| Saturday, 2nd September 2017, 11:59 am

'എന്തു തെറ്റാണ് എന്റെ മകള്‍ ചെയ്തത്? ആര് ഉത്തരം പറയും?' ചോദ്യങ്ങളുമായി അനിതയുടെ അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എന്തു തെറ്റാണ് തന്റെ മകള്‍ ചെയ്തതെന്ന ചോദ്യവുമായി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് സമരനായിക അനിതയുടെ പിതാവ്. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അനിതനീറ്റ് പരീക്ഷയെഴുതിയതെന്നും അദ്ദേഹം പറയുന്നു.

“ഏറെ ബുദ്ധിമുട്ടിയാണ് അനിത നീറ്റ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചത്. നീറ്റിനെക്കുറിച്ച് അവള്‍ ആശങ്കയിലായിരുന്നു. എന്തു തെറ്റാണ് അവള്‍ ചെയ്തത്, ആര് ഉത്തരം പറയും?” അദ്ദേഹം ചോദിക്കുന്നു.

പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്കുണ്ടായിരുന്നിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്താണ് അനിത കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ നീറ്റ് നടപ്പിലാക്കുന്നതിനെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നീറ്റ് നടപ്പാക്കുന്നത് സി.ബി.എസ്.ഇ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രാമുഖ്യം ലഭിക്കാനിടയാക്കുമെന്നും ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്കുവാങ്ങിയ തന്നെപ്പോലുള്ളവര്‍ പിന്തള്ളപ്പെടാന്‍ ഇടയാകുമെന്നും കാട്ടിയാണ് അനിത കോടതിയെ സമീപിച്ചത്.


Must Read: അനിതയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു; ബി.ജെ.പി ഓഫീസുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തി; കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കി


നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാറും അറിയിച്ചിരുന്നു. എന്നാല്‍ നീറ്റ് യോഗ്യത ആധാരമാക്കി തന്നെ മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ആഗസ്റ്റ് 22ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. നീറ്റ് പരീക്ഷയില്‍ 700ല്‍ 86 മാര്‍ക്കാണ് അനിതയ്ക്കു ലഭിച്ചത്.

ഇതോടെ മെഡിക്കല്‍ പ്രവേശനം എന്ന അനിതയുടെ സ്വപ്‌നം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. ഇതില്‍മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more