| Saturday, 24th February 2018, 12:13 pm

ഫാഷിസ്റ്റ് അപായവും ഇടതുപക്ഷവും

ദിനില്‍ സി.എ

നിലവില്‍ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഹിന്ദുത്വ ഭീകരര്‍ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ലോകസഭയിലും രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്ന നിലവന്നാല്‍ രാജ്യത്തിന് എന്തുസംഭവിക്കുമെന്നു നാം ഗൗരവമായി തന്നെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. സാംസ്‌ക്കാരികമായും, രാഷ്ട്രീയമായും ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി വരുതിയിലാക്കുകയും ഭരണഘടനാവാഴ്ച തന്നെ അട്ടിമറിക്കുമെന്നതും സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണെന്ന് നമുക്കല്ലാമറിയുന്നതും നാമെല്ലാം യോജിക്കുന്നതുമായ ഒരു വസ്തുതയാണ്.

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുണ്ടെങ്കിലെ സംഘടന സ്വാതന്ത്ര്യം ഉപയോഗപെടുത്തി വിദ്യാര്‍ത്ഥികളേയും തൊഴിലാളികളേയും കര്‍ഷകരേയും ആര്‍ക്കും സംഘടിപ്പിക്കാനാകൂ. അവകാശ സമരങ്ങളും, ജാതി/ഫ്യൂഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനും രാജ്യത്ത് ജനാധിപത്യവും ഭരണഘടനാവാഴ്ചയും നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇത്തരമൊരു അപായം/ഭീഷണി മുന്നില്‍ നില്‍ക്കുന്നുണ്ടോയെന്നു നാം പ്രാഥമികമായി പരിശോധിക്കേണ്ടത്. ഉണ്ടെങ്കില്‍ ആ ഭീഷണിയെ നേരിടുന്നതിനായി മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയം (political programme) എന്തായിരിക്കണം എന്നതാണ് നമ്മളോരോരുത്തരും കണ്ടെത്തേണ്ട ഉത്തരം.

നിലവില്‍ 538 അംഗ ലോകസഭയില്‍ സ്പീക്കറെ കൂടാതെ ബി.ജെ.പിക്ക് ഒറ്റയ്ക്കു 274 എം.പിമാരുണ്ട്. 51.02% പ്രാതിനിധ്യം. 239 അംഗങ്ങളുള്ള രാജ്യസഭയില്‍ നിലവില്‍ 58 അംഗങ്ങള്‍ മാത്രമാണുള്ളത്. സഖ്യകക്ഷികളുടെ പിന്തുണയില്‍ പോലും ഇന്ത്യന്‍ പാര്‍ലമെന്റിലെ ഉപരിസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ നിലവില്‍ സംഘപരിവാറിനു കഴിഞ്ഞിട്ടില്ല എന്നുള്ളതൊരു വാസ്തവമാണ്. അതുകൊണ്ടു തന്നെ സാമ്രാജ്യ്വത്വ താല്പര്യങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിയുന്നുമില്ല.

ഇത് പറയുമ്പോള്‍ തന്നെ നമ്മള്‍ മനസിലാക്കേണ്ടതും ആശങ്കപ്പെടേണ്ടതുമായ മറ്റൊരു കാര്യം രാജ്യത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നണി വിജയത്തില്‍ എത്തിയിരിക്കുന്നു. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 19 സംസ്ഥാനങ്ങള്‍ ബി.ജെ.പിയുടെ ഭരിക്കുന്നു.

പല സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷത്തില്‍ വരുന്നു. ഇവിടെയെല്ലാം ബി.ജെ.പി വിജയം നേടുകയും അധികാരത്തില്‍ വരികയും ചെയ്താല്‍ രാജ്യം ഭീതിദമായ രാഷ്ട്രീയ അവസ്ഥയിലേക്ക് പോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ബി.ജെ.പി നോമിനികള്‍ വിജയിക്കുകയും രാജ്യാസഭയില്‍ ഭൂരിപക്ഷം നേടുകയും ചെയ്യുന്നതോടെ അവര്‍ ഉറപ്പായം ചെയ്യാന്‍ പോകുന്ന പ്രധാന കാര്യങ്ങളിലൊന്ന് റെയില്‍വെ സ്വകാര്യവല്‍ക്കരണം, ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കല്‍, കോര്‍പ്പറെറ്റ് ഫാമിംഗ്, തൊഴിലാളി അനുകൂല നിയമങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവയെല്ലാമായിരിക്കും.

ഇന്ത്യന്‍ അവസ്ഥ

നോട്ടുറദ്ദാക്കലും, ജി.എസ്.ടിയും മൂലം തൊഴിലില്ലായ്മക്ക് ആക്കം കൂട്ടി. കാര്‍ഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളെയും തകര്‍ന്നു. നോട്ട് റദ്ദാക്കിയതു കൊണ്ട് പ്രഖ്യാപിച്ച കള്ളപ്പണം പിടിക്കല്‍, തീവ്രവാദമില്ലാതാക്കല്‍, കള്ളനോട്ടില്ലാതാക്കല്‍ എന്നിവയൊന്നും നേടാന്‍ കഴിഞ്ഞില്ല. തൊഴിലുറപ്പു പദ്ധതിയുടെ നീക്കിവെപ്പ് വമ്പിച്ച രീതിയില്‍ വെട്ടി ചുരുക്കി. കര്‍ഷകക്ഷേമം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഗ്രാമീണവികസനം, ആരോഗ്യം എന്നിവക്കുള്ള നീക്കിവെപ്പുകളെല്ലാം വെട്ടിക്കുറച്ചു

നോട്ട് നിരോധനം സമ്പദ്ഘടനയില്‍ വന്‍ തകര്‍ച്ചയുണ്ടാക്കി. ജി.എസ്.ടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കിയെന്നു മാത്രമല്ല നികുതി വര്‍ദ്ധനമൂലം രാജ്യത്ത് വിലക്കയറ്റവുമുണ്ടായി. ഇതിനൊപ്പം മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷണാര്‍ത്ഥം കോര്‍പ്പറെറ്റ് ടാക്‌സ് വെട്ടി കുറച്ചു രാജ്യത്തെ മൂലധന ശക്തികള്‍ക്കു അടിയറവു വെക്കുകയാണ്.

മുന്‍കാലങ്ങളിലേക്കാള്‍ പ്രകടമായി ജാതീയതയും ജാതി മര്‍ദ്ദനവും വളര്‍ന്നു വന്നു. മുസ്‌ലീം മതവിരുദ്ധത മുന്‍കാലത്തെക്കാള്‍ ശക്തമായ മുദ്രാവാക്യങ്ങളിലൂടെയും നടപടികളിലൂടെയും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ബീഫ് സൂക്ഷിച്ചതിന്റെ പേരില്‍ മാത്രം മനുഷ്യര്‍ കൊലചെയ്യപ്പെടാന്‍ തുടങ്ങി.

നൂറ്റാണ്ടുകളായി മാംസാഹാരികളും സസ്യാഹാരികളും ഇഴുകി ചേര്‍ന്ന് ജീവിച്ചിട്ടും നാളിത്രയുമില്ലാത്ത സാംസ്‌കാരിക സംഘട്ടനം പശുവിന്റെ പേരില്‍ ഉണ്ടാകുന്നു. ബീഫ് തീറ്റക്കാരനായിരുന്ന സവര്‍ക്കറുടെ പിന്‍ഗാമികള്‍ പക്ഷെ ഹിന്ദു-മുസ്ലിം ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള സാംസ്‌ക്കാരിക ബിംബമായി ആയി നാല്‍ക്കാലിയെ മാറ്റുന്നു.

ഫാസിസ്റ്റ് രീതിശാസ്ത്രത്തിനു അടിസ്ഥാനപരമായ ചില പൊതുരൂപങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാംസ്‌ക്കാരികമായ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും ദേശീയവല്‍ക്കരിക്കുക, അപരശത്രുവിനെ സൃഷ്ടിക്കുക, ജര്‍മ്മനിയില്‍ നാസി ക്ഷുദ്രദേശീയതയുടെ കാലത്തു അതിന്റെ പ്രധാന ബൗദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു.

മനുഷ്യന്റെ സ്വതന്ത്രചിന്തയേയും ആവിഷ്‌കാരസ്വാതന്ത്ര്യത്തേയും തെരഞ്ഞെടുപ്പിനെപ്പോലും ഹൈന്ദവ മൂല്യബോധം പേറുന്ന ഭരണകൂടം നിയന്ത്രിക്കുന്നതിനാണ് സമകാലീന ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. വിയോജിപ്പുകള്‍ വിളിച്ചു പറഞ്ഞതിന് ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവര്‍ കൊലചെയ്യപെട്ടുന്നു. ബുദ്ധിജീവി വിരുദ്ധതയ്ക്കും ശാസ്ത്ര വിരുദ്ധതക്കും പ്രാമാണികത്വം ലഭിക്കുന്നു, അതിനു ഭരണകൂടം ഒത്താശചെയ്തു കൊടുക്കുന്നു. മാധ്യമസ്ഥാപനങ്ങളിലും ഇതേ ഭരണകൂടം പിടിമുറുക്കുന്നുതും കാണാം.

സാമ്പത്തിക പ്രതിസന്ധി

1929 ലാരംഭിച്ച ഗ്രേറ്റ് ഡിപ്രഷനിലാണ് മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം. വമ്പന്‍ ലാഭക്കൊതി തിരികൊളുത്തുന്ന അമിതോത്പാദനവും അത് മാര്‍ക്കറ്റില്‍ സൃഷ്ടിക്കുന്ന സ്റ്റാഗ്‌നേഷനും ഒരു വന്‍ വ്യാവസായിക മാന്ദ്യത്തെ സൃഷ്ടിക്കുന്നു. ഈ വ്യാവസായിക മാന്ദ്യം ശക്തിപ്പെടുമ്പോള്‍ ധന മേഖലയിലെ ഊതി വീര്‍പ്പിച്ച കുമിളകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബബിളുകള്‍ എന്നിവ പൊട്ടുന്നു. അതിന്റെ ചാര കൂമ്പാരത്തില്‍ വ്യാവസായിക മാന്ദ്യത്തെ വ്യാവസായിക തകര്‍ച്ചയിലേക്കു നയിക്കുന്നു. ധന-വ്യാവസായിക തകര്‍ച്ച കാര്‍ഷിക ഉത്പാദന തകര്‍ച്ചയിലേക്ക് നയിക്കുന്നു. ഇവ മൂന്നും ചേര്‍ന്ന് “വന്‍ സാമ്പത്തിക കുഴപ്പം” അഥവാ “ഗ്രേറ്റ് ഡിപ്രഷന്‍” എന്ന അവസ്ഥയുണ്ടാക്കുന്നു.

1890 കളിലെ “ലോങ്ങ് റിസഷന്‍” അഥവാ “ഒന്നാം സാമ്പത്തികക്കുഴപ്പ”ത്തില്‍ നിന്ന് ഉരുണ്ടുകൂടിയ രാഷ്ട്രീയ സാമൂഹ്യ പ്രതിസന്ധിയില്‍ നിന്ന് തുറന്നുവിടപ്പെട്ട ദുര്‍ഭൂതമാണ് ഒന്നാം ലോകയുദ്ധമെങ്കില്‍, 1929ല്‍ ഉണ്ടായ “രണ്ടാം സാമ്പത്തികക്കുഴപ്പം” അഥവാ “ഗ്രേറ്റ് ഡിപ്രഷന്‍” ആണ് “ഫാഷിസത്തിനും രണ്ടാം ലോകയുദ്ധത്തിനും” അടിത്തറയായത്.

ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയമായും, സാമൂഹ്യപരമായും, സാമ്പത്തികപരമായും, സുരക്ഷിതത്വത്തിലും തകര്‍ന്നൊരു യൂറോപ്പിനെയാണ് 2017 അവസാനത്തോടെ കാണാന്‍ കഴിയുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ പ്രതിസന്ധിയെ മറിക്കടക്കാനായി ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. യൂറോപ്പിലും, മിഡില്‍ ഈസ്റ്റിലും പ്രതിസന്ധി രൂക്ഷമാണ്.

മുതലാളിത്ത-സാമ്പത്തിക പ്രതിസന്ധി പരിഹാരമില്ലാത്ത ഒന്നായി തുടരുമ്പോള്‍ തന്നെ വളരെ പ്രത്യക്ഷമായി/അനുഭവപരമായി സമ്പദ്ഘടന പ്രതിസന്ധി നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ഏതൊക്കെയെന്നു അന്വേഷിക്കുമ്പോള്‍ ആദ്യമായി ഗ്രീസിനെ കാണാം. അത്രത്തോളം പ്രതിസന്ധിയില്ലെങ്കിലും അതിനു തൊട്ടടുത്തു നില്‍ക്കുന്ന രാജ്യമാണ് ഇറ്റലി. രാഷ്ട്രീയമായും സാമൂഹികമായും അന്ത:ഛിദ്രം നേരിടുന്ന രാജ്യമാണ് സ്‌പെയിന്‍. യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും പ്രതിസന്ധി വ്യാപകമാണ്. ആറു മാസത്തെ ഇടവേളയില്‍ മാന്ദ്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുന്നുവെന്നുള്ളതിനു തെളിവാണ്.

ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കുവാനും അധ്വാന ശക്തിയെ കൂടുതല്‍ പിഴിഞ്ഞൂറ്റുക, പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുക, മാര്‍ക്കറ്റ് വെട്ടി പിടിക്കുക, മൂലധനത്തിന്റെ സമാഹരണം കൂടുതല്‍ എളുപ്പത്തിലാക്കുക എന്നതാണ് ഫാഷിസ്റ്റ് ഭരണകൂടത്തെ ആശ്രയിക്കാന്‍ സാമ്രാജ്യത്ത്വത്തിനു ചോദന നല്‍കുന്നതിന്റെ കാരണം.

ഫാഷിസ്റ്റ് ഭരണകൂടം

ഫിനാന്‍സ് ക്യാപ്പിറ്റലിന്റെ ആന്തരിക പ്രതിസന്ധി മൂര്‍ച്ഛിച്ച് അതിന്റെ ഫലമായി ലോകരാജ്യങ്ങളില്‍ ഏറിയും കുറഞ്ഞും പ്രതിഫലിക്കുകയും തീവ്രതയാര്‍ജ്ജിക്കുകയും ചെയ്യുന്ന “സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ പ്രതിസന്ധി”യില്‍ നിന്നുമാണ് ഫാഷിസം ഉടലെടുക്കുന്നത്.

രാജ്യം ഇതിനു മുമ്പു ഒരു ഫാഷിസ്റ്റ് ഭീഷണി നേരിട്ടുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലയെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ള സര്‍ക്കാര്‍ ഈ രാജ്യം ഭരിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരൊരു സ്വേച്ഛാധിപത്യ ഭരണകൂടമായിരുന്നു. എന്നാലതൊരു ഫാഷിസ്റ്റ് ഭരണകൂടമായിരുന്നില്ല.

ഇന്ത്യ നാളിതുവരെ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടെടുത്തിട്ടുള്ളതായി അറിവില്ല. വംശീയ/മത ദേശീയതയുടെ പിന്‍ബലത്തിലായിരുന്നില്ല ഇന്ദിര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. തീവ്രദേശീയവാദികളായ യാതൊരു കേഡര്‍ വംശീയ/മത സംഘടനയും ആ ഭരണകൂടത്തിന് പിന്തുണ നല്‍കിയിട്ടില്ല. ഫിനാന്‍സ് മൂലധനത്തിന്റെ കുത്തൊഴുക്കിനെക്കാള്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ നടത്തിപ്പാണ് ഇന്ദിരയുടെ കാലത്തു നടന്നത്.

ഫാഷിസവും സ്വേച്ഛാധിപത്യവും വ്യത്യസ്തമായി കാണേണ്ട രണ്ടുതരം ഭരണകൂടങ്ങളാണ്. ഫാഷിസത്തെ കുറിച്ചുള്ള ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച സഖാവ് ജോര്‍ജ്ജി ദിമിത്രെവിനെ ഓര്‍ത്തെടുക്കേണ്ടത് ഈ അവസരത്തിലാണെന്ന് തോന്നുന്നു. മൂന്നാം ഇന്റര്‍നാസ്ഷണലില്‍ ജോര്‍ജ്ജി ദിമിത്രെവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫാഷിസത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നു.

ജോര്‍ജ്ജി ദിമിത്രെവ്

THE CLASS CHARACTER OF FASCISM

Comrades, fascism in power was correctly described by the Thirteenth Plenum of the Executive Committee of the Communist International as the open terrorist dictatorship of the most reactionary, most chauvinistic and most imperialist elements of finance capital.

സഖാക്കളെ, സാമ്രാജ്യത്വ ഘടകങ്ങളുടെ താല്പര്യത്താല്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍സ് മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും സങ്കുചിതവുമായ ഭീകരവാദ സ്വേച്ഛാധിപത്യമാണെന്നു പതിമൂന്നാം പ്ലീനത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തുന്നു.

അദ്ദേഹം തുടരുന്നു

The accession to power of fascism is not an ordinary succession of one bourgeois government by another, but a substitution of one state form of class domination of the bourgeoisie — bourgeois democracy — by another form — open terrorist dictatorship

ഫാഷിസമെന്നത് ഒരു ബൂര്‍ഷാ ഭരണകൂടത്തിന്റെ സ്വാഭാവിക പിന്മുറക്കാരല്ല, മറിച്ചു ഭരണകൂടത്തിലെ ബൂര്‍ഷാ വര്‍ഗ്ഗത്തിന്റെ മേധാവിത്വത്തെ ഭീകരവാദ സേഛ്ഛാധിപത്യം കയ്യടക്കുന്ന പ്രക്രിയയാണ്.

ഭ്രാന്തന്‍ ദേശീയത ഉയര്‍ത്തി പഠിക്കുന്ന, ആന്തരിക ശത്രുവിനെ നിര്‍മ്മിച്ചെടുത്ത, എല്ലാ പുരോഗമന/സോഷ്യലിസ്റ്റ്/മതേതര/ലിബറല്‍ മൂല്യങ്ങളെയും ആക്രമിക്കുന്ന, മധ്യകാല പൗരോഹിത്യാധിപത്യം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന, സാമ്രാജ്യത്വ താല്പര്യത്തിനു പൂര്‍ണ്ണമായും കീഴടങ്ങിയ ഒരു ഭരണകൂടത്തിനെ ഒരു ഫാഷിസ്റ്റ് ഭരണകൂടമാകാന്‍ കഴിയൂ.

ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുമ്പോള്‍ മേല്‍പറഞ്ഞ ഘടകങ്ങളെല്ലാം കാണുന്നത് സംഘപരിവാറിലാണ്. നിലവിലെ ഇന്ത്യന്‍ ഭരണകൂടം പൂര്‍ണ്ണമായ ഫാഷിസ്റ്റ് രൂപം കൈവരിച്ചിട്ടില്ലെങ്കിലും അതിനുള്ള എല്ലാ അന്തര്‍ലീന ശക്തിയും സംഭരിച്ചു കൊണ്ടിരിക്കുന്ന ഒന്നാണെന്ന് കാണാം. അതുകൊണ്ടു തന്നെ ഈ ഫാഷിസ്റ്റ് അപായം മുന്നില്‍ കണ്ടുകൊണ്ടേ മാക്‌സിസ്റ്റുകള്‍ക്ക് മുന്നോട്ടു പോകാനാകൂ.

രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു മുമ്പു ഫാഷിസത്തിന്റെ ആദ്യഘട്ടത്തില്‍ സ്പാനിഷ് സിവില്‍ വാറിന്റെ സമയത്ത് കമ്യൂണിസ്റ്റുകള്‍ ധരിച്ചത് സ്വന്തം ശക്തിയില്‍ കമ്യൂണിസ്റ്റ് ബ്രിഗേഡകളെ അയച്ചു കൊടുത്ത് കൊണ്ടു ജനാധിപത്യ സ്‌പെയിനിനെ സംരക്ഷിക്കാമെന്നും ഫ്രാങ്കോയെ പരാജയപ്പെടുത്താമെന്നുമായിരുന്നു.

അതുണ്ടായില്ല. ബൂര്‍ഷ്വാ ശക്തികളും വലതുപക്ഷവും ഒന്നിച്ചു നിന്നുവെന്നു മാത്രമല്ല ഹിറ്റ്‌ലറും മുസോളിനിയും കൂടി ഫ്രാങ്കോക്ക് അനുകൂലമായി യുദ്ധത്തില്‍ പങ്കെടുക്കുകയും ഇടതു ജനാധിപത്യ ശക്തികളെ തോല്‍പ്പിക്കുകയും ചെയ്തു. ഈ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ ഒബ്ജക്ടീവ് ആയി വിശകലനം നടത്തികൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റുകളും എന്തിനു ബൂര്‍ഷ്വാസിയുടെ തന്നെ ഒരു പക്ഷവുമായി ഐക്യപെടാന്‍ സാധിച്ചാല്‍ മാത്രമേ ഫാഷിസത്തെ നേരിടാന്‍ കഴിയുകയുള്ളൂവെന്നു സഖാവ് ജോര്‍ജ്ജി ദിമിത്രോവ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണനില്‍ (മൂന്നാം ഇന്റര്‍നാഷണല്‍) തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും, ഇന്റര്‍നാഷണല്‍ ആ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു അംഗീകരിച്ചതും.

ഇതേ കോണ്‍ഗ്രസില്‍ ഉപസംഹരിച്ചുകൊണ്ടു ജോര്‍ജ്ജി ദിമിത്രെവ് പ്രസംഗിച്ചത് ശ്രദ്ധിക്കൂ

Unity of the Working Class against Fascism

This unanimity may, undoubtedly be regarded as one of the most important conditions for success in solving the paramount immediate problem of the international proletarian movement, namely, establishing unity of action of all sections of the working class in the struggle against fascism.

“ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ വിഭാഗത്തിലുമുള്ള തൊഴിലാളി വര്‍ഗത്തിന്റെയും ഐക്യം സ്ഥാപിക്കുകയെന്നുള്ളത് അന്തര്‍ദേശീയ തൊഴിലാളി പ്രസ്ഥാനം ഏറ്റെടുക്കേണ്ട അടിയന്തിര പ്രശ്‌നമാണെന്നും അവ പരിഹരിക്കുന്നതിനും വിജയിക്കുന്നതിലേക്കുള്ള പരമപ്രധാനമായ ഉപാധിയായും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായ ഐക്യമായി കണക്കാക്കാം.””

ആധുനികതയുടെ എല്ലാ പുരോഗമന ആശയങ്ങളെയും നിഷ്‌കരുണം തള്ളികളയുന്ന സമൂഹത്തെ മൊത്തം മധ്യകാലഘട്ടത്തെ, നീചമതവ്യവസ്ഥയെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമായി ഇന്ത്യന്‍ ഭരണകൂടം മാറിയിരിക്കുന്നു. രാജ്യത്തു നടക്കുന്ന ബീഫ് നിരോധനവും ജാതി മര്‍ദ്ദനവും ഇതരമത വിദ്വേഷ പ്രചാരണങ്ങളും തീവ്രവൈകാരികതയോടെ നടക്കുന്നു.

ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്നതും ഭരണവര്‍ഗ്ഗത്തിന്റെ ഏറ്റവും പിന്തിരിപ്പനും ലാഭാര്‍ത്തി പൂണ്ടതുമായ പേ പിടിച്ച വിഭാഗത്തിന്റെ പിന്തുണയാണ് ഫാഷിസ്റ്റ് ശക്തികളുടെ വര്‍ഗ്ഗാടിത്തറ. വ്യാപകമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഭരണവര്‍ഗ്ഗം പ്രതിസന്ധിയെ മറികടക്കുന്നതിനും കൂടുതല്‍ ലാഭമെന്ന ലക്ഷ്യത്തിലെക്കെത്തുന്നതിനും രാജ്യത്തെ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിനു കീഴിലേക്ക് നയിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തും.

1975 ലെ അടിയന്തിരാവസ്ഥ ഒരു ഭ്രാന്തന്‍ ദേശീയവാദപ്രസ്ഥാനത്തിന്റെ പിന്‍ബലത്താല്‍ നിലവില്‍ വന്ന ഭരണകൂടമല്ല. മതേതര, ലിബറല്‍ മൂല്യങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്ന മത/വംശീയവാദ പ്രസ്ഥാനത്തിന്റെ പിന്തുണയും അതിനുണ്ടായിരുന്നില്ല. ഫിനാന്‍സ് മൂലധന താല്പര്യങ്ങള്‍ക്കു പൂര്‍ണ്ണമായും അടിമപ്പെട്ട ഒന്നുമായിരുന്നില്ല. ഇതേ അടിയന്തിരാവസ്ഥയിലാണ് – അതായത് 1976 ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ ആധുനിക വ്യവഹാരങ്ങള്‍ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയില്‍ സ്ഥാനം പിടിച്ചത് പോലുമെന്നും ഓര്‍ക്കണം.

ഇതെല്ലാം സമ്മതിക്കുമ്പോഴും – പൂര്‍ണ്ണമായും സ്വേച്ഛാധിപത്യ സ്വഭാവം കാണിച്ചിരുന്ന ഭരണകൂട ഭീകരതയുടെ ഉയര്‍ന്ന തലം ആ ഇന്ദിര സര്‍ക്കാര്‍ കാണിച്ചിരുന്നുവെന്നും കാണാതെ പോയിക്കൂടാ. ജനാധിപത്യ വിരുദ്ധമായിരുന്നു ആ ഭരണകൂടത്തിന്റെ നിലപാടുകള്‍. നിര്‍ബന്ധിത വന്ധ്യംകരണമടക്കം (sterilization) അനേകം മനുഷ്യാവകാശ ലംഘനങ്ങള്‍ ഭരണകൂടം നേരിട്ടു തന്നെ നടപ്പിലാക്കിയിരുന്നു. ചോദ്യം ചെയ്യുന്നവരെല്ലാം തന്നെ വിചാരണപോലുമില്ലാതെ ജയിലിലടക്കപ്പെട്ടിരുന്നു. മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു.

രാജ്യമെന്ന നിലയില്‍ നാമിന്നു പാര്‍ലിമെന്ററി ക്രൈസിസ് നേരിടുന്നുണ്ട്. ആദ്യം ചൂണ്ടിക്കാണിച്ച കണക്ക് അതിനെ കുറിച്ചുള്ളതായിരുന്നു. ഇന്ത്യയുടെ അവശേഷിച്ച ബൂര്‍ഷ്വാ പ്രതിപക്ഷം കൂടി തകരുന്നു. ഫാഷിസ്റ്റ് കക്ഷികളെ എങ്ങിനെ നേരിടണമെന്ന ഒരു കാഴ്ച്ചപാടില്ലാതെ അവര്‍ ഉഴലുകയാണ്. അതിനെ വിലയിരുത്തുമ്പോള്‍ പോലും പ്രശ്‌നം തുടങ്ങുന്നത് പാര്‍ലമെന്ററി ക്രൈസിസില്‍ മാത്രമാണെന്നു നാം തെറ്റിദ്ധരിക്കരുത്. യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങുന്നത് സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയായി വികസിച്ചു വന്ന വ്യവസ്ഥയുടെ അടിസ്ഥാന ഭ്രംശമാണ്.

ഇതൊരു വ്യവസ്ഥാനുസാരമായ പ്രതിസന്ധിയായി വളരാന്‍ തുടങ്ങുകയും നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന വളരെ സോളിഡ് ആയ അതേസമയം വളരെ സൂക്ഷ്മതയോടെയുള്ള ഒരു പരിപാടിയിലധിഷ്ഠിതമായ ദിശവേണം. തൊഴിലാളിവര്‍ഗ്ഗത്തെയും കര്‍ഷക ജനതയേയും യോജിപ്പിക്കാന്‍ കഴിയുന്നതും, പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളെയും (അംബേദ്ക്കറൈറ്റ് പ്രസ്ഥാനങ്ങള്‍), അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും, മറ്റു മതേതര ജാനാധിപത്യ ശക്തികളെയും സ്വാംശീകരിക്കാന്‍ കഴിയുന്നതുമായിട്ടുള്ള ഒരു കാഴ്ച്ചപാടിന്റെ സത്യസന്ധമായ അവതരണമാകണം.

ലോകത്തില്‍ മൊത്തം നിലനില്‍ക്കുന്ന വ്യവസ്ഥയുടെ പ്രതിസന്ധിയിലേക്ക് തീവ്രമായ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ അകമ്പടിയോടെ ഇന്ത്യയേയും തള്ളിവിടുന്ന ഒരു ഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്. ആ പ്രതിസന്ധിയുടെ പ്രതിപ്രവര്‍ത്തനമായി സൃഷ്ടിക്കപ്പെടുന്ന ഫാഷിസ്റ്റ് അപായമാണ് നമുക്കു മുന്നിലുള്ളത്. നമുക്കൊരു ഇന്റര്‍നാഷണല്‍ ഫ്രറ്റെണിറ്റി വേണം എന്നുള്ളത് പോലെ തന്നെ രാജ്യത്തിനകത്തും ഒരു ഫ്രറ്റെണിറ്റി വേണം. അധ്വാനത്തിന്റെ ശക്തി മൂലധനത്തിന്റെ ശക്തിക്കെതിരായി നടത്തുന്ന പോരാട്ടമായിരിക്കണം ഈ സാഹോദര്യത്തിന്റെ നട്ടെല്ല്.

തൊഴിലാളി വര്‍ഗ്ഗ കര്‍ഷക-സഖ്യത്തിന്റെ മുന്‍കൈയ്യില്‍ അവശേഷിത മര്‍ദ്ദിത ജനവിഭാഗങ്ങളുടെയും, പുരോഗമന സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഒരു സഖ്യം രൂപീകരിക്കുകയും ഇതിനോടൊപ്പം ചേരാന്‍ തയ്യാറുള്ള മതേത്വര നിലപാടെടുക്കുന്ന മുഴുവന്‍ രാഷ്ട്രീയ കക്ഷികളോടും സഖ്യത്തിനായിരിക്കും ഇന്ത്യയിലെ ഭരണവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ് മൂര്‍്ഛിപ്പിക്കാന്‍ സാധിക്കൂ. അത്തരത്തിലുള്ള ഭിന്നിപ്പു മൂര്‍ഛി്പ്പിക്കാന്‍ തൊഴിലാളി-കര്‍ഷക സഖ്യം പരാജയപെട്ടാല്‍ രാജ്യം ഭീതിദമായ ഫാഷിസ്റ്റ് തേര്‍വാഴ്ച്ചക്ക് അടിമപെടുകയും സാമ്രാജ്യ താല്‍പര്യങ്ങളുള്ള ഫിനാന്‍സ് കാപിറ്റല്‍ തൊഴിലാളി കര്‍ഷക കൂട്ടുകെട്ടിനെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്യും.

ഇക്കാര്യത്തില്‍ ലോകത്ത് മുന്‍ അനുഭവങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഫാഷിസം നിലവില്‍ വന്നതിനു ശേഷം ഉണ്ടാക്കേണ്ട മുന്നണിയെ കുറിച്ചല്ല നാം ചിന്തിക്കേണ്ടത്. ഫാഷിസ്റ്റ് ശക്തികളുടെ അതിന്റെ ആക്രണോല്‍സുക വര്‍ഗ്ഗതാല്പര്യത്തെ തിരിച്ചറിഞ്ഞു അവരെ അധികാരത്തില്‍ നിന്നും തൂത്തെറിയേണ്ട സമര മാര്‍ഗത്തെക്കുറിച്ചും ചിന്തിക്കണ്ടത് മാര്‍ക്‌സിസ്റ്റുകളുടെ ഉത്തരവാദിത്വമാണ്. ഇതിനെ തടയിടുന്നതിനും ഫാഷിസ്റ്റ് ശക്തികളുടെ പാര്‍ലിമെന്റ്റി / പാര്‍ലിമന്റേതര രംഗത്തെ വളര്‍ച്ചയെ പരാജയപ്പെടുത്തുന്നതിനും ഭരണവര്‍ഗങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നിപ്പ് മൂര്‍ഛിപ്പിക്കുക തന്നെ വേണം.

ഫാഷിസ്റ്റ് അപായത്തെ നേരിടുന്നതിനു ഏകമാത്രമായ പ്രയോഗമല്ല വേണ്ടതെന്നും രണ്ടോ അതില്‍ കൂടുതലോ ആയ അടവുനയം മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിക്കണമെന്നുമാണ് എനിക്കുള്ള അഭിപ്രായം. രണ്ടും സമാന്തരമായി നടപ്പിലാക്കേണ്ടവ.

ദീര്‍ഘകാല പദ്ധതിയെന്ന നിലയില്‍ ഫാഷിസ്റ്റ് വിരുദ്ധ സമരമുന്നണിയുണ്ടാകണം. ഫാഷിസ്റ്റ് ആക്രമണം നേരിടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ഐക്യമുന്നണിയാകണം ഇത്.

 ഫാഷിസ്റ്റ് അപായം നേരിടുന്നു എന്നുള്ളത് നാമെല്ലാം സമ്മതിക്കുന്നത് കൊണ്ടു പാര്‍ലമെന്റിലെ ഇരു സഭകളിലും ബി.ജെ.പിക്കു ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് ഉറപ്പുവരുത്തും വിധമുള്ള തെരഞ്ഞെടുപ്പ് മുന്നണി ഉണ്ടാകണം. അങ്ങിനെ മുന്നണി ഉണ്ടാകുന്നതിന്റെ അടിസ്ഥാനം ഒരു കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാകാം. നേരത്തെയും അത്തരം അടവുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനിയുമാതാകാം.

  സാമ്രാജ്യത്വ വിരുദ്ധ സമരമുന്നണി – മറ്റൊരു ദീര്‍ഘകാല പദ്ധതി. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളികളെയും കര്‍ഷകരെയും മര്‍ദ്ദിത ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സ്ഥിരം സമരമുന്നണി.

ഇത്തരത്തില്‍ വ്യത്യസ്തമായും, സമാന്തരമായും നടക്കുന്ന മൂന്നു സമരപാതകള്‍ തുറക്കുന്നതോടെ രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ നേരിടുന്നതിനു മാര്‍ക്‌സിസ്റ്റുകള്‍ക്ക് കഴിയും.

ദിനില്‍ സി.എ

We use cookies to give you the best possible experience. Learn more