| Friday, 18th October 2019, 9:56 pm

തീവ്രവാദത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ 2020 ഓടെ പാക്കിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടും;കടുത്ത നടപടിക്കൊരുങ്ങി ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കി ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്(എഫ്.എ.ടി.എഫ് ). 2020 ഫെബ്രുവരി വരെയാണ് തീവ്രവാദത്തിനെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന് എഫ്.എ.ടി.എഫ് നല്‍കിയിരിക്കുന്ന സമയം. അനുവദിച്ച സമയത്തിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന എഫ്.എ.ടി.എഫ് പാക്കിസ്ഥാന് നല്‍കിക്കഴിഞ്ഞു.

ഭീകരവാദത്തെ തുടച്ചുനീക്കാനായി മുന്നോട്ടുവെച്ച കര്‍മപദ്ധതിയിലെ 27 മാര്‍ഗനിര്‍ദേശങ്ങളില്‍ 22 എണ്ണം നടപ്പാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് നിരീക്ഷിച്ചു.നിലവില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് തുടരും.

2020 ഫെബ്രുവരിക്കുള്ളില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അടുത്ത പ്ലീനറി യോഗത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിയുണ്ടാകും. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ പ്ലീനറി യോഗത്തില്‍ തയാറാക്കും. പാക്കിസ്ഥാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും എഫ്.എ.ടി.എഫ് ആവശ്യപ്പെട്ടു.

ഗ്രേ ലിസ്റ്റില്‍ തുടരുന്ന പാക്കിസ്ഥാന് ഐ.എം.എഫില്‍ നിന്നും ലോകബാങ്കില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പാക്കിസ്ഥാനെ ഗ്രേലിസ്റ്റില്‍ ഉല്‍പ്പെടുത്തിയത്. 2019 ഒക്ടോബറോടെ കര്‍മ്മ പദ്ധതി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ എഫ്.എ.ടി.എഫില്‍ നിലപാടെടുത്തിരുന്നു. 205 അംഗരാജ്യങ്ങളും യുഎന്‍, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more