മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഫാസിൽ. അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അനിയത്തിപ്രാവ്, എന്റെ മാമാട്ടികുട്ടിയമ്മക്ക്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഫാസിൽ എന്ന സംവിധായകന്റെ സംഭാവനകളാണ്. സംവിധാനത്തിൽ എന്ന പോലെ നിർമാണത്തിലും ഫാസിൽ തന്റേതായൊരിടം സൃഷ്ടിച്ചിട്ടുണ്ട്.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാണ് താൻ പലപ്പോഴും സിനിമകൾ നിർമിച്ചതെന്ന് ഫാസിൽ പറഞ്ഞു. റാംജിറാവ് സ്പീകിംഗ് എന്ന ചിത്രത്തിനെ ഏക ആകർഷണം ‘ഫാസിൽ അവതരിപ്പിക്കുന്ന’ എന്ന ടൈറ്റിൽ ആയിരുന്നെന്നും ഫാസിൽ പറയുന്നുണ്ട്. അതുപോലെ തന്റെ അസോസിയേറ്റ് ആയിരുന്ന മുരളി കൃഷ്ണയെ സംവിധായകനാക്കാനാണ് താൻ സുന്ദരകില്ലാടി നിർമിച്ചതെന്നും ഫാസിൽ മലയാള മനോരമ വാരാന്ത്യ പതിപ്പിനോട് ഫാസിൽ പറഞ്ഞു.
‘മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനം. റാംജിറാവ് സ്പീകിംഗ് വരുമ്പോൾ ഏക ആകർഷണം ‘ഫാസിൽ അവതരിപ്പിക്കുന്ന’ എന്ന ടൈറ്റിൽ ആയിരുന്നു. ആ സിനിമയിൽ പലരും പുതുമുഖങ്ങൾ ആയിരുന്നു. എന്റെ അസോസിയേറ്റ് ആയിരുന്ന മുരളി കൃഷ്ണയെ സംവിധായകനാക്കാൻ സുന്ദരകില്ലാഡി നിർമിച്ചു. അതുപോലെ ഞാൻ തന്നെ നിർമിച്ച കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമലിന് വലിയ ബ്രേക്ക് ആയ സിനിമയാണ്,’ ഫാസിൽ പറയുന്നു.
മലയാള സിനിമയിൽ തന്നെ ഏറ്റവും സ്വാധീനിച്ച സംവിധായകൻ എ. വിൻസെന്റാണെന്നും ഫാസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മലയാളത്തിൽ ഏറ്റവും സ്വാധീനിച്ചത് എ.വിൻസന്റ് മാഷാണ്. എന്റെ ഗുരു. അദ്ദേഹം സംവിധാനം ചെയ്യുന്നതു 11 ദിവസം ഞാൻ നോക്കി നിന്നിട്ടുണ്ട്.
അടൂർ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’യുടെ സെറ്റിൽ ബോബൻ കുഞ്ചാക്കോയെ കാണാൻ പോയതാണ്. 11 ദിവസത്തെ ഷെഡ്യൂൾ ചെയ്യുന്നത് വിൻസന്റ് മാഷ്. അന്നത്തെ ചർച്ചകളിൽ ഞാനും ഉൾപ്പെട്ടു. ബോബൻ പറഞ്ഞു, നാളെ മുതൽ ഇവൻ ഇവിടെയൊക്കെ ചുറ്റിപ്പറ്റിയുണ്ടാകും, സംവിധാനം കണ്ടു പഠിക്കാൻ. ആ 11 ദിവസമാണ് എൻ്റെ സിനിമ സർവകലാശാല. മലയാളത്തിലെ വലിയ സംവിധായകനാകുമെന്ന് എന്നെപ്പറ്റി വിൻസൻ്റ് മാഷ് മകൻ ജയനൻ വിൻസൻ്റിനോടു പറഞ്ഞതായി പിന്നെയറിഞ്ഞു. രണ്ടു ഗുണങ്ങൾ ഞാൻ അദ്ദേഹത്തിൽനിന്ന് അപ്പാടെ പകർത്തിയിട്ടുണ്ട്. നടീനടൻമാരിൽനിന്ന് അഭിനയം പിടിച്ചെടുക്കുന്നതും ഗാന ചിത്രീകരണവും,’ഫാസിൽ പറയുന്നു.
Content Highlight: Fasil about his produced movies