കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജി കൊച്ചി സി.ബി.ഐ കോടതി തള്ളി.
കൊലപാതകം നടത്തിയതു സംബന്ധിച്ചുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളായിരുന്നു അബ്ദുള്‍ സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സുബീഷിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു.
താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഷിനോജ് ,പ്രമീഷ്,പ്രബീഷ് എന്നിവരാണ് തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹനന്‍ വധക്കേസിലെ കുറ്റസമ്മതമൊഴിയിലും ഒന്നരവര്‍ഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസലിനെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് സുബീഷ് പറയുന്നുണ്ട്.
എന്നാല്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെ ഏട്ടുപേരാണ് കേസിലെ പ്രതികളാണെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്.
എന്നാല്‍ സി.ബി.ഐയുടെ കത്തെലുകളെ മറികടക്കുന്ന തെളിവുകളായിരുന്നു പുറത്തുവന്നത്. സി.ബി.ഐ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലായിരുന്നു ഈ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പ്രതികളായ ശേഷം കാരായി രാജനും ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
അതേസമയം ഹരജി തള്ളിക്കൊണ്ടുള്ള സി.ബി.ഐ. കോടതി വിധി ദൂരൂഹമാണെന്നും വിധി പഠിച്ച ശേഷം തുടര്‍ നടപടി ആലോചിക്കുമെന്നും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതികരിച്ചു.