| Sunday, 4th February 2024, 10:13 pm

പൃഥ്വിരാജിനെ അഭിനയിപ്പിക്കാമെന്ന് ആലോചിച്ചിരുന്നു; എന്നാൽ അത് നടന്നില്ല: ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതുമക്കായി താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകൻ ഫാസിൽ. ആരും ചിന്തിക്കാത്ത സമയത്താണ് ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന നായിക പ്രാധാന്യമുള്ള പടമെടുത്തതെന്നും ഫാസിൽ പറഞ്ഞു. പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാൻ താൻ ആലോചിച്ചതാണെന്നും പക്ഷെ ആ സിനിമ എഴുതാൻ കഴിഞ്ഞില്ലെന്നും ഫാസിൽ കൂട്ടിച്ചേർത്തു. നയൻതാരയെയും ആദ്യം വിളിച്ചത് താനാണെന്ന് ഫാസിൽ മലയാള മനോരമയോട് പറഞ്ഞു.

‘പുതുമക്കായി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ആരും ചിന്തിക്കാത്ത സമയത്താണ് ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന നായിക പ്രാധാന്യമുള്ള പടമെടുത്തത്. പക്ഷേ അപ്പോഴും എന്റെ കളി ഇമോഷണൽ ഡ്രാമയിൽ ആയിരുന്നു. 40 വർഷത്തിനുശേഷം കരൺജോഹറിന്റെ കളിയും അതുതന്നെ. ചങ്ങമ്പുഴയുടെ ‘ശ്യാമളേ സഖീ’ എന്ന വരികൾ എടുത്ത് ഞാൻ ‘ആയിരം കണ്ണുമായി’ എന്ന പാട്ടു ഉണ്ടാക്കുമ്പോൾ കരൺജോഹർ ‘അഭി ന ജാവോ’ അതേപടി ഉപയോഗിക്കുന്നു. ഇഡ്ലിയും ദോശയും പോലെ കലാതീതമാണ് മെലഡിയും വൈകാരികതയും നാടകീയതയും.

പൃഥ്വിരാജിനെയും അസിനെയും ആദ്യമായി അഭിനയിപ്പിക്കാൻ ആലോചിച്ചത് ഞാനാണ്. ഈ വീട്ടിലാണ് അവർ ആദ്യം വന്നത്. പക്ഷേ ആ സിനിമ എഴുതാൻ കഴിഞ്ഞില്ല. നയൻതാരയെയും ആദ്യം വിളിച്ചത് ഞാനാണ്. ഫഹദിന്റെ നായികയാക്കാൻ പ്രിയാമണിയെ ഞാൻ ഇൻറർവ്യൂ ചെയ്തിരുന്നു. ഫഹദ് അഭിനയിച്ചത് എന്റെ മകൻ ആയതുകൊണ്ട് അല്ല. കഴിവ് കണ്ടിട്ടാണ്. അവനെ ഞാൻ ഇൻറർവ്യൂ ചെയ്തിരുന്നു. അതിൻറെ വീഡിയോ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒക്കെ കാണിച്ചിട്ടുണ്ട്. അവൻ തിരിച്ചു വന്നിരിക്കും എന്ന് ഞാൻ പറഞ്ഞിരുന്നു,’ ഫാസിൽ പറഞ്ഞു.

മലയാള സിനിമയിൽ തന്നെ ഏറ്റവും സ്വാധീനിച്ച സംവിധായകൻ എ. വിൻസെന്റാണെന്നും ഫാസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസന്റ് മാഷാണ്. എന്റെ മാനസിക ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കി നിന്നിട്ടുണ്ട്. അടൂർ ഭാസി സംവിധാനം ചെയ്ത‌ ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്.

11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നത് വിൻസന്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു: നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എൻ്റെ സിനിമ സർവകലാശാല. മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസൻ്റ് മാഷ് മകൻ ജയനൻ വിൻസൻ്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാന ചിത്രീകരണവും,’ഫാസിൽ പറയുന്നു.

Content Highlight: Fasil about his uniqueness in cinema

We use cookies to give you the best possible experience. Learn more