| Monday, 20th August 2018, 12:52 pm

'അവര്‍ക്ക് ആ തോന്നലുണ്ടായപ്പോള്‍ അച്ഛനെന്ന നിലയില്‍ ഞാന്‍ വിജയിച്ചു' ഒരേക്കര്‍ സ്ഥലം ദുരിത ബാധിതര്‍ക്കു നല്‍കിയ വിദ്യാര്‍ഥികളുടെ അച്ഛന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്കു നല്‍കാനുള്ള മക്കളുടെ തീരുമാനം അച്ഛനെന്ന നിലയില്‍ തനിക്ക് അഭിമാനമാണെന്ന് ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ച കണ്ണൂരിലെ വിദ്യാര്‍ഥികളുടെ അച്ഛന്‍ ശങ്കരന്‍.

അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് അവര്‍ ഇക്കാര്യം ചോദിച്ചത്. നിങ്ങളുടെ ഇഷ്ടംപോലെ ചെയ്‌തോളൂവെന്നാണ് താന്‍ മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

“അച്ഛാ അവര്‍ക്കുവേണ്ടി എന്തെങ്കിലും കൊടുക്കണമെന്ന് ഞങ്ങള്‍ക്കുണ്ട് എന്ന് അവര്‍ പറഞ്ഞു. അച്ഛന്‍ സമ്മതിക്കണമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത് നിങ്ങളുടേതാണ്, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് അതുപോലെ ചെയ്‌തോളൂവെന്ന്. അവര്‍ക്ക് അങ്ങനെ തോന്നലുണ്ടായപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു. സഹാനുഭൂതിയും സഹജീവി സ്‌നേഹവും അവര്‍ക്ക് കൈമോശം വന്നിട്ടില്ലെന്ന് എനിക്ക് മനസിലായി.” അദ്ദേഹം വ്യക്തമാക്കി.

Also Read:“കേരള ജനതയെ അപമാനിച്ച നിങ്ങളുടെ സേവനം ഇനി വേണ്ട”; രാഹുല്‍ സി.പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ്

ഷേണായി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനി സ്വാഹയും സഹോദരനുമാണ് പിതാവ് തങ്ങള്‍ക്കു നല്‍കിയ ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടുവന്നത്. ഇക്കാര്യം അറിയിച്ചുള്ള സ്വാഹയുടെ കത്ത് വൈറലായിരുന്നു.

കര്‍ഷകനായ ശങ്കരന്റെയും വിധുബാലയുടെയും മക്കളാണ് സ്വാഹയും ബ്രഹ്മയും

സ്വാഹയുടെ കുറിപ്പ്:

സാര്‍, “അണ്ണാന്‍കുഞ്ഞും തന്നാലായത് ” എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?

വിനീത വിധേയര്‍
സ്വാഹ
ബ്രഹ്മ

We use cookies to give you the best possible experience. Learn more