| Sunday, 10th October 2021, 8:37 pm

ഫാസിസം ഒരു മനോനില, വിയോജിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണം; ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ഫാസിസം എന്നത് ഒരു മനോനില ആണെന്നും എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടെന്നും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന ഫാത്തിമ തഹ്‌ലിയ.

കോഴിക്കോട് എം.എന്‍. വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായി ഫാസിസ്റ്റ് കാലത്തെ ജനാധിപത്യത്തിന്റെ പെണ്‍ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഫാത്തിമ തഹ്‌ലിയ

ജനാധിപത്യ വിസ്മയം കൊണ്ടുവേണം ഫാസിസം നേരിടാനെന്നും സ്ത്രീയുടെ ഇടം എന്നത് അവള്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആണ് ഉണ്ടാവുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കുടുംബത്തില്‍, തൊഴില്‍ ഇടങ്ങളില്‍, സംഘടനയില്‍ ഒക്കെ ഫാസിസത്തിന്റെ പ്രതിഫലനം ഉണ്ട്. സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെതിരെ പോരാടണം. വിയോജിക്കാന്‍ ഉള്ള സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും അവര്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എത്രമാത്രം ഇന്ന് ഉണ്ടെന്ന് ചിന്തിക്കണം. ജനാധിപത്യം എന്ന് പറയുന്നത് പരസ്പരം മനസ്സിലാക്കല്‍ ആണെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

മുസ് ലിം  ലീഗിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ഹരിത വിഷയത്തിലെ അനുകൂല നിലപാടുകളാണ് തഹ്‌ലിയയ്ക്ക് എം.എസ്.എഫ് ഭാരവാഹി സ്ഥാനത്ത് നിന്നും പുറത്തോട്ടുള്ള വഴിയൊരുക്കിയത്. ലീഗിലെ പ്രമുഖരടക്കം പല നേതാക്കളും ഹരിത വിഷയത്തെ ലഘൂകരിച്ച് രംഗത്തെത്തിയിരുന്നു.

ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്. പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്‌ലിയ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Fascism is a state of mind that must respect the freedom to disagree;Fatima Tahlia

We use cookies to give you the best possible experience. Learn more