തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ വിധി വന്നതിന് പിന്നാലെ താന്‍ നിരപരാധിയെന്ന് ഫാദര്‍ തോമസ് കോട്ടൂര്‍. കേസിന്റെ വിധി പ്രസ്താവത്തിന് ശേഷം ജയിലിലേക്ക് പോകുന്ന വഴിയാണ് തോമസ് കോട്ടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
താന്‍ ഈ വിധി പ്രതീക്ഷിച്ചതല്ലെന്നും നിരപരാധിയാണെന്നുമായിരുന്നു തോമസ് കോട്ടൂര്‍ പ്രതികരിച്ചത്. മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയില്ലെന്നും തോമസ് കോട്ടൂര്‍ പറഞ്ഞു.
ദൈവമാണ് തന്റെ കാവല്‍ക്കാരനാണ് ദൈവം തനിക്കൊപ്പമുണ്ട്. ദൈവത്തിന്റെ പദ്ധതിയെന്താണോ അതുപോലെയായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ വിധി പറഞ്ഞിതിന് പിന്നലെ പ്രതികളിലൊരാളായ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞിരുന്നു. അതേസമയം കോടതി വിധി കേട്ട ശേഷവും ഫാ.തോമസ് കോട്ടൂരിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
നീതി പൂര്‍വമായ അന്വേഷണം നടന്നെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച വര്‍ഗീസ് പി. തോമസ് പറഞ്ഞത്. സത്യത്തിന്റെ വിജയമാണ് ഇതെന്നും വിധി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെഫിക്കെതിരെ കൊലക്കുറ്റം തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. കോട്ടൂരിനെതിരെ അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന കൊലക്കുറ്റം എന്നീ വകുപ്പുകളും തെളിഞ്ഞിരുന്നു.
അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.
പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക