| Monday, 25th November 2019, 6:29 pm

'നിന്നെ നഷ്ടപ്പെട്ടപ്പോള്‍ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കല്‍ കോളജ് ലഭിക്കുമെന്ന് കരുതിയാണ്'; ഷഹ് ലയുടെ മാതൃസഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബത്തേരി: വയനാട്ടില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് പിന്നാലെ വയനാട്ടില്‍ മെഡിക്കല്‍ കോളെജ് വേണമെന്ന ആവശ്യം ഉയര്‍ന്നുവരികയാണ്. ഷെഹ് ലയുടെ മരണം മെഡിക്കല്‍ കോളെജ് എന്ന ആവശ്യത്തിന് വഴിമരുന്നിടുകയാണെന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരി ഫസ്‌ന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഷഹ് ലയുടെ വല്യുമ്മയുടെ കുട്ടിയും വല്യുപ്പയും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതികരിച്ചവരിലേക്ക് മാത്രമൊതുങ്ങുകയാണോ എല്ലാം എന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാവരും പരസ്പരം പഴിചാരുകയാണെന്നും ഫസ്‌ന ആരോപിച്ചു.

‘നിന്നെ നഷ്ടപ്പെട്ടപ്പോള്‍ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കല്‍ കോളജ് ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയത് കൊണ്ടാണ്. പക്ഷെ അതുണ്ടാവണമെങ്കില്‍ സര്‍ക്കാര്‍ കണ്ണു തുറക്കണം. നിനക്ക് നീതി വേണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്’, ഫസ്‌ന ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവരും പതുക്കെ നിന്നെ മറക്കുകയാണ്.

ഷഹ് ല…. കുഞ്ഞാവേ നിന്റെ ജന്മനിയോഗം പൂര്‍ത്തിയാവണമെങ്കില്‍ ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. ഞാന്‍ നിരാശയിലാണ് മോളെ… നീയും വെറുമൊരു വാര്‍ത്തയാവുകയാണ്. നിന്നെ നഷ്ടപ്പെട്ടപ്പോള്‍ സമചിത്തതയോടെ നിന്നത് നിന്നിലൂടെ വയനാടിനൊരു മെഡിക്കല്‍ കോളജ് ലഭിക്കുമെന്ന് ഞങ്ങള്‍ കരുതിയത് കൊണ്ടാണ്.. പക്ഷെ അതുണ്ടാവണമെങ്കില്‍ സര്‍ക്കാര്‍ കണ്ണു തുറക്കണം. ഞങ്ങള്‍ നിനക്ക് നീതി വേണമെന്നല്ല പറയുന്നത്. അധ്യാപകനെ ക്രൂശിക്കണമെന്നും ഞങ്ങള്‍ പറയുന്നില്ല. അതു കൊണ്ട് നഷ്ടപ്പെട്ട നിന്നെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടില്ല…

ഞങ്ങള്‍ക്ക് പറയാനുള്ളത് നിന്നിലൂടെ ഈ നാടിന് ഒരു ആതുരാലയം വേണമെന്നാണ്. അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നീ വേര്‍പ്പെട്ട ദു:ഖത്തില്‍ പങ്കുചേരാന്‍ ദിനവും നിരവധി പേരാണ് വരുന്നത്. സമാശ്വാസ വാക്കുകളല്ല ഞങ്ങള്‍ക്ക് വേണ്ടത്. ഇനിയൊരു ജീവനും നിന്നെ പോലെ പൊലിഞ്ഞു പോവരുത്. അതിന് സത്വര നടപടികളാണ് വേണ്ടത്.

നിന്റെ വല്യുമ്മയുടെ പെണ്‍കുഞ്ഞ് 1974ല്‍ മരിച്ചതും മതിയായ ചികിത്സ കിട്ടാതെയാണ്. നിന്റെ വല്യുപ്പ വീരാന്‍കുട്ടി 2009 ല്‍ മരിച്ചതും ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെയാണ്. ഇപ്പോള്‍ 2019ല്‍ നിന്റെ ജീവന് ആപത്തുണ്ടായപ്പോഴും വയനാട്ടിലെ ചികിത്സാ സംവിധാനം 1974-ലെ അതേ അവസ്ഥയിലാണ്. സാങ്കേതികത്വം ഇത്ര കണ്ട് പുരോഗമിച്ചിട്ടും വയനാടിനു മാത്രം ഈ ഗതിയെന്താണ്?

മൂന്നര മണിക്കൂര്‍ യാത്ര ചെയ്ത് കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരുന്നത് ഈ അധികാരികളാരും കാണുന്നില്ലല്ലോ? എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തി സംഭവത്തിന്റെ ഗൗരവം ഇല്ലാതാക്കുകയാണ്. നിന്നിലൂടെ നിന്റെ കൂട്ടുകാരികള്‍ക്ക് വീട് ലഭിക്കാന്‍ പോകുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

നിദ മോളുടെ ആര്‍ജവത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപെടുക മാത്രമാണോ എന്ന് ആശങ്കയുമുണ്ട്. അടിസ്ഥാനപരമായ വയനാടിന്റെ ആവശ്യം ഇനിയും എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. തങ്ങളുടെ ഭാഗം രക്ഷിക്കാന്‍ അധ്യാപകരും ഡോക്ടര്‍മാരും പല വാദങ്ങളുമായി വന്നിട്ടുണ്ട്. നിന്റെ വാപ്പ അദ്ദേഹം വന്നിട്ട് നിന്നെ ആശുപത്രിയില്‍ കൊണ്ടു പോയാല്‍ മതിയെന്ന് പറഞ്ഞുവെന്ന്. ഏതെങ്കിലുമൊരു വാപ്പ അങ്ങനെ പറയുമോ?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു മാഷ് ചെയ്ത തെറ്റു മാത്രമാണ് നിന്നെ ഞങ്ങള്‍ക്ക് നഷ്ടമാകാന്‍ കാരണമായത്. അതിന് എല്ലാ അധ്യാപകരും തെറ്റുകാരാണെന്ന തരത്തില്‍ പറയേണ്ടതില്ല. സ്വന്തം കുഞ്ഞിനെ പോലെ സ്‌നേഹിക്കുന്ന ആയിരം അധ്യാപകരെ എനിക്കറിയാം. പക്ഷേ മരണത്തിന് ഉത്തരവാദിയായ അധ്യാപകനെ ന്യായീകരിക്കുന്ന ചില അധ്യാപകരെയും കണ്ടു. ആ മാഷിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെയും. അനാസ്ഥ കാണിച്ച ഡോക്ടറെയും വെള്ളപൂശാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അറിഞ്ഞു.

അതിയായി ദു:ഖമുണ്ട് മോളെ… വിഷയം ഗതി മാറുകയാണ്. പരസ്പരം പഴിചാരുകയാണ്. ഇനി പത്തു വര്‍ഷം കഴിഞ്ഞാലും ഇതേ അവസ്ഥ തന്നെയായിരിക്കും. അതില്ലാതിരിക്കണമെങ്കില്‍ ഇന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിന്റെ ഗതി ആര്‍ക്കും വന്നു കൂടാ….

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more