| Monday, 5th February 2024, 1:21 pm

ഫഹദിന്റെ ആ വീഡിയോ മോഹൻലാലിനും മമ്മൂട്ടിക്കും അയച്ചിരുന്നു; അത് എന്റെ മാത്രം തീരുമാനമായിരുന്നില്ല: ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദിനെ തന്റെ സിനിമയിൽ അഭിനയിപ്പിച്ചത് മകനായതുകൊണ്ട് മാത്രമല്ലെന്ന് സംവിധായകൻ ഫാസിൽ. മറിച്ച് ഫഹദിന്റെ കഴിവ് കണ്ടിട്ടാണ് അഭിനയിപ്പിച്ചതെന്നും ഫാസിൽ പറഞ്ഞു. ഫഹദിനെ താൻ ഇന്റർവ്യൂ ചെയ്തിരുന്നെന്നും ആ വീഡിയോ മോഹൻലാലിനും മമ്മൂട്ടിക്കും അയച്ചുകൊടുത്തെന്നും ഫാസിൽ കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാൻ ആലോചിച്ചത് ഞാനാണ്. ഈ വീട്ടിലാണ് അവർ ആദ്യം വന്നത്. പക്ഷേ ആ സിനിമ എഴുതാൻ കഴിഞ്ഞില്ല. നയൻതാരയെയും ആദ്യം വിളിച്ചത് ഞാനാണ്. ഫഹദിന്റെ നായികയാക്കാൻ പ്രിയാമണിയെ ഞാൻ ഇൻറർവ്യൂ ചെയ്തിരുന്നു. ഫഹദ് അഭിനയിച്ചത് എന്റെ മകനായതുകൊണ്ട് അല്ല. കഴിവ് കണ്ടിട്ടാണ്. അവനെ ഞാൻ ഇൻറർവ്യൂ ചെയ്തിരുന്നു. അതിന്റെ വീഡിയോ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ കാണിച്ചിട്ടുണ്ട്. അവൻ തിരിച്ചു വന്നിരിക്കും എന്ന് ഞാൻ പറഞ്ഞിരുന്നു.

പുതുമക്കായി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആരും ചിന്തിക്കാത്ത സമയത്താണ് ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന നായികാ പ്രാധാന്യമുള്ള പടമെടുത്തത്. പക്ഷേ അപ്പോഴും എന്റെ കളി ഇമോഷണൽ ഡ്രാമയിൽ ആയിരുന്നു. 40 വർഷത്തിനുശേഷം കരൺജോഹറിന്റെ കളിയും അതുതന്നെ.

ചങ്ങമ്പുഴയുടെ ‘ശ്യാമളേ സഖീ’ എന്ന വരികൾ എടുത്ത് ഞാൻ ‘ആയിരം കണ്ണുമായി’ എന്ന പാട്ടു ഉണ്ടാക്കുമ്പോൾ കരൺജോഹർ ‘അഭി ന ജാവോ’ അതേപടി ഉപയോഗിക്കുന്നു. ഇഡ്ലിയും ദോശയും പോലെ കലാതീതമാണ് മെലഡിയും വൈകാരികതയും നാടകീയതയും.,’ ഫാസിൽ പറഞ്ഞു.

താൻ നിർമിച്ച സിനിമകളെക്കുറിച്ചും ഫാസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനം. റാംജിറാവു സ്പീകിംഗ് വരുമ്പോൾ ഏക ആകർഷണം ‘ഫാസിൽ അവതരിപ്പിക്കുന്ന’ എന്ന ടൈറ്റിൽ ആയിരുന്നു. ആ സിനിമയിൽ പലരും പുതുമുഖങ്ങൾ ആയിരുന്നു. എന്റെ അസോസിയേറ്റ് ആയിരുന്ന മുരളി കൃഷ്ണയെ സംവിധായകനാക്കാൻ സുന്ദരകില്ലാടി നിർമിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമലിന് വലിയ ബ്രേക്ക് ആയ സിനിമയാണ്,’ ഫാസിൽ പറയുന്നു.

Content Highlight: Fasil about why he casted fahad in his movie

We use cookies to give you the best possible experience. Learn more