അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണം; ഫാത്തിമ ലത്തീഫിന്റെ കുടുംബം വീണ്ടും ഹൈക്കോടതിയിലേക്ക്
keralanews
അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണം; ഫാത്തിമ ലത്തീഫിന്റെ കുടുംബം വീണ്ടും ഹൈക്കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2019, 4:29 pm

കൊച്ചി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍ നോട്ടത്തില്‍ വേണമെന്ന് കുടുംബം.

ഈ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് ഫാത്തിമയുടെ കുടുംബം ഒരുങ്ങുന്നത്. ഇതോടനുബന്ധിച്ച് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിര ജയ്‌സിങ്ങുമായി കൊച്ചിയില്‍ വെച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ഫാത്തിമയുടെ കേസ് വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിന് ഉത്തരവാദികളെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടിയ ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തത് ദുരൂഹമാണെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.

ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, തന്റെ മകള്‍ ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം അനുഭവിച്ചിരുന്നുവെന്ന് ഫാത്തിമയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു ‘ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നു. ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു’ എന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞിരുന്നു.