വാഴയിലൂടെ വളരുന്ന അച്ഛന്‍മാര്‍; കേരളത്തിലെ ആണ്‍മക്കള്‍ക്ക് ഒത്തിരി റിലേറ്റാകുന്ന സിനിമ
Cinema
വാഴയിലൂടെ വളരുന്ന അച്ഛന്‍മാര്‍; കേരളത്തിലെ ആണ്‍മക്കള്‍ക്ക് ഒത്തിരി റിലേറ്റാകുന്ന സിനിമ
വി. ജസ്‌ന
Friday, 27th September 2024, 10:21 pm

സൗഹൃദത്തിന്റെയും അതിനേക്കാള്‍ ഉപരിയായ കുറച്ചധികം ചെറുപ്പക്കാരുടെയും കഥ പറഞ്ഞ സിനിമയായിരുന്നു വാഴ. സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ അതിന്റെ റിലീസിങ് വരെ ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ് എന്ന ടാഗ് മാത്രമായിരുന്നു ഈ സിനിമക്ക് ഉണ്ടായിരുന്നത്.

എന്നാല്‍ ചിത്രം തിയേറ്ററില്‍ എത്തിയതോടെ വാഴയെന്ന സിനിമ അങ്ങനെ കുറച്ച് ചെറുപ്പക്കാരുടേത് മാത്രമല്ലെന്ന് മനസിലായി. പകരം ഈ സിനിമ കുറച്ച് അച്ഛന്മാരുടേത് കൂടിയാണ്. വാഴയുടെ ആദ്യ ഭാഗം ആണ്‍കുട്ടികളുടെ സൗഹൃദവും തമാശകളും മാത്രമായിരുന്നെങ്കില്‍ അവസാന ഭാഗം അവരുടെ അച്ഛന്‍മാരുടെ കഥ കൂടെ പറയുകയായിരുന്നു.

നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന കുറേയധികം ആളുകളെ ഈ സിനിമയിലൂടെ കാണാനായി. മക്കളെയും കൂട്ടുകാരെയും വിമര്‍ശിക്കാത്ത അവരെ ഏറെ മനസിലാക്കുന്ന അച്ഛന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകാം. അതേസമയം ഏറെ ടോക്സിക്കായ മക്കളുടെ ഇഷ്ടങ്ങള്‍ കേള്‍ക്കാതെ സ്വന്തം ഇഷ്ടത്തിന് അവര്‍ വളരണമെന്നും തനിക്ക് ഇഷ്ടമുള്ള കരിയര്‍ തെരഞ്ഞെടുക്കണമെന്നും വാശിപിടിക്കുന്ന അച്ഛന്മാരുമുണ്ട്.

പൊതുവെ ആണ്‍മക്കളെ ചെറുപ്പത്തില്‍ ഏറെ സ്‌നേഹിക്കുന്ന അച്ഛന്മാര്‍ ഒരു പ്രായമാകുമ്പോഴേക്കും അവരോട് പരുക്കനായി പെരുമാറുന്നതും അവരുടെ ശത്രുക്കളായി മാറുന്നതുമൊക്കെ സ്വാഭാവികമാണ്. പിന്നെ കുറച്ച് വര്‍ഷങ്ങള്‍ കൂടെ കഴിയുമ്പോള്‍ അതേ അച്ഛന്മാര്‍ മകനെ അംഗീകരിക്കുകയും മുമ്പത്തേതിനേക്കാള്‍ സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്യും.

എല്ലാവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ തന്നെയാകണമെന്നില്ല. എങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയുന്ന അച്ഛന്‍ – മകന്‍ ബന്ധം ഇങ്ങനെ തന്നെയാകാം. വാഴയെന്ന സിനിമയിലും ഇത് കൃത്യമായി കാണിക്കുന്നുണ്ട്.

സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് സിനിമയില്‍ മക്കളായി എത്തിയത്. അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നോബി മാര്‍ക്കോസ്, ജഗദീഷ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരായിരുന്നു അച്ഛന്മാരുടെ വേഷം അവതരിപ്പിച്ചത്.

സിനിമയില്‍ അസീസ് നെടുമങ്ങാടിന്റെ കഥാപാത്രം കേരളത്തിലെ ആള്‍കുട്ടികള്‍ക്ക് ഏറെ റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു. ചെറുപ്പത്തില്‍ മകനെ ഒരുപാട് സ്‌നേഹിച്ചിരുന്ന ആ അച്ഛന്‍ പിന്നീട് അവനെ മനസിലാക്കാന്‍ ശ്രമിക്കാത്ത ആളായി മാറുകയാണ്.

പക്ഷെ സിനിമയുടെ അവസാനമാകട്ടെ അയാള്‍ തന്റെ ബന്ധുക്കള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന മകന് വേണ്ടി സംസാരിക്കുകയും അവനെ ചേര്‍ത്തു നിര്‍ത്തുകയുമാണ്. അവിടെ അയാള്‍ മകനെ അവനെങ്ങനെയാണോ അങ്ങനെ തന്നെ അംഗീകരിക്കുകയാണ്. അത് മിക്കവരും അനുഭവിച്ച കാര്യമായത് കൊണ്ടാകാം അസീസിന്റെ കഥാപാത്രത്തെ പലരും ഇഷ്ടപ്പെടുന്നത്.

അതേസമയം സിനിമയില്‍ ടോക്‌സിക്കായ അച്ഛനായാണ് കോട്ടയം നസീര്‍ എത്തുന്നത്. അങ്ങേയറ്റം ടോക്‌സിക്കായ അയാള്‍ മകന്‍ താന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കണമെന്നാണ് കരുതുന്നത്. പക്ഷെ ഒടുവില്‍ അയാളിലും മാറ്റം സംഭവിക്കുന്നുണ്ട്.

നോബി മാര്‍ക്കോസ് അവതരിപ്പിച്ച അച്ഛനാകട്ടെ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. മകനെ കുറ്റപ്പെടുത്തുകയോ വേദനിപ്പിക്കുകയോ ചെയ്യാന്‍ ശ്രമിക്കാത്ത അയാള്‍, അവന്‍ എഞ്ചിനിയര്‍ ആകണമെന്ന് പറയുമ്പോള്‍ നിനക്ക് അത് പറ്റില്ലെന്ന് പറഞ്ഞ് അവനെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ സിനിമയുടെ അവസാനം മകന്‍ വാഴ കൃഷി ചെയ്യുന്ന കാര്യം പറയുമ്പോള്‍ തന്റെ മകനെ കൊണ്ട് അതിന് സാധിക്കുമെന്ന് പറഞ്ഞ് സപ്പോര്‍ട്ടുമായി മുന്നില്‍ നില്‍ക്കുകയാണ്. അവിടെ മകന് വേണ്ടി കൂടപ്പിറപ്പിനും ബാപ്പയ്ക്കും മുന്നില്‍ അയാള്‍ സംസാരിക്കാന്‍ തയ്യാറാകുന്നു.

വാഴ സിനിമയില്‍ മറ്റൊരു അച്ഛന്‍ കഥാപാത്രത്തെ ചെയ്തത് ജഗദീഷ് ആയിരുന്നു. മകനെ വഴക്ക് പറയാനോ കുറ്റപ്പെടുത്താനോ നില്‍ക്കാത്ത അയാള്‍ തന്റെ ആഗ്രഹങ്ങള്‍ അവനില്‍ അടിച്ചേല്‍പ്പിക്കുകയും ഒരിക്കല്‍ പോലും അവന്റെ അഭിപ്രായം ചോദിക്കുകയും ചെയ്യുന്നില്ല. പക്ഷെ ഒടുവില്‍ തിരിച്ചറിവ് ഉണ്ടാകുകയും അവസാനം മകന്റെ ഇഷ്ടത്തിന് തീരുമാനമെടുക്കാന്‍ അവനോട് പറയുകയുമാണ് അയാള്‍.

‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ എന്ന പേരില്‍ എത്തിയ സിനിമ കൃത്യമായും പറയുന്നത് കുറേ അച്ഛന്മാരുടെ വളര്‍ച്ച കൂടെയാണ്. കാലം മുന്നോട്ട് പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാറ്റം കൂടെയാണ് സിനിമയിലൂടെ പറയുന്നത്. ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ആനന്ദ് മേനോന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Content Highlight: Father Characters In Vaazha Movie Is Highly Relatable

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ