ഇടുക്കി: തൊടുപുഴയില്‍ മകനെയടക്കം കുടുംബത്തിലെ നാലുപേരെ തീവെച്ച് കൊന്ന് പിതാവ്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റാ, അസ്‌ന എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കവെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. തീ കത്തുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
കൃത്യമായ ആസൂത്രണത്തോടുകൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.
വീട്ടില്‍ പിതാവ് തീവെച്ചെന്നും രക്ഷിക്കണമെന്നും ഫൈസല്‍ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായും എന്നാല്‍ രക്ഷപ്പെടുത്താനാകാത്ത വിധം തീപടര്‍ന്നിരുന്നെന്നും അയല്‍വാസിയായ രാഹുല്‍ പറഞ്ഞു.
Content Highlights: Father killed his son and family