കോഴിക്കോട്: ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് യൂട്യൂബ് വഴി പുറത്തുവിട്ട വീഡിയോയിലാണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാവുമായി സംസാരിച്ചതില്‍ നിന്നും ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്നു പറഞ്ഞ് ചിലകാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് വൈദികന്‍ ഇരയെ അധിക്ഷേപിക്കുന്നത്. പെണ്‍കുട്ടിയുടെ ഐഡന്റിറ്റി പുറത്തറിയാന്‍ സഹായിക്കുന്നവിധം ഭര്‍ത്താവിന്റെ പേരുവിവരങ്ങളടക്കം പറഞ്ഞുകൊണ്ടാണ് എബ്രഹാം വര്‍ഗീസ് ഇരയെ അധിക്ഷേപിക്കുന്നത്.
എബ്രഹാം വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെ:
“ഈ പെണ്‍കുട്ടി എന്റെ കസിന്റെ മകളാണ്. ഞങ്ങള്‍ ഒരേ കുടുംബയോഗത്തില്‍പ്പെടുന്നവരാണ്. പക്ഷേ ഇത്ര സ്വഭാവദൂഷ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍ ഈ പെണ്‍കുട്ടിക്ക് ഉണ്ടെന്നത് ആ പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിച്ചതിനുശേഷമാണ് എനിക്കു മനസിലാവുന്നത്. ഈ ആരോപണം ഞാനറിഞ്ഞപ്പോള്‍ ഞാനും എന്റെ ഭാര്യയും കൂടി പെണ്‍കുട്ടിയുടെ സ്വന്തം ഭവനത്തില്‍ അവളുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ അറിഞ്ഞതായ ചില വസ്തുതകള്‍ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു.
ഒന്ന് ഈ പെണ്‍കുട്ടി തന്റെ ഭര്‍തൃവീട്ടില്‍ തന്റെ അമ്മയുടെ വഴിവിട്ട ജീവിതം കണ്ടാണ് താനിങ്ങനെ ആയതെന്ന് പറഞ്ഞതായി അറിയാന്‍ സാധിച്ചു
രണ്ട് ചെറുപ്പം മുതല്‍ മോഷണം സ്വഭാവമുള്ളതായി അറിയാന്‍ സാധിച്ചു. പെണ്‍കുട്ടിയുടെ ഡോക്യുമെന്റില്‍ ആ കുട്ടി തന്നെ ഈ വസ്തുത എഴുതിയിട്ടുണ്ട്.
മൂന്ന് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ വീട്ടില്‍ കുടുംബസമേതം പോയി മടങ്ങുമ്പോള്‍ അവിടെ നിന്നും സ്വര്‍ണാഭരണം മോഷ്ടിക്കുകയും ഏതോ ഒരു പൊലീസ് സ്റ്റേഷനില്‍വെച്ച് അത് ഒത്തുതീര്‍പ്പാക്കുകയും ചെയ്തുവെന്ന് ഈ പെണ്‍കുട്ടിയുടെ മാതാവില്‍ നിന്ന് അറിയാനായിട്ട് സാധിച്ചു.
നാല്, ഇനിയും വിവാഹം നടന്നിട്ടില്ലാത്ത സഹോദരിക്ക് യൂട്രസുമായി ബന്ധപ്പെട്ട രോഗം ഉണ്ടെന്നാണ് ഈ പെണ്‍കുട്ടി എല്ലാവരോടും പറഞ്ഞതായിട്ട് അറിയാനായിട്ട് സാധിച്ചത്.
അഞ്ച്, പെണ്‍കുട്ടിയെ അയനിക്കാട് സോഫിയ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് ഏതോ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ഫ്രബുവരിയില്‍ തന്നെ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധരാജിക്ക് വിധേയമാക്കിയതായിട്ട് അറിയാനായിട്ട് സാധിച്ചു.
ആറ്, ഒരു വിവാഹമോചനം നടക്കുന്ന പക്ഷം വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പിതൃസ്വത്തായിട്ട് ലഭിച്ചതൊന്നും മടക്കിത്തരേണ്ടതില്ല എന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഭാര്യ പിതാവില്‍ നിന്നും അഞ്ഞൂറുരൂപ പത്രത്തില്‍ എഴുതിവാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ എന്നോട് പറയുകയുണ്ടായി. ഈ പെണ്‍കുട്ടി ഒരുവര്‍ഷം മുമ്പ് എന്റെ ഭാര്യയോട് പറഞ്ഞത് ഇവള്‍ക്ക് ക്യാന്‍സറാണ്, മൂന്നാം സ്റ്റേജാണ് എന്നൊക്കെയാണ് എന്നാല്‍ ഈ വിഷയം പെണ്‍കുട്ടിയുടെ മാതാവിനോട് ഞങ്ങള്‍ തിരക്കിയപ്പോള്‍ അത് കള്ളമായിരുന്നുവെന്ന് മാത്രമല്ല മറ്റുള്ളവരില്‍ സിമ്പതി അറ്റന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് അവളിങ്ങനെയൊക്കെ പറയുന്നതെന്ന് ആ പെണ്‍കുട്ടിയുടെ മാതാവ് ഞങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.”
Also Read:എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം…
പെണ്‍കുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ചശേഷം തനിക്കെതിരെ പെണ്‍കുട്ടി പറഞ്ഞ ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഫാദര്‍ എബ്രഹാം വര്‍ഗീസ് പറയുന്നു.
തനിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കാലം മാധ്യമങ്ങളോടു പ്രതികരിക്കാഞ്ഞതെന്നു പറഞ്ഞ എബ്രഹാം വര്‍ഗീസ് തന്നോട് അടുപ്പമുള്ളവര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു പ്രതികരണത്തിന് തയ്യാറാവുന്നതെന്ന മുഖവുരയോടെയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
“സഭയുടെ അന്വേഷണ കമ്മീഷനോ സര്‍ക്കാര്‍ അന്വേഷണ വിഭാഗമോ എന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല എന്നു മാത്രമല്ല എനിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മുമ്പില്‍ എന്റെ വിശദീകരണം നല്‍കിയശേഷം മാത്രമേ മാധ്യമങ്ങളില്‍ പ്രതികരിക്കാവൂ എന്നുള്ളതുകൊണ്ടാണ്. അടുത്ത ബന്ധമുള്ള ആളുകള്‍ നിരപരാധിത്വം പൊതുസമക്ഷം പറയണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്.”
ഒളിവിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച അദ്ദേഹം എവിടെയാണ് ഇപ്പോഴുള്ളതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുകയാണെന്നും കേസുമായി സഹകരിക്കുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
എബ്രഹാം വര്‍ഗീസ് പതിനാറാം വയസില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കേസില്‍ എബ്രഹാം ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.