| Thursday, 9th March 2017, 8:45 am

കൊട്ടിയൂര്‍ പീഡനം: ഫാദര്‍ തോമസ് തേരകത്തേയും സിസ്റ്റര്‍ ബെറ്റിയേയും ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകത്തേയും സിസ്റ്റര്‍ ബെറ്റി ജോസിനേയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കവെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത വരുന്നത്. ഇരുവരേയും പ്രതി ചേര്‍ത്ത പുതുക്കിയ റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

പീഡനത്തെ കുറിച്ച് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതെ ഇരുന്നതിനാണ് ഫാ.തേരകത്തിനെതിരെ നടപടി. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിഞ്ഞിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ കേസ് മറച്ചു വെക്കാന്‍ ശ്രമിച്ചതും ഫാ.തേരകത്തിന് തിരിച്ചടിയായി. ഇതിന് കൂട്ടു നിന്നുവെന്നാണ് സിസ്റ്റര്‍ ബെറ്റിയ്‌ക്കെതിരെയുള്ള കേസ്.

നേരത്തെ, സംഭവത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായം തെറ്റായി രേഖപ്പെടുത്തി സമിതി ഒത്തുകളിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു.


Also Read: നൂറ്റാണ്ടിന്റെ വിജയം; വാങ്ങിയതെല്ലാം തിരിച്ചു നല്‍കി ന്യൂകാമ്പില്‍ ബാഴ്‌സയുടെ ചരിത്ര വിജയം


നേരത്തെ വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രവും ശിശുക്ഷേമ സമിതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നവജാത ശിശുവിനെ ദത്തെടുത്ത കാര്യം ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അവര്‍ വിശദീകരണം ഒന്നും ചോദിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സി.ഡബ്ല്യു.സിക്കാണ് പിഴവ് സംഭവിച്ചതെന്നും ദത്തെടുക്കല്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശിശുക്ഷേമ സമിതി ശ്രമിച്ചതെന്നും ദത്തെടുക്കല്‍ കേന്ദ്രം അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more