| Tuesday, 22nd September 2020, 5:34 pm

പൗരോഹിത്യ ഭരണത്തിനെതിരെ നിരാഹാരവുമായി വൈദികന്‍, ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

രോഷ്‌നി രാജന്‍.എ

കഴിഞ്ഞ ഒരു മാസത്തിലധികമായി കേരളത്തില്‍ ഒരു വൈദികന്‍ നിരഹാരസമരത്തിലാണ്. രാഷ്ട്രീയകേരളം ഇതുവരെ ഈ സമരത്തെക്കുറിച്ചറിഞ്ഞിട്ടില്ല. കൃസ്ത്യന്‍ സഭകളിലെ പൗരോഹിത്യ ഭരണം അവസാനിപ്പിക്കണമെന്നും ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മുപ്പത് ദിവസത്തിലേറെയായി നിരാഹാര സമരത്തിലാണ് യാക്കോബായ സഭയിലെ പുരോഹിതന്‍ ബര്‍ യുഹാനോന്‍ റമ്പാന്‍. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഫാ. റമ്പാന്റെ നിരാഹാരസമരം ഇനിയും കണ്ടില്ലെന്ന് നടിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍.

സഭയുടെ സ്വത്തുവകകളില്‍ മെത്രാന്‍മാര്‍ക്ക് അവകാശവും അധികാരവും നല്‍കുന്ന ഇന്നത്തെ സ്ഥിതിക്കു പകരം സാധാരണ വിശ്വാസികളുടെ അധികാരം നടപ്പാക്കാന്‍ വേണ്ട നിയമനിര്‍മാണം നടത്തണമെന്നാണ് ഫാ. റമ്പാനും സമരത്തിന് നേതൃത്വം നല്‍കുന്ന മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷന്‍ (മക്കാബി) എന്ന സംഘടനയും ആവശ്യപ്പെടുന്നത്.

ഫാ. റമ്പാന്റെ നിരാഹാരത്തിന് പിന്തുണയര്‍പ്പിച്ചുകൊണ്ടും ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും നിരവധി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.

സഭയ്ക്കുള്ളില്‍ ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടതെന്നും മെത്രാന്‍ ഭരണത്തെ ഇല്ലാതാക്കണമെന്നുമാണ് പ്രധാനമായും മക്കാബി എന്ന സംഘടന മുന്നോട്ട് വെക്കുന്നത്. യാക്കോബായ സഭയ്ക്കെതിരേ നടക്കുന്ന നീതി നിഷേധം അവസാനിപ്പിക്കുക, പുരോഹിതരുടെ അധികാരം ഇല്ലാതാക്കി പള്ളി സ്വത്തുക്കളില്‍ വിശ്വാസികള്‍ക്ക് അധികാരമുണ്ടാവുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യം.

ഇന്ത്യയില്‍ നിലവിലുള്ള ഗുരുദ്വാരാ ആക്റ്റ്, വഖഫ് ആക്റ്റ് എന്നിവ പോലുള്ള ഒരു നിയമം ക്രിസ്ത്യന്‍ സഭയ്ക്കും വേണമെന്നും ക്രൈസ്തവ സഭയില്‍ പള്ളിത്തര്‍ക്കം പോലുള്ള പല പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇത്തരമൊരു ആക്റ്റിന്റെ അഭാവമാണെന്നുമാണ് സമരത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

കേരളത്തില്‍ ഓരോ കാലങ്ങളിലായി വലിയ ചര്‍ച്ചകളായി മാറുന്ന കന്യാസ്ത്രീ പീഡനങ്ങള്‍ക്ക് അറുതി വരുത്താനുള്ള സാധ്യതകളും ചര്‍ച്ചആക്ട് നടപ്പില്‍ വരുത്തുന്നതിലൂടെ സാധിക്കുമെന്ന് മക്കാബി സംഘടന പറയുന്നു.

മുന്‍കാലങ്ങളിലും ചര്‍ച്ച് ആക്ടിന് വേണ്ടി കൈസ്ത്രവ സംഘടനകള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതുസംബന്ധിച്ച ഒരു നിയമം 2009ല്‍ ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി എഴുതിതയ്യാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാനോ നിയമസഭയില്‍ അവതരിപ്പിക്കാനോ ഒരു സര്‍ക്കാരും ഇതുവരെയും തയ്യാറായിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നവേളയില്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച് ആക്ട് എന്ന ആവശ്യമുന്നയിച്ച് ഫാ. റമ്പാനും മക്കാബി സംഘടനാ നേതാക്കളും ഈയടുത്ത കാലത്ത് നിരവധി തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം കാണാന്‍ അനുവദിച്ചില്ലെന്ന് മക്കാബിയുടെ ജനറല്‍ സെക്രട്ടറി അഡ്വ.ബോബന്‍ വര്‍ഗീസ് പറയുന്നു.

‘അഞ്ച് തവണയോളം അപ്പോയിന്‍മെന്റ് എടുത്ത് മുഖ്യമന്ത്രിയെ കാണാന്‍ ചെന്നിട്ടും ഞങ്ങള്‍ക്കതിന് സാധിച്ചില്ല. അപ്പോയിന്‍മെന്റ് എടുക്കാതെയും പലതവണ കാണാന്‍ ശ്രമിച്ചു. മൊത്തത്തില്‍ 13 തവണയോളം മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതെ മടങ്ങിപോരേണ്ടി വന്നു ഞങ്ങള്‍ക്ക്. ജനാധിപത്യവ്യവസ്ഥക്ക് നേതൃത്വം നല്‍കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്ന് നടക്കാന്‍ പാടില്ലാത്തതാണിത്. റമ്പാന്‍ നിരാഹാരം തുടങ്ങിയിട്ട് ഇന്നേക്ക് 34 ദിവസം പിന്നിട്ടിട്ടും ഇതുവരെയും മുഖ്യമന്ത്രി ഒന്ന് തിരിഞ്ഞുനോക്കുക കൂടി ചെയ്തിട്ടില്ല’, ബോബന്‍ വര്‍ഗീസ് പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന ഒരവകാശത്തിന് വേണ്ടി പോരാടുന്ന ഒരു സത്യാഗ്രഹിയോട് ഇവിടുത്തെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത് വളരെ മോശമായ പ്രവൃത്തിയാണെന്നും സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ക്ക് പോലും ഇക്കാര്യത്തിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും ബോബന്‍ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച് ആക്ട് നടപ്പിലായാല്‍ അധികാരം നഷ്ടമാവുന്ന മെത്രാന്മാരുടെ പക്ഷത്താണ് പിണറായി സര്‍ക്കാര്‍ നില്‍ക്കുന്നതെന്നാണ് മക്കാബി സഭ ആരോപിക്കുന്നത്. കന്യാസ്ത്രീ സമരത്തില്‍ ഇടതുപക്ഷം മെത്രാന്‍മാര്‍ക്കൊപ്പമായിരുന്നെന്നും കന്യാസ്ത്രീകള്‍ മഠത്തിനകത്തെയും മതത്തിനകത്തെയും ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ പീഡകര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നുവെന്നും മക്കാബി സഭ ആരോപിക്കുന്നു.

സമരം ഇത്രയും ദിവസം പിന്നിടുമ്പോള്‍ നീതിമാനായ മനുഷ്യന്റെ ജീവന് വേണ്ടി സംസ്ഥാന ഭരണകൂടത്തിന്റെ പ്രതിനിധികളാരും തന്നെ വിഷയം ചര്‍ച്ചക്കെടുക്കുന്നില്ലെന്ന ആരോപണം തന്നെയാണ് മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ പി. അംബിക ഉന്നയിക്കുന്നത്.

നിരാഹാരമിരിക്കുന്ന ഫാ. റമ്പാന്റെ ആരോഗ്യനില മോശമായരീതിയിലാണ്. അദ്ദേഹത്തെ മൂവാറ്റുപുഴ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സെപ്റ്റംബര്‍ 13ാം തിയ്യതി അപകരമായ അടിയന്തിര ഘട്ടത്തിലൂടെയാണ് റമ്പാന്‍ കടന്നുപോയത്. അന്ന് അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകവരെ ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലും അധികാരികള്‍ എന്തുകൊണ്ടാണ് മുഖം തിരിഞ്ഞുനില്‍ക്കുന്നത്, അംബിക ചോദിക്കുന്നു.

1927 ലാണ് ഇന്ത്യന്‍ ചര്‍ച്ച് ആക്റ്റ് നിലവില്‍ വന്നത്. സ്വാതന്ത്ര്യാനന്തരം 1957 ല്‍ എസ്.സി സെതല്‍വാദ് അദ്ധ്യക്ഷനായ ലോ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സഭയുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം ഇതുവരെയും കേരളത്തില്‍ നടപ്പായിട്ടില്ല.

‘ഭാരതത്തിലെ സിക്കുകാര്‍ക്ക് ഗുരുദ്വാരാ ആക്ടുണ്ട്. മുസ്ലിങ്ങള്‍ക്ക് വഖഫ് ആക്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ സഭാ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഒരു നിയമവുമില്ല. ഈ വിവേചനം അവസാനിപ്പിക്കാന്‍ നടപടി വേണം’ മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്.

മതത്തിനകത്തെ ജനാധിപത്യവത്കരണത്തിന് വേണ്ടി, മതമേധാവികളുടെ അധികാരത്തെ വെല്ലുവിളിച്ച് ഒരു പുരോഹിതന്‍ തന്നെ നടത്തുന്ന ജീവത്സമരം കണ്ടില്ലെന്ന് നടിച്ച് ഭരണകൂടം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യബോധങ്ങളെ വെല്ലുവിളിക്കുകയാണെന്ന ആരോപണമാണ് ഇവിടെ ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.