ഫാത്തിമ ലത്തീഫിന്റെ മരണം; വിശദമായി ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡീനിന്റെ ഉറപ്പ്; നിരാഹാര സമരം അവസാനിപ്പിച്ചു
Fathima Latheef Death
ഫാത്തിമ ലത്തീഫിന്റെ മരണം; വിശദമായി ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡീനിന്റെ ഉറപ്പ്; നിരാഹാര സമരം അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 12:25 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികകള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.

ഡയറക്ടര്‍ തിരികെ വന്നാലുടന്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കി.

എല്ലാ വകുപ്പുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കാമെന്നും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും ഡീന്‍ വ്യക്തമാക്കി.

മദ്രാസ് ഐ.ഐ.ടിയിലെ സ്വതന്ത്ര സംഘടനയായ ചിന്താബാറിന്റെ നേതൃത്വത്തിലായിരുന്നു നിരാഹാര സമരം നടന്നത്. തിങ്കളാഴ്ച രാവിലെ പത്തുമണിമുതലായിരുന്നു സമരം തുടങ്ങിയത്. അവസാന വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി അസര്‍ മൊയ്തീന്‍, ഗവേഷണ വിദ്യാര്‍ത്ഥി ജസ്റ്റിന്‍ തോമസ് എന്നിവരാണ് നിരാഹാരമിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ” എന്ന് അവള്‍ പറഞ്ഞിരുന്നെന്നും ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നെന്നുമായിരുന്നു പിതാവിന്റെ വാക്കുകള്‍.

DoolNews Video