ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കുഞ്ഞിന് കറുപ്പ് നിറമാണെന്നതായിരുന്നു കൊലപാതകത്തിനുള്ള കാരണം. സംഭവത്തില്‍ പിതാവായ മഹേഷിനെതിരെ കാരേംപുടി പൊലീസ് കേസെടുത്തു.
വിഷം ചേര്‍ത്ത പ്രസാദം നല്‍കിയായിരുന്നു മകള്‍ അക്ഷയയെ മഹേഷ് കൊലപ്പെടുത്തിയത്. ഇതിനുപുറമെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാന്‍ പങ്കാളിയായ ശ്രാവണിയെ മഹേഷ് നിര്‍ബന്ധിക്കുകയും ചെയ്തു.
കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നല്‍കിയതിനാല്‍ ശ്രാവണിയെ പ്രതി നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് എസ്.ഐ രാമാഞ്ജനേയുലു ചൂണ്ടിക്കാട്ടി. കുഞ്ഞുമായി ശ്രാവണിയെ ഇടപെഴുകിക്കാറില്ലെന്നും എസ്.ഐ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പേ കുഞ്ഞിന്റെ സംസ്‌കാരം മഹേഷിന്റെ നിര്‍ബന്ധത്തില്‍ നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം മരണത്തില്‍ സംശയം തോന്നിയ ശ്രാവണിയുടെ അമ്മ വിഷയത്തില്‍ ഇടപെടണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കളോടും പിന്നീട് ലോക്കല്‍ പൊലീസ് സ്റ്റേഷനിലും ശ്രാവണി അറിയിച്ചത്.
നിലവില്‍ ആന്ധ്രാപ്രദേശ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തുന്നതനായി കുഞ്ഞിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
മാര്‍ച്ച് 31നാണ് മൂക്കില്‍ നിന്ന് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ കുഞ്ഞിനെ ശ്രാവണി കാണുന്നത്. ഉടനെ കാരേംപുടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികൃതര്‍ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlight: Father poisons baby to death in Andhra Pradesh