ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭാര്യയുടെ പ്രസവ ചെലവുകൾ വഹിക്കാൻ പണമില്ലാത്തതിനാൽ ഗത്യന്തരമില്ലാതെ മൂന്ന് വസസുകാരനെ പണം വാങ്ങി ദത്ത് നൽകാൻ തയാറായി പിതാവ്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. കുശിനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ഇദ്ദേഹത്തിന്റെ ഭാര്യയെയും നവജാതശിശുവിനെയും പണം നൽകാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ തടഞ്ഞ് വെച്ചിരുന്നു. തുടർന്നാണ് മകനെ പണം വാങ്ങി ദത്ത് നൽകാൻ പിതാവ് നിർബന്ധിതമായത്.
സംഭവം വലിയ വിമർശങ്ങൾക്ക് കാരണമായി. തുടർന്ന് കുട്ടിയെ കൊണ്ടുപോയ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബർവ പാട്ടി സ്വദേശിയായ ഹരീഷ് പട്ടേൽ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിൽ വൈദ്യസഹായം തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസക്കൂലിക്കാരനായ പട്ടേലിൻ്റെ ആറാമത്തെ കുട്ടിയാണിത്.
എന്നാൽ ആശുപത്രി ഫീസ് അടയ്‌ക്കാൻ കഴിയാതെ വന്നതോടെ അമ്മയെയും നവജാതശിശുവിനെയും ആശുപത്രി ജീവനക്കാർ തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്ന് ഭാര്യയെ മോചിപ്പിക്കാനായി മൂന്ന് വയസ്സുള്ള മകനെ ആശുപത്രി ചെലവിനുള്ള തുക വാങ്ങി മറ്റൊരു ദമ്പതികൾക്ക് ദത്ത് നൽകാൻ പിതാവ് തീരുമാനിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരില് ഇടനിലക്കാരൻ അമ്രേഷ് യാദവ്, ദത്തെടുത്ത മാതാപിതാക്കളായ ഭോല യാദവ്, ഭാര്യ കലാവതി, വ്യാജ ഡോക്ടർ, താര കുശ്വാഹ, ഒരു സഹായി എന്നിവരും ഉൾപ്പെടുന്നു.
ഒപ്പം കേസിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഒരു പൊലീസ് കോൺസ്റ്റബിളിന് സ്ഥലം മാറ്റവും നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
‘കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചു,’ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സമാനമായ സംഭവം ആഗസ്റ്റിലും നടന്നിട്ടുണ്ട്. അലിഗഡിലെ ഗാംഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നവജാത ശിശുവിനെ പിതാവ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് 56,000 രൂപയ്ക്ക് വിറ്റിരുന്നു.
കുഞ്ഞിൻ്റെ അമ്മ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പിതാവിനെയും പെൺകുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Father forced to ‘sell’ 3-year-old son to settle hospital dues in UP’s Kushinagar, 5 arrested