| Monday, 18th November 2019, 11:19 am

ഫാത്തിമയുടെ മരണം; മദ്രാസ് ഐ.ഐ.ടിയിലെ മൂന്ന് അധ്യാപകര്‍ക്ക് സമന്‍സ് അയച്ച് ക്രൈംബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയുമായി തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. ഐ.ഐ.ടി മദ്രാസിലെ മൂന്ന് അധ്യാപകര്‍ക്ക് അന്വേഷണ സംഘം സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്.

അധ്യാപകരെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കാമ്പസില്‍ ഒന്നാവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒന്നരമാസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ഫാത്തിമയുടെ പിതാവും ബന്ധുക്കളും ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ട് കാണും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

നേരത്തെ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം മദ്രാസ് ഐ.ഐ.ടി സന്ദര്‍ശിച്ചിരുന്നു. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ നിര്‍ദേശ പ്രകാരമാണിത്.

ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമാണെന്ന് എഫ്.ഐ.ആറിലുള്ളത്. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും എഫ്.ഐ.ആറിലുണ്ട്.

മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more