ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ഇവരെ നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കര്‍ മുസാഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നും പത്ത് വയസുകാരന്‍ പൊലീസില്‍ മൊഴി നല്‍കി.
സംഭവത്തില്‍ നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ. നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിന്റെ സംഘാടകനായിരുന്ന നവാസ്, അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.
മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികള്‍ പ്രകടനത്തില്‍ പാലിക്കേണ്ട വ്യവസ്ഥകളില്‍ വ്യക്തമാക്കിയിരുന്നു.
മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാറിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലി നടത്തിയത്. റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഒരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ആലപ്പുഴ പൊലീസ് കേസെടുത്തത്.