എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ഫാസിസം; മീഡിയ വണ്ണിന് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം
Kerala News
എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ഫാസിസം; മീഡിയ വണ്ണിന് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st January 2022, 3:16 pm

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞ നടപടിയില്‍ പ്രതിഷേധം ഉയരുന്നു.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, രമ്യ ഹരിദാസ് എം.പി, ടി. സിദ്ദീഖ് എം.എല്‍.എ, പി.വി അബ്ദുല്‍ വഹാബ് എം.പി, മുൻ എം.എല്‍.എ വി.ടി. ബൽറാം  തുടങ്ങി നിരവധി പേരാണ് ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. പ്രതികരണങ്ങള്‍ വായിക്കാം.

ടി.എന്‍. പ്രതാപന്‍ എം.പി

മീഡിയ വണ്ണിന്റെ പ്രക്ഷേപണം നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സുരക്ഷാ കാരണങ്ങളുടെ പേരില്‍ നടപടിയെടുക്കുന്നു എന്നുമാത്രം പറഞ്ഞ് ചാനല്‍ ആവശ്യപ്പെട്ട വിശദീകരങ്ങള്‍ ഒന്നും തന്നെ ലഭ്യമാക്കാതെ ഏകപക്ഷീയമായ ഒരു നടപടി ഒരു ഏകാധിപത്യ രാജ്യത്ത് മാത്രമേ നടക്കൂ. മുന്‍പും നേരുപറഞ്ഞതിന്റെ പേരില്‍ ചാനല്‍ നിരോധിക്കപ്പെട്ടതും പിന്നീട് വീഴ്ച പറ്റിയതാണെന്ന് മന്ത്രി ക്ഷമാപണം നടത്തേണ്ടതായും വന്നതാണ്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ പിറകോട്ട് പോകുന്നു എന്ന വസ്തുതകള്‍ കാണുമ്പോള്‍ ‘നാട്ടുകാരെ, അയ്യോ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നേ’ എന്ന ഷിബു സ്‌റ്റൈല്‍ മുതലക്കണ്ണീര്‍ നിര്‍ത്തി ഇത്തരം ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്.
മീഡിയ വണ്ണിന്റെ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. അനുരാഗ് താക്കൂറിനോട് ആവശ്യപ്പെടും.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി

മീഡിയ വണ്‍ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, ഇത് രണ്ടാം തവണയാണ് ചാനല്‍ ബാന്‍ ചെയ്യുന്നത്. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ് .
എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണം.

രമ്യ ഹരിദാസ് എം.പി

ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റാണ് മാധ്യമങ്ങള്‍. ഭരണകര്‍ത്താക്കള്‍ കര്‍ത്തവ്യം നിര്‍വഹിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഒരുഭാഗത്ത് നീക്കം നടത്തുമ്പോള്‍ മുന്നറിയിപ്പ് പോലും നല്‍കാതെ,കാരണങ്ങള്‍ ബോധിപ്പിക്കാതെ ലക്ഷക്കണക്കിനാളുകള്‍ വീക്ഷിക്കുന്ന മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടസ്സപ്പെടുത്തി ലൈസന്‍സ് റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

പി.വി. അബ്ദുല്‍ വഹാബ് എം.പി

വ്യക്തമായ ഒരു കാരണവുമില്ലാതെ മീഡിയ വണ്‍ സംപ്രേഷണം തടയുന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റമാണിത്. മാധ്യമങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാല്‍ അവയുടെ വായടയ്ക്കുന്നത് ഫാഷിസമാണ്. പത്രമാരണ നിയമം കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നേരിട്ട ബ്രിട്ടീഷുകാരുടെ രീതിയാണിത്. ഇത്തരം ഹീനമായ നടപടികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമുയരണം.

ടി. സിദ്ദീഖ് എം.എല്‍.എ

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം യാതൊരു കാരണവും ബോധിപ്പിക്കാതെ തടഞ്ഞിരിക്കുന്നു. പ്രതികരിക്കുകയും പ്രതിഷേധിക്കുയും ചെയ്യേണ്ട സാഹചര്യത്തില്‍ മാറി നില്‍ക്കാന്‍ കഴിയില്ല. പ്രതികരിക്കുക… പ്രതിഷേധിക്കുക.

വി.ടി. ബൽറാം 

മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക്‌ ബോധ്യമാവുകയും വേണം.
മീഡിയവൺ മാനേജ്മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണ്ണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ല.
മീഡിയവണ്ണിനൊപ്പം,
അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം.

CONTENT HIGHLIGHTS:  Fascism is covering the mouths of the opposing media; Political leadership with support for Media One