| Sunday, 23rd February 2020, 11:52 am

'ഫാസിസ്റ്റ് സഖ്യം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനും ഭീഷണിയാണ്'; നമസ്‌തെ ട്രംപിനെതിരെ തുറന്ന കത്തുമായി മല്ലികാസാരാഭായി അടക്കം 160 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ തുറന്ന കത്തുമായി ഗുജറാത്തിലെ ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അക്കാദമീഷ്യന്മാരും അടങ്ങുന്ന 160 പേര്‍. ‘ജനാധിപത്യത്തെ തകര്‍ക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനും ശ്രമിക്കുന്ന ശക്തികള്‍” തമ്മിലുള്ള ”ഫാസിസ്റ്റ് സഖ്യം” ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് മൊത്തത്തില്‍ അപകടകരമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിന്റെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഗുജറാത്തിലെ ചേരികള്‍ മതില്‍ കെട്ടി മറയ്ക്കുന്ന നടപടികള്‍ വിവാദമായിരുന്നു.അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച് മൊട്ടേര സ്റ്റേഡിയത്തിലാണ് ട്രംപ് എത്തുന്നത്.

നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായ്, അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ഇ.പി.ടി സര്‍വകലാശാല അധ്യാപകര്‍ തുടങ്ങിയവരും കത്ത് എഴുതിയവരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലും യു.എസിലും മോദിയും ട്രംപും ചുക്കാന്‍ പിടിക്കുന്ന സ്വേച്ഛാധിപത്യരാഷ്ട്രീമാണ് ഉയര്‍ന്നു വരുന്നതെന്നും ട്രംപ് വര്‍ഗീയ വാദിയും ഇസ്‌ലാമോഫോബികും വിദ്വേഷം പടര്‍ത്തുന്നവനും ദരിദ്രരോട് വിദ്വേഷമുള്ളവനുമാണെന്നും മോദി പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളെ തടവിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

ലോകത്തെ പൗരന്മാര്‍ക്ക് രാജ്യമില്ലാത്ത വലിയ വിപത്ത് സംജാതമാകുമെന്ന് ഐക്യരാഷ്ട്ര അംഗങ്ങള്‍ പറഞ്ഞ ദേശീയ പൗരത്വപട്ടിക നടപ്പിലാക്കാനാണ് മോദിയുടെ ശ്രമമെന്നും കത്തില്‍ പറയുന്നു.

നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും ട്രംപ് അഭയാര്‍ത്ഥികള്‍ക്ക് വിലേക്കേര്‍പ്പെടുത്തിയതിന് സമാനമാണ് ഇന്ത്യ പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത്. നമസ്‌തേ ട്രംപിന് വേണ്ടി കോടികളാണ് ഇന്ത്യ ചെലവഴിച്ചതെന്നും കത്തില്‍ ആരോപിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ റോഡ് ഷോക്കായി ഒരു ചേരി മറച്ചുവെക്കുന്നതിന് മതില്‍ പണിതതിനെക്കുറിച്ചും 45 കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതിനെക്കുറിച്ചും കഴിഞ്ഞ 20 വര്‍ഷമായി മൊട്ടേരയില്‍ താമസിക്കുന്ന ഒരു സമൂഹത്തെ മാറ്റിപ്പാര്‍പ്പിച്ചതിനെക്കുറിച്ചും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more