ദളിത് യുവാവിനെ പ്രണയിച്ചതിന് ദുരഭിമാനക്കൊല; മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു
Vigilantism
ദളിത് യുവാവിനെ പ്രണയിച്ചതിന് ദുരഭിമാനക്കൊല; മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു
ജദീര്‍ നന്തി
Friday, 23rd March 2018, 3:19 pm

അരീക്കോട്: മകളുടെ വിവാഹത്തലേന്ന് പിതാവിന്റെ ദുരഭിമാനക്കൊല. പത്തനാപുരത്ത് പൂവത്തിക്കണ്ടിയില്‍ ആതിര(22)നെയാണ് പിതാവ് രാജന്‍ കുത്തിക്കൊന്നത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. വെള്ളിയാഴ്ച ആതിരയുടെ വിവാഹം നടക്കാനിരിക്കെ വീട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയാണ് കൊലപാതകം.

കൊയിലാണ്ടി സ്വദേശി ബ്രിജേഷ് എന്ന യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഇരുവരും വെള്ളിയാഴ്ച വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദളിത് യുവാവായ ബ്രിജേഷുമായുള്ള വിവാഹത്തില്‍ ആതിരയുടെ പിതാവ് രാജന് പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ആതിരയും പിതാവ് രാജനും

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യയായി ജോലി ചെയ്യുകയായിരുന്നു ആതിര. പഠിക്കുന്ന കാലത്താണ് കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായി പ്രണയത്തിലാവുന്നത്. പഠനം കഴിഞ്ഞ് ആതിര ജോലിയില്‍ പ്രവേശിച്ചപ്പോഴും പ്രണയം തുടര്‍ന്നു. വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും വീട്ടില്‍ കാര്യമവതരിപ്പിച്ചു. ആര്‍മിയില്‍ ജോലിയുണ്ടെങ്കിലും ദളിതനായ ബ്രിജേഷുമായുള്ള ബന്ധം ആതിരയുടെ വീട്ടില്‍ അംഗീകരിച്ചില്ല.


Read Also: ഉടുമ്പിറങ്ങി മലയിലെ ഖനനം; സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?    


ആര്‍മിയിലെ ജവാനാണ് ബ്രിജേഷ്. കല്ല്യാണത്തിന് വേണ്ടി ഒരുമാസത്തെ ലീവിലാണ് ബ്രിജേഷ് നാട്ടിലെത്തിയത്. കല്ല്യാണം തീരുമാനിച്ചതോടെ 15 ദിവസം കൂടെ അവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയിരിക്കുകയായിരുന്നു. ഇരുപതാം വയസില്‍ അമ്മ മരിച്ചതിന് ശേഷം അമ്മാവന്റെ കൂടെയാണ് ബ്രിജേഷ് താമസം. അച്ഛന്‍ നേരത്തേ തന്നെ മരിച്ചിരുന്നു. സ്വന്തമായി ഒരു വീടിന് തറക്കല്ലിട്ടെങ്കിലും അമ്മയുടെ മരണത്തോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. അമ്മാവന്റെ വീട്ടില്‍ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിരുന്നു.

ആതിര

 

കടുത്ത എതിര്‍പ്പാണ് തുടക്കം മുതല്‍ രാജന്‍ ഉയര്‍ത്തിയത്. ജാതിയാണ് പ്രധാന കാരണം. ബന്ധുക്കള്‍ മിക്കവരും സമ്മതിച്ചപ്പോഴും രാജന്‍ എതിര്‍പ്പ് തുടര്‍ന്നു. പിതാവ് രാജന്റെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ ആതിരയും ബ്രിജേഷും രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ മാര്യേജിന് ശേഷം ആതിര ഹോസ്റ്റലിലേക്ക് മാറി താമസിച്ചപ്പോഴും രാജന്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്തുക എന്ന തീരുമാനത്തിലെത്തിയത്. പൂര്‍ണ മനസോടെയല്ലെങ്കിലും രാജന്‍ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.


Read Also: വികസനത്തിന് സുരേഷിന്റെയും ജാനകിയുടെയും വയല്‍ വേണമെങ്കില്‍ അവരെ അത് ബോധ്യപ്പെടുത്തണം സര്‍ക്കാരേ


“ആതിര ബ്രിജേഷുമായി ഒരിക്കല്‍ വിവാഹം കഴിഞ്ഞതാണ്. ചടങ്ങനുസരിച്ച് കല്ല്യാണം നടത്തിക്കൊടുക്കാമെന്ന് കുടുംബക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് അവള്‍ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് കല്ല്യാണ ഒരുക്കങ്ങള്‍ പൂര്‍ണമാവുന്നതിനിടെയാണ് മദ്യപിച്ചെത്തിയ പിതാവ് പെണ്‍കുട്ടിയുമായി തര്‍ക്കമുണ്ടാക്കുകയും അവളെ കുത്തുകയും ചെയ്തത്.” -അരീക്കോട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊലീസിന്റെ മധ്യസ്ഥതയില്‍ ആതിര സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ആതിര ഭയന്നിരുന്നതായി ബ്രിജേഷ് പറഞ്ഞു. അവളെ വധിക്കുമെന്ന് രാജന്‍ പലപ്പോഴായി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.


Read Also: എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിന് അനധികൃത പ്രവേശനമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി; നിയമലംഘനം ചൂണ്ടിക്കാട്ടിയതിന് വധഭീഷണിയെന്നും ആരോപണം


വെള്ളിയാഴ്ച കല്ല്യാണം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പൊലീസാണ് വിവാഹ തീയതി നിശ്ചയിച്ചത്. വ്യാഴാഴ്ച തന്നെ ബന്ധുക്കള്‍ ആതിരയുടെ വീട്ടില്‍ എത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് രാവിലെ മുതല്‍ രാജന്‍ മദ്യ ലഹരിയിലായിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയ രാജന്‍ മകളുമായി വാക്ക്തര്‍ക്കം തുടങ്ങി. വഴക്ക് കടുത്തതോടെ ആതിര അയല്‍ വീട്ടില്‍ അഭയം പ്രാപിച്ചു. എന്നാല്‍ മദ്യലഹരിയിലും കടുത്ത ദേഷ്യത്തിലുമായിരുന്ന രാജന്‍ കത്തിയുമായി അയല്‍ വീട്ടില്‍ ചെന്ന് ആതിരയെ കുത്തുകയായിരുന്നു. വീട്ടമ്മയും രണ്ട് മക്കളും മാത്രമേ ആ സമയത്ത് അയല്‍വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളെയും അയല്‍ക്കാരെയും രാജന്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ആതിരയെ മുക്കം കെ.എം.സി.ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാജനെ പിന്നീട് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ആതിരയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് വെള്ളിയാഴ്ച സംസ്‌കരിച്ചു.

താഴ്ന്ന ജാതിയില്‍ പെട്ട യുവാവുമായുള്ള പ്രണയമാണ് ഈ ദുരഭിമാനകൊലപാതകത്തിന് കാരണമെന്ന് പൊലീസും പറയുന്നു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ നിര്‍വ്വചന പ്രകാരം ദുരഭിമാന കൊലയെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
കുടുംബത്തിനു മാനഹാനി വരുത്തി എന്ന കാരണത്താല്‍ കുടുംബത്തിലെ ആണ്‍ അംഗങ്ങള്‍ പെണ്‍ അംഗങ്ങള്‍ക്കു നേരെ നടത്തുന്ന പ്രതികാര നടപടികള്‍, പൊതുവേ കൊലപാതകം,ആണ് ദുരഭിമാനക്കൊല. തീരുമാനിച്ച വിവാഹത്തിന് തയാറാവാതിരിക്കല്‍,ലൈംഗിക അതിക്രമത്തിന്റെ ഇരയാകല്‍, വിവാഹമോചനത്തിനു ശ്രമിക്കല്‍ -അതിക്രമകാരിയായ ഭര്‍ത്താവാണെങ്കിലും, അല്ലെങ്കില്‍ ചാരിത്ര്യം ചോദ്യംചെയ്യപ്പെടുക തുടങ്ങി പലകാരണങ്ങളാലും ഒരു സ്ത്രീ ഇതിനിരയാവാം. കുടുംബത്തിനു “മാനഹാനിക്കു കാരണമാവുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന കേവല വിവരം മതി അവളുടെ ജീവനു ഭീഷണിയുണ്ടാവാന്‍.