| Saturday, 12th May 2018, 3:27 pm

ഫസല്‍ വധക്കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരായ നടപടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതെന്ന് രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഫസല്‍ വധക്കേസ് അന്വേഷിച്ചതിന്റെ പേരിലാണ് തനിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന്റെ വാദം അടിസ്ഥാനരഹിതമെന്ന് രേഖകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൈക്കൂലിക്കേസില്‍ ആരോപണം നേരിട്ടതിന്റെ പേരില്‍ എടുത്ത സ്വാഭാവിക നടപടി മാത്രമാണ് രാധാകൃഷ്ണനെതിരെ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാമചന്ദ്രന്‍ ഐ.പി.എസ് ആണ് ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ചത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി സിന്‍ഹ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തിരുന്നു.

ഫസല്‍ വധക്കേസില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന് ഇന്നലെയായിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. 2006ല്‍ ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.വൈ.എസ്.പി രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

അന്വേഷണം ഏറ്റെടുത്തതിന്റെ പത്താംദിവസം രാവിലെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് അന്വേഷണം അവസാനിപ്പിക്കാനും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്നും അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ അന്വേഷണം തിരിയുന്നു എന്ന ഘട്ടത്തിലാണ് കോടിയേരി ഇടപെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

കോടിയേരി വിളിക്കുന്നതിന്റെ തലേദിവസം രണ്ടു പ്രധാന സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. സി.പി.ഐ.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് അവരില്‍ നിന്നും വിവരം ലഭിച്ചിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിക്കവേയാണ് അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പഞ്ചാരശീലന്‍, അഡ്വ. വത്സരാജന്‍ എന്നീ സാക്ഷികളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് കോടിയേരി ഇടപെട്ടതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഈ കേസ് അന്വേഷിച്ചതിന്റെ പേരില്‍ തനിക്കെതിരെ വധശ്രമമുണ്ടായെന്നും രാധാകൃഷ്ണന്‍ ആരോപിക്കുന്നു. കണ്ണൂരിലെ ഒരു വീട്ടില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് നട്ടെല്ലിനു പരുക്കേറ്റ തനിക്ക് ഒന്നരവര്‍ഷത്തെ ചികിത്സയ്ക്കുശേഷമാണ് എഴുന്നേറ്റ് നടക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെയുള്ള അനാശാസ്യക്കേസ് കള്ളക്കേസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more