| Thursday, 3rd November 2016, 8:32 am

അഞ്ചു തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ട്; കോഴിക്കോട് നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  കോഴിക്കോട് മുക്ക്ത്ത് നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്. ഓമശ്ശേരി സ്വദേശി അബൂബക്കറെന്നയാളാണ് തങ്ങളുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്.

മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് അബൂബക്കറിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ അബൂബക്കര്‍ ഇടപെട്ട് വിലക്കുകയായിരുന്നു.

പള്ളിയില്‍ നിന്ന് ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍  നിര്‍ബന്ധം പിടിച്ചു. അതായത് മുലപ്പാല്‍ നല്‍കാന്‍ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും.

തനിക്ക് ഇക്കാര്യത്തില്‍ കളംതോട് സ്വദേശിയായ ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടെന്നും കുട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അബൂബക്കര്‍ പറഞ്ഞു.

ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ വഴങ്ങിയില്ല.  പിന്നീട് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് അബൂബക്കറില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more