഞതിന് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് എല്ലാ വിവരങ്ങളും പറയാനുദ്ദേശിക്കുന്നത്. അത് വരെ മാധ്യമങ്ങളോട് ഒന്നു തുറന്നു പറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണം.’ അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
തന്റെ മകളുടെ മരണത്തന് കാരണക്കാരായവര്‍ ക്ലാസിലുള്ളവര്‍ തന്നെയാണെന്നും അവളുടെ മരണത്തിന് കാരണക്കാരായവരെക്കുറിച്ച് അവള്‍ തന്നെ എഴുതി വെച്ചിട്ടിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
‘എന്റെ മകളുടെ മരണത്തന് കാരണക്കാരായവര്‍ ക്ലാസിലുള്ളവര്‍ തന്നെയാണ്. അവള്‍ അതെല്ലാം എഴുതി വെച്ചിട്ടും ഉണ്ട്. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ ഈശ്വരമൂര്‍ത്തി ഐപിഎസിനെ ഏല്‍പ്പിച്ചിട്ടും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് സൈബറിന്റെ ഒരു സ്ഥിരീകരണവും വന്നിട്ടുണ്ട്. എന്നാല്‍ ഈശ്വരമൂര്‍ത്തി ഐ.പി.എസ് എന്തു തീരുമാനമെടുക്കും എന്നതിനെ സംബന്ധിച്ചതിന് ശേഷം അടുത്ത കേസുമായി ഞാന്‍ കോടതിയെ സമീപിക്കും’ പിതാവ് പറഞ്ഞു.
കേസ് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.