| Monday, 5th September 2022, 9:10 am

വിഴിഞ്ഞം സമരം: ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് മുതല്‍, പാളയം ഇമാം ഉദ്ഘാടനം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുളള ലത്തീന്‍ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് മുതല്‍. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും നേതൃത്വത്തിലായിരിക്കും ഉപവാസ സമരം സംഘടിപ്പിക്കുക.

ആറ് വൈദികരാണ് ഇന്ന് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി. സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലും സമരവേദിയിലെത്തും.

വിഴിഞ്ഞം ഉപരോധ സമരം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്ലങ്കോട്, പരുത്തിയൂര്‍ ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് സമരത്തിനെത്തുക. അടുത്ത ദിവസങ്ങളില്‍ മറ്റ് വൈദികരും സന്യസ്തരും അല്‍മായരും ഉപവാസമിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ വൈദികര്‍ ഉപവാസമിരിക്കുമെന്നാണ് ലത്തീന്‍ സഭ പറയുന്നത്.

തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് നിസാര ധനസഹായം നല്‍കി സമരത്തെ ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം, ഇത് അംഗീകരിക്കില്ലെന്നും ലത്തീന്‍ സഭ പറഞ്ഞു.

തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. സമരസമിതി സര്‍ക്കാരിന് മുമ്പില്‍ വെച്ച ഏഴ് ആവശ്യങ്ങളിലും ഉറച്ചു നില്‍ക്കുന്നുവെന്നും ലത്തീന്‍ അതിരൂപത പറഞ്ഞു.

പദ്ധതി പ്രദേശത്തേക്ക് കടക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമരസ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ, വിഴിഞ്ഞം തുറമുഖ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കേരള റീജിയണല്‍ കാത്തലിക് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. മുലമ്പള്ളി ടു വിഴിഞ്ഞം എന്ന പേരില്‍ മാര്‍ച്ച് നടത്തും.

അതേസമയം, കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരദേശ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും. 102 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായം വിതരണം ചെയ്യുക.

വിഴിഞ്ഞം തുറമുഖ സമരത്തെ തുടര്‍ന്നുള്ള മന്ത്രിതല ചര്‍ച്ചയിലുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സഹായവിതരണം. ഓണത്തിന് മുമ്പ് ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും എന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം.

Content Highlight: Fasting strike against Vizhinjam port from today

We use cookies to give you the best possible experience. Learn more