ബദൗണ്‍: ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയുടെ വയര്‍ കത്തിയുപയോഗിച്ച് കീറിയതായി റിപ്പോര്‍ട്ട്. ജനിക്കാനിരിക്കുന്നത് ആണ്‍കുട്ടിയാണോ എന്നറിയാന്‍ യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഇത് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
35 കാരിയായ യുവതിയാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. നേക്പൂര്‍ സ്വദേശിയായ പന്നലാലിന്റെ ഭാര്യയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനമേല്‍ക്കേണ്ടിവന്നത്.
ഭാര്യ ഇനി പ്രസവിക്കുന്നത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നറിയാനാണ് ഇയാള്‍ മൂര്‍ച്ചയേറിയ കത്തിയുപയോഗിച്ച് ഭാര്യയുടെ വയര്‍ കീറിയത്.
യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഏഴ് മാസം പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവായ പന്നലാലിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.
എന്നാല്‍ ഇയാള്‍ യുവതിയെ മാരകമായ രീതിയില്‍ പരിക്കേല്‍പ്പിച്ചതിന് മറ്റ് കാരണങ്ങളുണ്ടോ എന്നുകൂടി അന്വേഷിക്കുമെന്നും സിറ്റി പൊലീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക