| Wednesday, 13th September 2017, 8:18 pm

'ഒരിക്കല്‍ പോലും കൊല്ലപ്പെടുമെന്ന ഭയം തോന്നിയിരുന്നില്ല'; ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് യെമനിലെ ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. അതേസമയം, ഒരിക്കല്‍ പോലും കൊല്ലപ്പെടുമെന്ന ഭയം തനിക്ക് ഉണ്ടായിരുന്നില്ലെന്നും സെലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ശാരീരികാവസ്ഥ മോശമായതിനാല്‍ പ്രമേഹത്തിനുള്ള മരുന്ന് തനിക്ക് നല്‍കിയിരുന്നുവെന്നും തട്ടിക്കൊണ്ട് പോയവര്‍ ഇംഗ്ലീഷും അറബിയുമാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ കഴിഞ്ഞ ദിവസം രാവിലെയാണ് മോചിപ്പിച്ചത്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം.

ഐ.എസ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. വൈദികനുമായി സംസാരിച്ച വിവരം സുഷമ സ്വരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.


Also Read:  ‘ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ’; താരം സംഘപുത്രിയാണെന്ന അവകാശവാദവുമായി സംഘപരിവാറിന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍


ഇന്നലെയായിരുന്നു യെമനില്‍ ഐ.എസ് ഭീകരരുടെ തടവിലായിരുന്ന ടോം ഉഴുന്നാലില്‍ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിതനായത്. മസ്‌ക്കറ്റിലെത്തിയ ഇദ്ദേഹം ഇന്നലെ തന്നെ റോമിലും എത്തിച്ചേര്‍ന്നിരുന്നു.

സലേഷ്യന്‍ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2016 മാര്‍ച്ച് നാലിനാണു ഐ.എസ് ഭീകരര്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനുശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാന്‍ മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു.

We use cookies to give you the best possible experience. Learn more