| Friday, 14th January 2022, 2:02 pm

രണ്ട് വര്‍ഷം സഭയുടെ അകത്ത് ഈ പരാതി നീറിപ്പുകഞ്ഞു; അന്നത് പരിഗണിച്ചിരുന്നെങ്കില്‍ ഇരുകൂട്ടര്‍ക്കും നീതി കിട്ടിയേനെ: ഫാദര്‍ പോള്‍ തേലക്കാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ഒരു വൈദികന്‍ എന്ന നിലയ്ക്ക് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് തന്റെ കടമയാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. ആ വിധത്തില്‍ ഫ്രാങ്കോ പിതാവിനെ മോചിപ്പിച്ചിരിക്കുന്നു എന്നത് അംഗീകരിക്കേണ്ട കാര്യമാണെന്നും അത് അംഗീകരിക്കില്ല എന്ന് പറയുന്നത് ശരിയല്ലെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇരയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഈ വിധിയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇതിനകത്ത് ആരാണ് തെറ്റ് ചെയ്തത് എന്ന അന്വേഷണം പൊലീസ് നടത്തിയതാണെന്നും പ്രോസിക്യൂഷന്‍ ഈ കേസ് വാദിച്ചതാണെന്നും എന്നിട്ടും ഈ വിധി ഉണ്ടായെങ്കില്‍ ആ വിധിയെ അംഗീകരിക്കാനുള്ള സന്മനസ് നമ്മള്‍ കാണിക്കണമെന്നുമായിരുന്നു പോള്‍ തേലക്കാട്ടിന്റെ മറുപടി.

വിധിയില്‍ പരാതികള്‍ ഉള്ളവര്‍ അപ്പീലിന് മുന്നോട്ട് പോവുകയാണ് വേണ്ടത്. അതാണ് ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ നമുക്ക് സ്വീകരിക്കാവുന്ന മാര്‍ഗമെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ സഭ ഇക്കാര്യത്തില്‍ ഇടപെടേണ്ടതായിരുന്നു. കന്യാസ്ത്രീകള്‍ സ്ഥലത്തെ മെത്രാന്റെ മുന്‍പിലും സഭാധ്യക്ഷന്റെ മുന്‍പിലും പരാതി പറഞ്ഞതാണ്. ആ പരാതികള്‍ ഗൗരവമായി എടുക്കാനും അതില്‍ തീരുമാനം ഉണ്ടാക്കാനുമുള്ള മാര്‍ഗങ്ങളും സംവിധാനവും സഭയ്ക്ക് തന്നെ ഉണ്ട്. അത് ചെയ്തിരുന്നെങ്കില്‍ ഇത്രമാത്രം വിനാശകരമായ കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

കന്യാസ്ത്രീകള്‍ക്കും മെത്രാപൊലീത്തയ്ക്കും സ്വീകാര്യമായ ഒരു ഒത്തുതീര്‍പ്പിലേക്കും നീതിന്യായ വ്യവസ്ഥയിലെ സമന്വയത്തിലേക്കും എത്തിച്ചേരാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. അത് ചെയ്തില്ല എന്ന കുറ്റകരമായ അനാസ്ഥയാണ് സഭ കാണിച്ചതെന്ന് പറയാതിരിക്കാനാവില്ല.

ഇവിടെ വിവേകമതികളായ കന്യാസ്ത്രീകളുണ്ട്, വൈദികരുണ്ട്, അല്‍മായരുണ്ട്, ജഡ്ജിമാരുണ്ട് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണം എന്ന് നിശ്ചയിക്കാന്‍ അവരെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദു:ഖകരമായ സാഹചര്യം ഒഴിവാക്കാമായിരുന്നു.

കോടതിയിലേക്ക് പോകുമ്പോള്‍ ഒരാള്‍ പരാജയപ്പെടുകയും മറ്റൊരാള്‍ വിജയിക്കുകയും ചെയ്യും. സഭയില്‍ ആകുമ്പോള്‍ രണ്ട് കൂട്ടര്‍ക്കും നീതി കിട്ടേണ്ട രീതിയില്‍ സംവിധാനം ഉണ്ടാകുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

രണ്ട് വര്‍ഷം സഭയുടെ അകത്ത് ഈ പരാതി നീറിപ്പുകഞ്ഞ് കഴിഞ്ഞു. മെത്രാന്‍മാരും വൈദികരും ഉണ്ടായിരുന്ന സഭയില്‍ അത് പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഏറെ വേദനിപ്പിച്ച കാര്യമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more