കൊച്ചി: വിശ്വാസികളെ ചിന്തിപ്പിക്കുന്ന സംസാരവുമായി ഫാദര്‍ ജെയിംസ് പനവേലില്‍ വീണ്ടും. തന്റെ സുവിശേഷപ്രസംഗത്തിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ലൂസിഫര്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഒരു സംഭാഷണത്തെ ഉദ്ധരിച്ചായിരുന്നു ഫാദറിന്റെ സുവിശേഷ പ്രസംഗം. ”കര്‍ഷകനല്ലേ മാഡം, ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാണ്”എന്ന മോഹന്‍ലാലിന്റെ സംഭാഷണമാണ് വിശ്വാസികള്‍ക്കിടയിലെ അക്രമസ്വഭാവത്തെക്കുറിച്ച് പറയാന്‍ ഫാദര്‍ ഉപയോഗിച്ചത്.
”പലപ്പോഴും ഈ കളയെന്ന വ്യാജേന നമ്മുടെയുള്ളില്‍ കയറുന്നത്, കള പോലെ കുത്തിപ്പടരുന്നത് പലപ്പോഴും നമ്മുടെയുള്ളിലുള്ള തീവ്രവാദപരമായ മനോഭാവങ്ങളാണ്,” പനവേല്‍ പറഞ്ഞു. ഇന്ന് കളപറിക്കലുകള്‍ പ്രധാനമായും നടക്കുന്നത് സൈബര്‍ ഇടങ്ങളിലാണെന്നും ഇരുളിന്റെ മറവില്‍ മുഖമില്ലാത്തവരാണ് അവിടെ കള വിതക്കുന്നതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘എല്ലാ വ്യത്യസ്തതകളേയും ഉള്‍ക്കൊള്ളാനുള്ള ഒരു വലിയ മനസുള്ള ദൈവം ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്ന നമുക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തിനെ, മനുഷ്യരെ, കുറച്ച് ചിന്തകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്? ‘ ഫാദര്‍ ചോദിക്കുന്നു.
നമ്മുടെ ചുറ്റും നില്‍ക്കുന്ന, എതിരഭിപ്രായമുള്ളവരെ, ഒത്തുപോകാന്‍ പറ്റാത്തവരെ ഇല്ലായ്മ ചെയ്യണമെന്ന ചിന്ത നമുക്കുണ്ടെങ്കില്‍ അത് ക്രിസ്തുവിന്റെ സുവിശേഷമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിറത്തിന്റെ മതത്തിന്റെ ജാതിയുടെ വര്‍ഗത്തിന്റെയൊക്കെ പേരില്‍ അവന്‍ കള, ഇത് വിള എന്ന് പറഞ്ഞ് നമ്മള്‍ ചാപ്പ കുത്തുന്നുണ്ടെങ്കില്‍ ഉറപ്പായിട്ടും അത് ക്രിസ്തുവിന്റെ സുവിശേഷമല്ല എന്നാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്,’ ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
പാല ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായി നില്‍ക്കുന്നതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഫാദര്‍ ജെയിംസ് പനവേലിലിന്റെ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. നേരത്തേ ‘ഈശോ’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും സിനിമയെ പിന്തുണച്ചും വിവാദത്തെ തള്ളിപ്പറഞ്ഞും അദ്ദേഹം പ്രസംഗിച്ചിരുന്നു.