| Saturday, 16th November 2024, 12:21 pm

ക്രിസ്ത്യന്‍ വീടുകളില്‍ കയറി വര്‍ഗീയപ്രചാരണം നടത്തിയവരാണ് ഫാ. സ്റ്റാന്‍സ്വാമിയെ ജയിലിലിട്ട്‌ പീഡിപ്പിച്ച് കൊന്നത്: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ആദിവാസി മേഖലകളില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഫാ. സ്റ്റാന്‍സ്വാമിയെ ബി.ജെ.പി ജയിലില്‍വെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച്‌ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥിലാണ് അദ്ദേഹം മരിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പാലക്കാട് നടന്ന പത്രസമ്മേളനത്തിലാണ് വി.ഡി. സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചേലക്കര ഉപതെരഞ്ഞടുപ്പ് നടക്കുന്നതിന് മുമ്പായി ബി.ജെ.പി വ്യാപകമായി വര്‍ഗീയ പ്രചാരണം നടത്തിയിരുന്നതായും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചേലക്കരയിലെ അവസാനനിമിഷങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി ബി.ജെ.പി മുനമ്പം വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

ഈ വിഷയത്തില്‍ തങ്ങള്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ലെന്നും ബി.ജെ.പിയെ വര്‍ഗീയ പ്രചാരണത്തില്‍ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് വിഷയത്തില്‍ സുരേഷ് ഗോപിയും കെ.ഗോപാലകൃഷ്ണനുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശബരിമലയെ കരുവാക്കി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയൊന്നും എടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ്‌ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സന്ദീപ് വാര്യര്‍ ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വരുന്ന കാര്യം വ്യക്തമാക്കിയത്.

സന്ദീപ് വാര്യരും ബി.ജെ.പിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് സന്ദീപ് വാര്യര്‍ സി.പി.ഐ.എമ്മിലേക്ക് പോവുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ഥിരീകരണം.

സന്ദീപ് വാര്യരെ നെഞ്ചോട് ചേര്‍ത്ത് സ്വാഗതം ചെയ്യുന്നുവെന്ന് കെ. സുധാകരനും ഐക്യജനാധിപത്യ മുന്നണിക്കുവേണ്ടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. സന്ദീപ് വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Father Stan Swamy was tortured and killed in jail by people who spread communal propaganda by entering Christian homes: V.D. Satheesan

We use cookies to give you the best possible experience. Learn more