കോഴിക്കോട്: വ്യക്തിനിയമങ്ങളെ ഇല്ലാതാക്കുകയെന്നാല്‍ ആ മതങ്ങളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് അര്‍ത്ഥമാക്കുന്നതെന്ന് താമരശ്ശേരി രൂപത പ്രതിനിധി ഫാ. ജോസഫ് കളരിക്കല്‍. വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാരാണ് ഏക സിവില്‍ കോഡിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ സി.പി.ഐ.എം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്തതയുടെ സമ്പന്നതയിലേക്കുള്ള കടന്നുകയറ്റമായാണ് ക്രിസ്തീയ സമുദായങ്ങള്‍ ഏക സിവില്‍ കോഡിനെ കാണുന്നതെന്നും താമരശ്ശേരി രൂപത പ്രതിനിധി പറഞ്ഞു.
‘വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാരാണ് ഏക സിവില്‍ കോഡിലൂടെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മതത്തിന്റെയും അടിസ്ഥാന തത്വങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യങ്ങളുടെയും അന്തസത്തയില്‍ നിന്നും ഉരുത്തിരിയുന്നതാണ് ഓരോ മതത്തിന്റെയും വ്യക്തിനിയമം.
വ്യക്തിനിയമങ്ങളെ ഇല്ലാതാക്കുകയെന്നാല്‍ ആ മതങ്ങളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് അര്‍ത്ഥം. 2023 ജൂണ്‍ 14ന് ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസ് നമ്മെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.
വ്യത്യസ്ത മതങ്ങളിലായിരിക്കുമ്പോഴും പരസ്പര ബഹുമാനത്തോടും ഐക്യത്തോടും കൂടിയായിരിക്കുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ നിയമം. വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ഭാരതത്തിന്റെ സ്വതന്ത്ര പൗരന്മാരാണെന്ന് അഭിമാനിക്കുന്നവരാണ് നമ്മളെല്ലാം.
ഏത് മതത്തിലും വിശ്വസിക്കാന്‍ നമ്മെ അനുവദിക്കുന്നതോടൊപ്പം മതസാഹചര്യങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന വ്യക്തി നിയമങ്ങളെ പിന്തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു. വ്യക്തി നിയമങ്ങള്‍ക്കനുസൃതമായി വിവാഹം, തങ്ങളുടെ പിന്തുടര്‍ച്ച, വിവാഹമോചനം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ സ്വാതന്ത്ര്യം അര്‍ഥപൂര്‍ണമായി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നുണ്ട്,’ ഫാ. ജോസഫ് കളരിക്കല്‍ പറഞ്ഞു.
കേവലം ചില ചോദ്യോത്തരങ്ങള്‍ കൊണ്ട് ആശയരൂപീകരണം സാധ്യമാകുമെന്ന് ഭരണാധികാരികള്‍ വിശ്വസിക്കുന്നത് മൗഢ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വ്യക്തി നിയമങ്ങളുടെ നടത്തിപ്പില്‍ വനിതകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ് യൂണിഫോം സിവില്‍ കോഡ് എന്ന അവകാശവാദം സത്യമാണെങ്കില്‍, ആദ്യം ഭരണാധിപന്മാര്‍ ചെയ്യേണ്ടത് ഇത്തരം വ്യക്തിനിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കുക എന്നതാണ്.
സ്ത്രീ-പുരുഷ സമത്വം നടപ്പിലാക്കാനുള്ള നടപടികള്‍ നമ്മള്‍ വളരെ നന്നായി തന്നെ സ്വാഗതം ചെയ്യേണ്ടതാണ്. നിയമങ്ങളുടെ സുതാര്യമായ നിര്‍വഹണമാണ് ഏക സിവില്‍ കോഡിലൂടെ ലക്ഷ്യം വെക്കുന്നതെങ്കില്‍ അത്തരം വ്യക്തിനിയമങ്ങളെ തിരുത്താനും പൊളിച്ചെഴുതാനുമുള്ള ആര്‍ജവം കാണിക്കാന്‍ കഴിയണം. അല്ലാതെ എല്ലാത്തിനെയും അവഗണിക്കുകയെന്നത് ശരിയായ രീതിയല്ല.
പാര്‍ലമെന്റില്‍ വ്യക്തവും സുചിന്തിതവുമായ കൂടിയാലോചനകള്‍ ആവശ്യമാണ്. കരട് രൂപരേഖ ജനങ്ങളുടെ ചര്‍ച്ചക്കായും പഠനത്തിനായി സമര്‍പ്പിച്ച് അഭിപ്രായ രൂപീകരണം നടത്തി വേണം, വിവിധ ജനവിഭാഗങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളില്‍ വ്യക്തത വരുത്താന്‍.
വ്യക്തിനിയമങ്ങളിലെ അപാകതകള്‍ പരിഹരിക്കപ്പെടണം. അതിന് എല്ലാ മതവിഭാഗങ്ങളും സഹകരിക്കേണ്ടതാണ്. വ്യക്തിനിയമങ്ങളെ നശിപ്പിക്കാതെ തന്നെ അതിലെ അപാകതകള്‍ നമുക്ക് പരിഹരിക്കാനാകും,’ ഫാ. ജോസഫ് കളരിക്കല്‍ പറഞ്ഞു.