| Thursday, 29th June 2023, 3:26 pm

രണ്ടാമന്‍ സ്മിത്ത്, മൂന്നാമന്‍ ദ്രാവിഡ്; അങ്ങനെയെങ്കില്‍ വേര്‍ ഈസ് ദി കിങ്, ഈ കൂട്ടത്തിലെ കൊമ്പനെവിടെ...

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഫാബ് ഫോറിലെ ഓസീസ് കരുത്തന്‍ സ്റ്റീവ് സ്മിത്ത്. 9000 ടെസ്റ്റ് റണ്‍സ് എന്ന റെക്കോഡ് നേട്ടമാണ് സ്മിത്ത് കഴിഞ്ഞ ദിവസം തന്റെ പേരില്‍ കുറിച്ചത്. ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ 31 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് സ്മിത്ത് 9,000 ക്ലബ്ബില്‍ ഇടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന 17ാമത് താരവും നാലാമത് ഓസീസ് താരവുമാണ് സ്മിത്ത്. സ്മിത്തിന് മുമ്പേ റിക്കി പോണ്ടിങ്, സര്‍ അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ എന്നിവരാണ് 9,000 ടെസ്റ്റ് റണ്‍സ് എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ മറ്റ് കങ്കാരുക്കള്‍.

ഈ നാഴികക്കല്ല് പിന്നിടുന്ന ആക്ടീവ് ക്രിക്കറ്റേഴ്‌സിലെ രണ്ടാമത് താരം എന്ന റെക്കോഡും സ്മിത്തിനുണ്ട്. ഫാബ് ഫോറിലെ സ്മിത്തിന്റെ സഹതാരവും ഫ്യൂച്ചര്‍ ലെജന്‍ഡുമായ ജോ റൂട്ടാണ് സ്മിത്തിന് മുമ്പേ 9,000 റണ്‍സ് മാര്‍ക് പിന്നിട്ടത്.

നിലവില്‍ 99 ടെസ്റ്റിലെ 174 മാച്ചില്‍ നിന്നും 50.76 എന്ന ശരാശരിയിലും 56.49 എന്ന സ്‌ട്രൈക്ക് റേറ്റിലും 9,054 റണ്‍സാണ് സ്മിത്ത് സ്വന്തമാക്കിയിരിക്കുന്നത്. 30 സെഞ്ച്വറിയും 58 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് സ്മിത്ത് റണ്ണടിച്ചുകൂട്ടിയത്. 1,220 ബൗണ്ടറിയും 41 സിക്‌സറുമാണ് 13 വര്‍ഷത്തിനിടെ സ്മിത് സ്വന്തമാക്കിയത്.

റെക്കോഡ് വേഗത്തിലാണ് സ്മിത്തിന്റെ 9,000 റണ്‍സ് നേട്ടമെങ്കിലും ഒന്നാം സ്ഥാനത്തെത്താന്‍ താരത്തിന് സാധിച്ചിട്ടില്ല. സ്മിത്തിനേക്കാള്‍ രണ്ട് ഇന്നിങ്‌സുകളുടെ കുറവില്‍ മുന്‍ ലങ്കന്‍ നായകനും ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയ്മറുമായ കുമാര്‍ സംഗക്കാരയാണ് വേഗത്തില്‍ 9,000 റണ്‍സ് എന്ന മാര്‍ക് പിന്നിട്ടത്.

സംഗ 172 ഇന്നിങ്‌സില്‍ നിന്നും 9,000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ സ്മിത്ത് 147 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലേക്ക് നടന്നുകയറി. 176 ഇന്നിങ്‌സില്‍ നിന്നും 9,000 റണ്‍സ് മാര്‍ക് പിന്നിട്ട രാഹുല്‍ ദ്രാവിഡാണ് മൂന്നാമത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേഗത്തില്‍ 9,000 റണ്‍സ് പിന്നിട്ട താരങ്ങള്‍

(താരം – രാജ്യം – ടെസ്റ്റ് – ഇന്നിങ്‌സ് – എതിരാളികള്‍ – നേട്ടം കൈപ്പിടിയിലൊതുക്കിയ വര്‍ഷം എന്നീ ക്രമത്തില്‍)

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 103 – 172 – പാകിസ്ഥാന്‍ – 2011

സ്റ്റീവ് സ്മിത്ത് – ഓസ്‌ട്രേലിയ – 99 -174 – ഇംഗ്ലണ്ട് – 2023

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 104 – 176 – വെസ്റ്റ് ഇന്‍ഡീസ് – 2006

ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 101 – 177 – സൗത്ത് ആഫ്രിക്ക – 2004

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 106 – 177 – ഇംഗ്ലണ്ട് – 2006

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 108 – 178 – ഇന്ത്യ – 2009

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 111 – 179 – ഓസ്‌ട്രേലിയ – 2004

Content Highlight: Fastest player to pass 9,000 in Test format

We use cookies to give you the best possible experience. Learn more