| Monday, 19th March 2012, 12:47 pm

ലിസിക്കെതിരെ പരാതിയുമായി പിതാവ് വീണ്ടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ലിസിക്കെതിരെ പിതാവ് വീണ്ടും രംഗത്ത്. ആര്‍.ഡി.ഒ ഉത്തരവിട്ടിട്ടും ലിസി തനിയ്ക്ക് ചെലവിന് നല്‍കുന്നില്ലെന്ന് കാണിച്ച് മാലിപ്പാറ സ്വദേശി എന്‍ഡി വര്‍ക്കിയെന്ന പാപ്പച്ചന്‍ (66) എറണാകുളം ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്.

വര്‍ക്കിയുടെ പരാതിയിന്‍മേല്‍ ലിസിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എറണാകുളം ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നു. എന്നാല്‍ തുടര്‍നടപടിയുണ്ടാകാത്തതിനാലാണ് വര്‍ക്കി വീണ്ടും കളക്ടറെ സമീപിച്ചിരിക്കുന്നത്.

നേരത്തെ വര്‍ക്കി ജില്ലാകലക്ടര്‍ക്ക് ലിസിക്കെതിരെ പരാതി നല്‍കിയപ്പോള്‍ പിതാവെന്നും പറഞ്ഞ് പരാതി നല്‍കിയയാളെ അറിയില്ലെന്നാണ് ലിസി പ്രതികരിച്ചത്. എന്നാല്‍ ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞാണ് വര്‍ക്കി പുതിയ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറഞ്ഞിരുന്നു.

വര്‍ക്കിയുടെ മുന്‍പരാതി പ്രകാരം ജില്ലാകളക്ടര്‍ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയപ്പോള്‍ ലിസിയുടെ പിതാവല്ല വര്‍ക്കിയെന്ന് അഭിഭാഷകനും അറിയിച്ചിരുന്നു. വര്‍ക്കി പിതാവാണെന്ന് തെളിയിച്ചാല്‍ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്ന് കളക്ടര്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതിനിടെയാണ് വര്‍ക്കി മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എണ്‍പതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയിലെത്തിയ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തിലാവുകയും 1990ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി പിന്നീട് ഹിന്ദുമതം സ്വീകരിച്ചു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിങ്ങനെ രണ്ട് മക്കളാണ് ലിസി പ്രിയദര്‍ശന്‍ ദമ്പതികള്‍ക്ക് ഉള്ളത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more