തിരുവനന്തപുരം: ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കുന്ന ഫാസ്ടാഗ് സംവിധാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നേരിട്ട് പണം കൈപറ്റുന്ന ഒരു ട്രാക്ക് മാത്രമേ ഇനി ഉണ്ടാകൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റ വരിയില്‍ പോകേണ്ടിവരും.
ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പകുതിയോടെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ 75% ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്ക് മാറാത്ത സാഹചര്യത്തില്‍ ഒരു മാസത്തേക്ക് സമയം നീട്ടി അനുവദിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴും മിക്ക വാഹനങ്ങളിലും ഫാസ്ടാഗ് ഇല്ല. അതിനാല്‍ തന്നെ ഗതാഗത തടസ്സമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ദേശീയ പാതകളിലും അതിവേഗ പാതകളിലും നടക്കുന്ന ടോള്‍ പിരിവ് ഡിജിറ്റല്‍ വല്‍ക്കരിക്കുന്ന സംവിധാനമാണ് ഫാസ് ടാഗ്.
വാഹനത്തിന്റെ മുന്‍ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഒരുവശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്പരും മറു വശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ് ടാഗിലുണ്ടാവുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാഹനം ടോള്‍ ബൂത്തില്‍ എത്തുമ്പോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യപ്പെടുകയും പണം ഡെബിറ്റാവുകയും ചെയ്യും. വാഹനത്തിന് ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ തന്നെ യാത്ര തുടരാന്‍ കഴിയുമെന്നാണ് ഇതിന്റെ ഗുണം.