ശ്രീലങ്കന്‍ ചാവേറാക്രമണം: മുഖ്യ സൂത്രധാരന്റെ പിതാവും സഹോദരന്മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
World News
ശ്രീലങ്കന്‍ ചാവേറാക്രമണം: മുഖ്യ സൂത്രധാരന്റെ പിതാവും സഹോദരന്മാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th April 2019, 2:52 pm

കൊളംബൊ: ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഹ്‌റാന്‍ ഹാഷിമിന്റെ പിതാവ് മുഹമ്മദ് ഹാഷിം, സഹോദരന്മാരായ സൈനി ഹാഷിം റിള്‌വാന്‍ ഹാഷിം എന്നിവര്‍ വെള്ളിയാഴ്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

സഹ്‌റാന്‍ ഹാഷിമിന്റെ പിതാവും സഹോദരങ്ങളും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

സഹ്‌റാന്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവായ നിയാസ് ഷെരീഫിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 15 പേരാണ് ശ്രീലങ്കയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്. ഏറ്റുമുട്ടലിനിടെ ആറ് കുട്ടികളുള്‍പ്പെടെ സിവിലിയന്‍സും കൊല്ലപ്പെട്ടിരുന്നു.

റെയ്ഡിനിടെ മൂന്നു തീവ്രവാദികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐ.എസ് അവകാശപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അമാഖ് ന്യൂസ് ഏജന്‍സിയാണ് അവകാശവാദമുന്നയിച്ചത്. ഓട്ടോമാറ്റിക് തോക്കുകളുപയോഗിച്ച് നടത്തിയ ഏറ്റുമുട്ടലിന് ശേഷം സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച ബെല്‍റ്റ് ബോംബ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്നാണ് ഐ.എസ് പറഞ്ഞത്.

ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് തമിഴ് അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പാളുമടക്കം 106 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പാണ് ഇവരെ ചോദ്യം ചെയ്യുന്നത്.