World News
ബീജദാനത്തിലൂടെ 550 പേരുടെ പിതാവ്; യുവാവിനെ വിലക്കി നെതര്‍ലാന്‍ഡ്‌സ് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 30, 04:03 am
Sunday, 30th April 2023, 9:33 am

ആംസ്റ്റര്‍ഡാം: ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവായ യുവാവിനെ വിലക്കി നെതര്‍ലാന്‍ഡ്‌സ് കോടതി. ഹേഗ് സ്വദേശിയായ ജോനാഥന്‍ ജാക്കോബ് മെയേ്ജറിനോടാണ് നെതര്‍ലാന്‍ഡ്‌സ് കോടതി ബീജം ദാനം ചെയ്യരുതെന്ന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ബീജം ദാനം ചെയ്യാന്‍ ശ്രമിച്ചാല്‍ 1,00,000 യൂറോ (90,96230) പിഴ അടക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

ബീജദാനത്തിലൂടെയുണ്ടായ കുട്ടികളുടെ എണ്ണം മറച്ചുവെച്ചാണ് ജോനാഥന്‍ ബീജം ദാനം ചെയ്തതെന്ന് ജഡ്ജി തേര ഹെസെലിങ്ക് പറഞ്ഞു. ഇനി ബീജം ദാനം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

007 മുതല്‍ 13 ക്ലിനിക്കുകളിലാണ് ജോനാഥന്‍ ബീജം ദാനം ചെയ്തിരുന്നത്. ഇതില്‍ 11 എണ്ണം നെതര്‍ലാന്‍ഡ്‌സിലാണ്. നേരത്തെ തന്നെ 100ല്‍ കൂടുതല്‍ ബീജം ദാനം ചെയ്തുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സിലെ ക്ലിനിക്കുകളില്‍ നിന്ന് ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് ഇയാളെ വിലക്കിയിരുന്നു.

പക്ഷേ വിലക്ക് മറികടന്നാണ് ഉക്രൈന്‍, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ ജോനാഥന്‍ ബീജം ദാനം ചെയ്തത്. ഓണ്‍ലൈന്‍ വഴിയാണ് ഈ രാജ്യങ്ങളില്‍ ബീജം ദാനം ചെയ്തത്.

സ്ത്രീകളെ കബളിപ്പിച്ചാണ് ബീജം ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ജോനാഥന്‍ ബീജം ദാനം ചെയ്ത സ്ത്രീകളില്‍ ഒരാളും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനുമാണ് ഇദ്ദേഹത്തിനെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡച്ച് നിയമമം അനുസരിച്ച് ബീജദാത്താക്കള്‍ 25ല്‍ കൂടുതല്‍ കുട്ടികളുടെ പിതാവാകാന്‍ പാടില്ല. ഒരാളുടെ ബീജത്തില്‍ നിന്ന് നിരവധി കുട്ടികള്‍ ജനിച്ചാല്‍ ഭാവിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹം സാധ്യമാകുമെന്നതിനാലാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്.

content highlight: Father of 550 through sperm donation; The Netherlands court banned the young man