| Wednesday, 4th July 2018, 10:55 pm

കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബലാത്സംഗം: ഫാ.ജെയ്‌സ് കെ.ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഫാ.ജെയ്‌സ് കെ. ജോര്‍ജ്ജ് മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതിയില്‍ നാളെ സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

Bail Application no. 4573/2018, item no. 222, Court 7 B ആണ്  ജെയ്‌സിന്റെ ജാമ്യാപേക്ഷ നമ്പര്‍.അഡ്വ. സി.പി ഉദയഭാനു, അഡ്വ. രശ്മിത ആര്‍. ചന്ദ്രന്‍ എന്നിവരാണ് കോടതിയില്‍ ഫാ.ജെയ്‌സിന് വേണ്ടി ഹാജരാവുക.

കേസിലെ രണ്ടാം പ്രതിയായിരുന്ന ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ.എബ്രഹാം വര്‍ഗ്ഗീസ് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ പ്രതികളായ വൈദികര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ബാക്കി രണ്ടുപേരും ഉടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് കേസിലെ പ്രതികള്‍. ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്.

ഇതനുസരിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2009 ല്‍ ഫാ. ജോബ് മാത്യുവിന് മുമ്പിലാണ് യുവതി കുമ്പസാരം നടത്തിയിരുന്നത്. എന്നാല്‍ കുമ്പസാര രഹസ്യം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു.

തുടര്‍ന്ന് ഇക്കാര്യം ജോബ് മാത്യു മറ്റ് വൈദികരോട് പങ്കുവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരും കുമ്പസാര രഹസ്യവും, ഫാ. ജോബുമായുള്ള ലൈംഗിക ബന്ധവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാ. ജോബ് മാത്യുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. അതേസമയം യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടപ്പോള്‍ അഞ്ച് വൈദികരുടെ പേരുകളാണ് ഉന്നയിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more