ഫാസിൽ സംവിധാനം ചെയ്ത സിനിമകളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. പലരുടെയും പ്രിയപ്പെട്ട പാട്ടുകൾ അദ്ദേഹത്തിന്റെ സിനിമകളിലേതാണ്. അത്തരത്തിൽ ഒരുപാട് പേര് ആസ്വദിച്ച, റിപ്പീറ്റടിച്ച് കേട്ട ഗാനമായിരുന്നു ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ എന്നത്. ആ പാട്ട് ഉണ്ടായതിനെ കുറിച്ച് പറയുകയാണ് ഫാസിൽ ഇപ്പോൾ. മൂവിമാൻ ബ്രോഡ്‍കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. എസ്. ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം നൽകിയിരിക്കുന്നത്.
‘നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ തീം സോങ് ഒഴികെ എല്ലാ സോങ്ങും റെക്കോർഡ് ചെയ്ത് കഴിഞ്ഞു. ബിച്ചുവും ജെറിയും ഞാനും കുറെ നേരം ഇരുന്ന് ആലോചിക്കുന്നുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ശരിയാകുന്നില്ല. നമുക്ക് ഒന്ന് പിരിയാം എന്നിട്ട് ഫ്രഷായിട്ട് ഒന്നുകൂടെ ഇരിക്കാമെന്ന് ഞാൻ പറഞ്ഞു.
ബിച്ചു സമ്മതിച്ചു. ഞാൻ അവരോട് പറഞ്ഞു ഉച്ചക്ക് ഞാൻ വണ്ടിയുമെടുത്ത് വരാം എന്നിട്ട് നിങ്ങളെ യാത്രയാക്കാമെന്ന്. ഉച്ച കഴിഞ്ഞ് ഞാൻ അവിടെ ചെല്ലുമ്പോൾ ജെറി റെഡിയായിട്ട് ഇരിക്കുകയാണ്. എന്നാൽ ബിച്ചു ലുങ്കിയുമുടുത്ത് കട്ടിലിൽ സങ്കടപ്പെട്ട് കിടക്കുകയാണ്. അദ്ദേഹത്തിന് പാട്ടൊന്നും ശരിയാകാതെ തിരിച്ച് പോവുന്നതിന്റെ വിഷമമാണ്.
ഞാൻ അവിടെ എത്തിയതും ജെറിയുടെ സംസാരിക്കുന്നതൊന്നും ബിച്ചു ശ്രദ്ധിക്കുന്നതേയില്ല. ഞങ്ങൾ അവിടെയിരിക്കുന്നത് മൈൻഡ് ചെയ്യാതെ ബിച്ചു ചങ്ങമ്പുഴയുടെ കവിത ചൊല്ലുകയാണ്. ‘ശ്യാമളേ…സഖി ഞാനൊരു വെറും കാനനത്തിലെ പൂവല്ലേ’ എന്ന കവിതയാണ് ആലപിക്കുന്നത്.
ഞാൻ അപ്പോൾ തന്നെ പറഞ്ഞു, ബിച്ചുവേട്ടാ ഇതാണ് എനിക്ക് വേണ്ടതെന്ന്. ബിച്ചു ചാടിയെഴുന്നേറ്റിട്ട് എന്നോട് പറഞ്ഞു, എന്നാൽ പോയി ഒരു ചായ കുടിച്ചിട്ട് വാ പാട്ട് റെഡിയായിരിക്കുമെന്ന്. ഞാൻ തിരിച്ചുവന്നപ്പോൾ പാട്ട് റെഡിയാണ്. അങ്ങനെയാണ് ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ എന്ന പാട്ട് ഉണ്ടായത്,’ ഫഹദ് പറഞ്ഞു.
ഫാസിൽ നിർമാണം നിർവഹിച്ച മലയൻകുഞ്ഞ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫഹദ് ആണ് ചിത്രത്തിലെ നായകൻ. മഹേഷ് നാരായണൻ ആണ് തിരക്കഥയും ക്യാമറയും ചെയ്തിരിക്കുന്നത്.
Content Highlight: Fasil says that the song ‘Ayiram Kannamaai ‘ happened at the gap where I went for tea