| Wednesday, 30th July 2014, 12:57 pm

ഫുട്ബോള്‍ താരം കാര്‍ലോസ് തെവിസിന്റ പിതാവിനെ തട്ടിക്കൊണ്ടുപോയി; 8 മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ജുവെന്റസ് ഫുട്ബോള്‍ താരം കാര്‍ലോസ് തെവിസിന്റെ പിതാവിനെ ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി. എട്ടു മണിക്കൂറുകള്‍ ബന്ദിയാക്കിവെച്ച ശേഷം അദ്ദേഹത്തെ അവര്‍ വിട്ടയച്ചു.

കാര്‍ലോസ് തെവിസിന്റെ അച്ഛന്‍ ജുവാന്‍ ആല്‍ബെര്‍ടോ കബ്രാളിനെ ഇന്നലെ വൈകുന്നേരം ഏതാനും അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അര്‍ജന്റീനയുടെ തലസ്ഥാന നഗരിയായ ബ്യൂനോസ് എയര്‍സില്‍ വെച്ചാണ് സംഭവം നടന്നത്. പണത്തിനു വേണ്ടി മാത്രമാണ് കബ്രാളിനെ തട്ടിക്കൊണ്ടുപോയതെന്ന് തെവിസിന്റെ അഭിഭാഷകന്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.

[]തന്റെ വോക്‌സ് വാഗനില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. മൂന്ന് പേരായിരുന്നു അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. അക്രമികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

നാല് ലക്ഷം പെസോ (48,831 ഡോളര്‍) മോചന ദ്രവ്യമായി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അവര്‍ വിട്ടയക്കുകയായിരുന്നുവെന്ന് അര്‍ജന്റീന ടെലിവിഷന്‍ സി.5.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ഫോണിലൂടെ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നെന്ന് തെവിസിന്റെ അഭിഭാഷകന്‍ നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more