സഹതാരം ഒലി റോബിന്‍സണെക്കുറിച്ച് മോശം തലക്കെട്ടോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആവേശകരമായ ഒന്നാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റിന് ഓസീസ് ജയിച്ചതിന് പിന്നാലെ, ഇംഗ്ലീഷ് പേസര്‍ റോബിന്‍സണെ വിമര്‍ശിക്കാനായിരുന്നു ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് തിരക്ക്.
‘നമ്പര്‍ വണ്‍ വില്ലന്‍ ഒലി റോബിന്‍സണ്‍, ഉസ്മാന്‍ ഖവാജയെ അഗ്രസീവായി യാത്രയയച്ചതിന് അവന് തിരിച്ചടി കിട്ടി’ എന്നായിരുന്നു ഒരു പ്രമുഖ ഓസ്‌ട്രേലിയന്‍ മാധ്യമം നല്‍കിയ തലക്കെട്ട്. മത്സരത്തിന് പിന്നാലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട സ്റ്റുവര്‍ട്ട് ബ്രോഡ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് കൊണ്ട് ഈ വാര്‍ത്തയെ പരിഹസിച്ചു.
‘നമ്പര്‍ വണ്‍ വില്ലനോ? എനിക്ക് ഇതിനോടകം ആ ടാഗ് നഷ്ടപ്പെടാന്‍ വഴിയില്ലല്ലോ, ഞാന്‍ നിരാശനാണ്,’ എന്നാണ് ബ്രോഡ് ട്വീറ്റ് ചെയ്തത്.
ഒന്നാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് ജയിച്ചതോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയപ്പോള്‍, ആദ്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ട് കുറച്ച് കൂടി ശ്രദ്ധയോടെ കാര്യങ്ങളെ കൈകാര്യം ചെയ്തില്ലെങ്കില്‍ ആഷസില്‍ പ്രതീക്ഷ വെക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മുന്‍ ഇംഗ്ലീഷ് താരമായ മൈക്കല്‍ വോണ്‍ വിമര്‍ശിച്ചു.
ലോര്‍ഡ്സില്‍ ഇരു ടീമുകളും അല്‍പ്പം മാറ്റങ്ങള്‍ വരുത്തുമെന്ന് ഞാന്‍ കരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ഫീല്‍ഡ് വിപുലീകരിക്കില്ലെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ കുറച്ചുകൂടി വേഗത്തില്‍ വിക്കറ്റുകള്‍ പിഴുതെറിയും.
‘ബാസ്ബോള്‍ എനിക്ക് ഇഷ്ടമാണ്. അത് കൊണ്ടുവന്ന ഊര്‍ജ്ജവും എനിക്കിഷ്ടമാണ്. നിങ്ങള്‍ക്ക് ജയിക്കണമെങ്കില്‍ കംഗാരുപ്പട പ്രതിരോധത്തിലാകുമ്പോള്‍ അവരെ ഓടിക്കാനും ഒപ്പം കാലിലടിച്ച് വീഴ്ത്താനുമാകണം. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് അത് ചെയ്തില്ല,’ വോണ്‍ പറഞ്ഞു.
വലിയ വീരവാദങ്ങളോടെ ഇംഗ്ലണ്ട് അവതരിപ്പിച്ച ബാസ്‌ബോള്‍ സ്‌റ്റൈല്‍ അവര്‍ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ തിരിച്ചടിയായിരുന്നു. ജോ റൂട്ട് 118 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 393 എന്ന സ്‌കോറില്‍ ആദ്യ ദിനം തന്നെ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ നടപ്പുരീതികളെയെല്ലാം ലംഘിച്ചാണ് സ്റ്റോക്സ് ഈ തീരുമാനമെടുത്തത്.