ചെന്നൈ: ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയുമായി തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്. ഐ.ഐ.ടി മദ്രാസിലെ മൂന്ന് അധ്യാപകര്‍ക്ക് അന്വേഷണ സംഘം സമന്‍സ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചത്.
അധ്യാപകരെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. കാമ്പസില്‍ ഒന്നാവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ഒന്നരമാസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം ഫാത്തിമയുടെ പിതാവും ബന്ധുക്കളും ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ട് കാണും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.