|

ജീവിതം ക്ഷണികമാണ്, അത് ട്രംപിന് വേണ്ടി പാഴാക്കരുത്

ഫാറൂഖ്

ഒരു സത്യവിശ്വാസിയെ ഒരു മാളത്തില്‍ നിന്ന് രണ്ടു പ്രാവശ്യം പാമ്പു കടിക്കില്ല എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്റെ മുമ്പിലേക്ക് ഇടിച്ചു കയറി വരുന്ന തലക്കെട്ടുകള്‍ വായിച്ചു ഒഴിവാക്കുന്നതൊഴിച്ചാല്‍ ട്രംപ് നടത്തുന്ന അഭ്യാസങ്ങളെക്കുറിച്ചോ ദിവസവും ഒപ്പിട്ടു തള്ളുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളെ കുറിച്ചോ ഞാന്‍ ഇപ്പോള്‍ വായിക്കാറോ ചിന്തിക്കാറോ ഇല്ല.

അങ്ങനെ ചെയ്തിരുന്നു, ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ്. അത് കൊണ്ട് അന്നെനിക്ക് നഷ്ടപ്പെട്ട പണം, മനസ്സമാധാനം, സുഹൃത്തുക്കളോടും കുടുംബത്തോടും ചിലവഴിക്കാമായിരുന്ന ദിവസങ്ങള്‍ , വായിക്കുകയോ സിനിമ കാണുകയോ ചെയ്യാമായിരുന്ന മണിക്കൂറുകള്‍, ഇതൊന്നും ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല. ആ ഒരു ഗതികേട് നിങ്ങള്‍ക്ക് വരരുത് എന്ന് കരുതുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

ഇന്ത്യക്കാര്‍, പ്രത്യേകിച്ചു മലയാളികള്‍ എപ്പോഴാണ് അമേരിക്കന്‍ പ്രൈമറികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് എന്നോര്‍മയുണ്ടോ? ഒബാമ മത്സരിക്കാന്‍ തീരുമാനിച്ച സമയം മുതല്‍. മറഡോണ അര്‍ജന്റീനയെ എങ്ങനെ ജനകീയമാക്കിയോ അതെ പോലെയായിരുന്നു ഒബാമ അമേരിക്കന്‍ പ്രൈമറികളെ ലോക പ്രശസ്തമാക്കിയത്.

ബരാക്ക് ഒബാമ

നിങ്ങള്‍ വളരെ ചെറുപ്പമാണെങ്കില്‍ ഒരു പക്ഷെ അറിയുമായിരിക്കില്ല, ചിക്കാഗോയിലെ ഒരു സാധാ രാഷ്ട്രീയക്കാരനായിരുന്നു ഒബാമ, പിന്നീട് ഒരു സെനറ്ററും. പാര്‍ട്ടിയിലെ ഏറ്റവും ശക്തയായ ഹില്ലരി ക്ലിന്റനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒബാമ രംഗപ്രവേശം ചെയ്തത് മുതലാണ് ലോകത്തിന്റെ ശ്രദ്ധ അമേരിക്കന്‍ പ്രൈമറികളിലേക്ക് തിരിയുന്നത്. മാസങ്ങള്‍ നീണ്ടു നിന്ന ഒരു ത്രില്ലര്‍ ആയിരുന്നു അത്. കൂടുതല്‍ അറിയേണ്ടവര്‍ ഗെയിം ചേഞ്ച് എന്ന ഒരു പുസ്തകമുണ്ട്, അത് വാങ്ങി വായിച്ചാല്‍ മതി.

അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‌ രണ്ടു ഘട്ടങ്ങളുണ്ട്. അമേരിക്കക്ക് മാത്രമല്ല, പൊതുവേ വെസ്റ്റേണ്‍ ഡെമോക്രസികളില്‍ മുഴുവന്‍ അങ്ങനെയാണ്. ആദ്യം പാര്‍ട്ടിക്കുള്ളിലെ പ്രൈമറി, പിന്നെ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രധാന മത്സരം.

ഈ രാജ്യങ്ങളിലൊക്കെ രണ്ട് പാര്‍ട്ടികളോ മുന്നണികളോ ആണുണ്ടാകുക, ലിബറല്‍, പ്രോഗ്രസ്സിവ് എന്നൊക്കെ വിളിക്കുന്ന ഒരു പാര്‍ട്ടി. കണ്‍സര്‍വേറ്റീവ്, നാഷണലിസ്റ്റ്, പോപ്പുലിസ്റ്റ് എന്നൊക്കെ വിളിക്കപ്പെടുന്ന രണ്ടാമതൊരു പാര്‍ട്ടി.

ഏറ്റവും കൂടുതല്‍ വംശീയതയും സ്ത്രീവിരുദ്ധയും ഹോമോഫോബിയയുമൊക്കെ പറയുന്നവര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വച്ചടി വച്ചടി കയറ്റമാണ്.

അമേരിക്കയില്‍ ഇത് യഥാക്രമം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളാണ്, ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും. ഭരണത്തിലെത്തിയാല്‍ ഇവര്‍ തമ്മില്‍ വ്യത്യാസമൊന്നുമുണ്ടാകില്ലെങ്കിലും പ്രൈമറിയില്‍ വലിയ വ്യത്യാസമുണ്ടാകും.

ലിബറല്‍ പാര്‍ട്ടികളില്‍ പൊതുവെ വിദ്യാര്‍ഥികകളും യുവാക്കളുമായിരിക്കും, കണ്‍സര്‍വേറ്റീവില്‍ പ്രായമുള്ളവരും. അവരുടെ വോട്ട് കിട്ടാനുള്ള അഭ്യാസങ്ങളാണ് യഥാക്രമം പ്രൈമറികളില്‍ നടക്കുക.

ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ യുവാക്കളായ പാര്‍ട്ടിക്കാരുടെ വോട്ട് കിട്ടാന്‍ പ്രൈമറിയില്‍ പുരോഗമനപരമായ ആശയങ്ങള്‍ പറയും, കണ്‍സര്‍വേറ്റീവ്കാര്‍ പ്രായമുള്ളവരുടെ വോട്ടിന് വേണ്ടി പിന്തിരിപ്പന്‍ കാര്യങ്ങള്‍ പറയും.

ഉദാഹരണത്തിന്, ഡെമോക്രറ്റിക് പാര്‍ട്ടിക്കാള്‍ ലിംഗ സമത്വം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍, ലോക സമാധാനം ഒക്കെ പറയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ സ്വവര്‍ഗാനുരാഗികള്‍ വേണ്ട, ഗര്‍ഭഛിദ്രം വേണ്ട, കുടിയേറ്റക്കാര്‍ വേണ്ട തുടങ്ങി നിലപാടുകള്‍ എടുക്കും.

ജയിച്ചാല്‍ പിന്നെ വ്യത്യാസമൊന്നുമില്ല, ഉദാഹരണത്തിന് ഏറ്റവും കൂടുതല്‍ യുദ്ധങ്ങള്‍ നടത്തിയതും കുടിയേറ്റക്കാരെ പുറത്താക്കിയതും ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായ ഒബാമയും ബൈഡനുമാണ്, സ്വവര്‍ഗാനുരാഗികള്‍ക്ക് ഏറ്റവും അവകാശങ്ങള്‍ നല്‍കിയത് റിപ്പബ്ലിക്കന്‍ ആയ ബുഷ് ആണ്. എന്നാലും പ്രൈമറിയില്‍ ഒടുക്കത്തെ നിലപാടുകള്‍ ആയിരിക്കും.

ജോ ബൈഡന്‍

അങ്ങനെ ഒരു പ്രൈമറിയിലാണ് ഞാന്‍ ആദ്യമായി ട്രംപിനെ കാണുന്നത്. നേരിട്ടല്ല, ടെലിവിഷനില്‍. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ എന്റെ ഫേവറിറ്റ് സ്‌പോര്‍ട്‌സ് ആയിരുന്നു അമേരിക്കന്‍ ഇലക്ഷന്‍. സ്‌പോര്‍ട്‌സ് പോലെ ആസ്വദിക്കാന്‍ പറ്റുന്നതാണ് പ്രൈമറി. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന മത്സരം, സ്‌കോര്‍ ബോര്‍ഡുകള്‍, ദിവസവും എക്‌സിറ്റ്‌ പോളുകള്‍, പരസ്പരമുള്ള ആക്രമണങ്ങള്‍, ആകെ ജഗപൊക.

ആദ്യം പത്ത് പതിനഞ്ചു പേരുണ്ടാകും. ഓരോ സ്റ്റേറ്റും എലിമിനേഷന്‍ റൗണ്ട് പോലെയാണ്, ഓരോരുത്തര്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കും, അവസാനം രണ്ടാള്‍ ബാക്കിയാവും. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ ഒരു സ്വര്‍ണ നിറത്തിലുള്ള ലിഫ്റ്റില്‍ ഇറങ്ങി വന്ന ട്രംപ് തന്നെ കാത്തിരുക്കന്ന അനേകം ക്യാമറകള്‍ക്ക് മുമ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ദിവസം എന്റെ ആസ്വാദനം ഉത്കണ്ഠയിലേക്ക് മാറി. സ്ഥിരമായ ഉത്കണ്ഠയായിരുന്നു പിന്നീട് ഒരു വര്‍ഷത്തോളം എനിക്ക്.

അമേരിക്കയിലെ ജര്‍മന്‍ കുടിയേറ്റക്കാരുടെ പരമ്പരയില്‍ റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്റെ മകനായിട്ടായിരുന്നു ട്രംപ് ജനിച്ചത്. പിന്നീട് അദ്ദേഹം അപ്പ്രെന്റിസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായി. 2004 മുതല്‍ 2015 വരെ അമേരിക്കന്‍ ടെലിവിഷനുകളില്‍ അദ്ദേഹത്തിന്റെ റിയാലിറ്റി ഷോ നിറഞ്ഞു നിന്നു.

നിങ്ങള്‍ റിയാലിറ്റി ഷോകള്‍ കണ്ടിട്ടുങ്കില്‍ മനസ്സിലായിരിക്കും, ഏതൊക്കെ നാടകങ്ങളാണ് ഒരു റിയാലിറ്റി ഷോ വിജയിപ്പിക്കാന്‍ വേണ്ടിവരുന്നതെന്ന്. തമാശകള്‍, ആക്രോശങ്ങള്‍, വിവരക്കേടുകള്‍, ചളിപ്പുകള്‍, ക്രൂര ഫലിതങ്ങള്‍, കണ്ണീരുകള്‍, നഗ്‌നത, വംശീയത തുടങ്ങി ഓരോ പ്രാവശ്യവും പ്രേക്ഷകര്‍ക്ക് എന്തെങ്കിലും ഓര്‍മിക്കാനും അടുത്ത പ്രാവശ്യം കാണാനുമുള്ള എന്തെങ്കിലും ഓരോ എപ്പിസോഡിലും ഉണ്ടാകുക എന്നതാണ് ഒരു റിയാലിറ്റി ഷോയുടെ വിജയം നിര്‍ണയിക്കുന്നത്.

പത്തിലധികം വര്‍ഷം അമേരിക്കയില്‍ ഒരു റിയാലിറ്റി ഷോ നടത്തിയിട്ടുണ്ടെങ്കില്‍ എന്തൊക്കെ ട്രംപ് കാട്ടിക്കൂട്ടിയിട്ടുണ്ടാകും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകും, പല എപ്പിസോഡുകളും ഇപ്പോഴും ഇന്റര്‍നെറ്റിലുണ്ട്, നിങ്ങള്‍ക്ക് കണ്ടു മനസിലാക്കാം. താന്‍ സ്ത്രീകളെ അവരുടെ സ്വകാര്യ ഭാഗത്തിലൂടെ പിടിച്ചതിന്റെ വിവരണങ്ങള്‍ , യു ആര്‍ ഫയേര്‍ഡ് ആക്രോശങ്ങള്‍, സ്വന്തം ഭാര്യയെ ചതിച്ചതിന്റെ കഥകള്‍ ഒക്കെ ട്രംപ് റിയാലിറ്റി ഷോയിലൂടെ പറയുന്നതൊക്കെയാണ് ഹൈലൈറ്റുകള്‍.

ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായിരുന്നു ട്രംപ്. അനധികൃത കുടിയേറ്റക്കാരായിരുന്നു ട്രംപ് ടവറുകള്‍ മുഴുവന്‍ പണിതത്, ഭാര്യമാരും കുടിയേറ്റക്കാര്‍. പണക്കാരായ അറബികളായിരുന്നു സുഹൃത്തുക്കള്‍ മുഴുവന്‍. സ്വവര്‍ഗ രതിക്കാര്‍ക്കുള്ള ക്ലബുകളും പാര്‍ട്ടികളും ട്രംപ് ടവറുകളില്‍ സ്ഥിരമായി നടത്തിയിരുന്നു.

റിയാലിറ്റി ഷോ യിലൂടെ കിട്ടിയ പ്രശസ്തിയിലൂടെ പ്രസിഡന്റ് ആകാനാണ് ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. അതിന്റെ കാരണം ആദ്യം പറഞ്ഞതാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പൊതുവെ പ്രായമുള്ള വെള്ളക്കാരാണ്.

ഏറ്റവും കൂടുതല്‍ വംശീയതയും സ്ത്രീവിരുദ്ധയും ഹോമോഫോബിയയുമൊക്കെ പറയുന്നവര്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വച്ചടി വച്ചടി കയറ്റമാണ്.

ഒരു ചളിപ്പുമില്ലാതെ ഇതൊന്നും പറയാന്‍ ട്രംപിന് പ്രത്യേകിച്ച് മടിയൊന്നുമില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബേസ് അങ്ങനെയല്ല, വിവരക്കേട് പറഞ്ഞത് കൊണ്ട് മാത്രം അവിടെ വോട്ട് കിട്ടില്ല. അത് കൊണ്ട് കറക്റ്റ് സമയത്ത് ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് ചാടി.

ഡൊണാള്‍ഡ് ട്രംപ്‌

2016 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഒബാമ അമേരിക്കയിലല്ല ജനിച്ചത് എന്നു പറഞ്ഞു ബഹളം വച്ചായിരുന്നു ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് വരുന്നത്. കെനിയക്കാരനായ കറുത്ത വര്‍ഗക്കാരനായിരുന്നു ഒബാമയുടെ അച്ഛന്‍. ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായതിലുള്ള വംശീയ വിരോധം ഉള്ളിലൊതുക്കി നടന്നിരുന്ന റിപ്പബ്ലിക്കന്‍ ബേസിന് ഇതങ്ങു ബോധിച്ചു. ഒബാമ അവസാനം തന്റെ ബര്‍ത്ത് സെര്ടിഫിക്കറ്റിന്റെ ഫുള്‍ വേര്‍ഷന്‍ കാണിക്കേണ്ടി വരുന്നതിലേക്ക് ഈ പ്രചാരണം എത്തി. അതിനു ശേഷമാണ് നമ്മള്‍ നേരത്തെ പറഞ്ഞ റണ്‍. അമേരിക്കയില്‍ സ്ഥാനാര്ഥിത്വത്തിന് റണ്‍ എന്നാണ് പറയുക. അതിന് കൃത്യമായ ഒരു മലയാള പദമില്ല.

സാധാരണ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ റണ്‍ തുടങ്ങുന്ന സമയത് സ്ഥാനാര്‍ഥി നടത്തുന്ന ഒരു പ്രസംഗമുണ്ട്, നേരത്തെ പറഞ്ഞ കാര്യങ്ങള്‍ വച്ച് ആര്‍ക്കും അത് ഊഹിക്കാം, അല്ലെങ്കില്‍ ചാറ്റ്ജി.പി.ടി പറഞ്ഞു തരും. ട്രംപ് ആകുമ്പോള്‍ കുറച്ചു സ്‌പെഷ്യല്‍ ആകുമല്ലോ. അങ്ങനത്തെ സ്‌പെഷ്യല്‍ ആയിരുന്നു, മെക്‌സിക്കോക്കാര്‍ ബലാത്സംഗക്കാരും കൊലപാതകികളാണെന്നുമുള്ള പ്രഖ്യാപനം, ജയിച്ചാല്‍ മെക്‌സിക്കോക്കാരെ മുഴുവന്‍ പുറത്താക്കുമെന്നും മെക്‌സിക്കോക്കാരുടെ പണം കൊണ്ട് മെക്‌സിക്കോ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ കെട്ടുമെന്നുമെന്നും ഒക്കെയുള്ള വാഗ്ദാനം.

മേക് അമേരിക്ക ഗ്രെറ്റ് എഗൈന്‍ എന്നതായിരുന്നു മുദ്രാവാക്യം. അമേരിക്കരുടെ ഏറ്റവും പ്രതാപ കാലത്തിരുന്നു കൊണ്ട് വംശഹത്യയുടേയും അടിമത്വത്തിന്റെയും സിവില്‍ വാറിന്റെയും കാലത്തേക്ക് കൊണ്ട് പോകും എന്നതായിരുന്നു ആ മുദ്രാവാക്യത്തിന്റെ അര്‍ഥം.

ഫുട്‌ബോള്‍ കാണുന്നത് പോലെ കണ്ടു കൊണ്ടിരിക്കുന്നതായിരുന്നു എനിക്ക് അമേരിക്കന്‍ പ്രൈമറി എന്ന് പറഞ്ഞുവല്ലോ, ഇതൊക്കെ എല്ലാ രാഷ്ട്രീയക്കാരും പറയുന്നതുമാണ്. മാത്രമല്ല ആരാന്റമ്മക്ക് പ്രാന്ത് വന്നാല്‍ കണ്ടിരിക്കാന്‍ നല്ല രാസമാണല്ലോ.

പക്ഷെ ട്രംപിന്റെ അടുത്ത വാഗ്ദാനം എന്റെ നെഞ്ചിന്റെ നേരെ തന്നെ വന്നു. എന്റെ ജീവിതം കീഴ്‌മേല്‍ മറിക്കാന്‍ പോകുന്നതായിരുന്നു ആ വാഗ്ദാനം. മുസ്‌ലിം ബാന്‍. അമേരിക്കയിലേക്ക് മുസ്‌ലിങ്ങള്‍ വരുന്നത് നിരോധിക്കും.

പാസ്സ്‌പോര്‍ട്ടിലൊന്നും മതം രേഖപെടുത്താറില്ല, അപ്പൊ പിന്നെ പേര് നോക്കിയായിരിക്കും മുസ്‌ലിങ്ങളെ വിലക്കുക. എനിക്കാണെങ്കില്‍ ആര്‍ക്കും ഒറ്റനോട്ടത്തില്‍ മുസ്‌ലിമാണെന്ന് മനസ്സിലാകുന്ന ഒരു പേരാണുള്ളത്. ഇതൊന്നും സാധാരണഗതിയില്‍ ലോകത്തുള്ള തൊണ്ണൂറ്റൊമ്പത് ശതമാനം മുസ്‌ലിങ്ങളെയും ബാധിക്കുന്നതല്ല, പക്ഷെ എന്റെ സാഹചര്യം അങ്ങനെയായിരുന്നില്ല.

ഞാന്‍ ഇത് വരെ കണ്ടത് മുഴുവന്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവസാനം ട്രംപ് പ്രസിഡന്റാകേണ്ടി വന്നു. എന്റെ പിഴ, വലിയ പിഴ.

എനിക്ക് തൊഴില്‍പരമായി അമേരിക്കയില്‍ ഇടക്കിടക്ക് പോകുക എന്നത് പരമ പ്രധാനമായിരുന്നു ആ സമയത്ത്. കൂടാതെ കുടുംബം. വിദ്യാഭ്യാസം തുടങ്ങിയവയും വലിയ തോതില്‍ അമേരിക്കയുമായി ബന്ധപ്പെട്ടായിരുന്നു കിടന്നിരുന്നത്. പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട് മാത്രമല്ല അമേരിക്കയില്‍ പോകാന്‍ കഴിയാത്തതില്‍ എനിക്ക് വലിയ നഷ്ടബോധം തോന്നിയത്, അമേരിക്ക എനിക്ക് വലിയ ഇഷ്ടമായിരുന്നു.

അമേരിക്ക നല്‍കുന്ന പരിധികളില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം, സ്വയം പ്രഖ്യാപിത ക്യാപിറ്റലിസ്റ്റ് എന്ന നിലയില്‍ എനിക്ക് അമേരിക്ക നല്‍കുന്ന പ്രചോദനം, പാതിരാ കോമഡി പ്രോഗ്രാമുകള്‍, പോപ്പ് ഗായകര്‍, മെക്‌സിക്കന്‍ ഫുഡ്, എന്ന് വേണ്ട ഹോളിവുഡ്, ഹാര്‍വാര്‍ഡ്, ഡിസ്നി ലാന്‍ഡ്, സിലിക്കണ്‍ വാലി, തുടങ്ങി എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ലായിരുന്നു അമേരിക്കയില്‍, ഒരു പക്ഷെ അമേരിക്കന്‍ ഫുട്ബാള്‍ ഒഴിച്ച്. അമേരിക്കയിലേക്കുള്ള വിലക്ക് എന്നത് എന്റെ ജീവിതത്തിന്റെ എസ്സെന്‍സ് ഒഴുക്കി കളയുന്നതായി എനിക്ക് തോന്നി തുടങ്ങി.

പിന്നീട് ഒരു കൊല്ലം, പ്രൈമറി തുടങ്ങി, അതില്‍ വിജയിച്ചു ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി, പിന്നീട് പ്രസിഡന്റ് ആകുന്നത് വരെ, ഭീകരമായ ഉത്കണ്ഠകളിലൂടെയായിരുന്നു എന്റെ ജീവിതം കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ട്രംപ് വരുന്നതിന് മുമ്പേ തന്നെ പല പ്രാവശ്യം അമേരിക്കയില്‍ പോയി തിരിച്ചു വന്നു. ആ വകയില്‍ കുറെ പണം ചിലവാക്കി. കിട്ടാവുന്ന പത്രങ്ങളും ബുക്കുകളും ഭരണഘടനയും ഒക്കെ വായിച്ചു ട്രംപ് ജയിക്കുമോ ജയിച്ചാല്‍ എന്നെ വിലക്കുമോ എന്നൊക്കെ ചിന്തിച്ചു കുറെ ദിവസം ഉറക്കം നഷ്ടപ്പെടുത്തി.

കൂട്ടുകാരുമായി അത് തന്നെ സംസാരിച്ചു, കുറെ സമയം അങ്ങനെയും പോയി. ട്വിറ്ററില്‍ ആയിരം ട്രംപ് സംബന്ധമായ അക്കൗണ്ടുകള്‍ ഫോളോ ചെയ്തു കുറെ വിവരക്കേടുകള്‍ വായിച്ചു, കുറെ യൂട്യൂബ് വിശകലനങ്ങള്‍ കേട്ട് അങ്ങനെയും കുറെ സമയം പോയി. കൂട്ടുകാരോടും കുടുംബത്തോടും സന്തോഷമായി ചെലവഴിക്കേണ്ട, പുസ്തകം വായിക്കുകയോ സിനിമ കാണുകയോ ചെയ്യാമായിരുന്ന മണിക്കൂറുകളോ ദിവസങ്ങളോ ഇങ്ങനെയൊക്കെ നഷ്ടപ്പെട്ടു, ഒരിക്കലും തിരിച്ചു കിട്ടാത്ത മണിക്കൂറുകള്‍.ഞാന്‍ ഇത് വരെ കണ്ടത് മുഴുവന്‍ ഒരു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവസാനം ട്രംപ് പ്രസിഡന്റാകേണ്ടി വന്നു. എന്റെ പിഴ, വലിയ പിഴ.

എട്ടു കൊല്ലം മുമ്പ്, അതായത്, 2017 ജനുവരി 20ന് പകല്‍ ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അന്ന് രാത്രി തുടങ്ങിയതാണ് ചറപറാ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഒപ്പിടാന്‍. ഒരു ഫയല്‍ തുറന്ന് പിടിച്ചു ഹൃദ്രോഗികളുടെ ഇ.സി.ജി പോലെ എന്തൊക്കെയോ കുത്തിവരച്ചിട്ട് ഇതാ ഒപ്പ് എന്ന് പറഞ്ഞു ടെലിവിഷന്‍ ക്യാമറയ്ക്ക് നേരെ പൊക്കി കാണിക്കും.

ഒന്നാമത്തെ ദിവസം തന്നെ പത്തിരുപതെണ്ണം ഒപ്പിട്ടു. എന്തൊക്കെയോ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍, എന്തൊക്കെയാണെന്ന് ആരോര്‍ക്കാന്‍, വല്ല കാര്യവുമുണ്ടെണ്ടെങ്കിലല്ലേ ആരെങ്കിലും ഓര്‍ക്കൂ. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ പേടിച്ച ഓര്‍ഡര്‍ വന്നു, മുസ്‌ലിം ബാന്‍.

ജനുവരി 27 ന് മുസ്‌ലിം ബാന്‍ എന്ന് പറഞ്ഞു ട്രംപ് ക്യാമറകകള്‍ക്ക് മുമ്പില്‍ പൊക്കിക്കാണിച്ചത് വായിച്ചു നോക്കിയാല്‍ ഇത്രയേയുള്ളൂ, അമേരിക്ക മുമ്പേ തന്നെ ഉപരോധം ഏര്‍പ്പെടുത്തിയ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തെ ട്രാവല്‍ ബാന്‍. ഈ രാജ്യങ്ങളില്‍ മുമ്പേ തന്നെ അമേരിക്കന്‍ എംബസ്സി ഇല്ലാത്തത് കൊണ്ട് അവരാരും ഈ ട്രാവല്‍ ബാന്‍ ശ്രദ്ധിച്ചു പോലുമില്ല. പിന്നീട് അതും എടുത്തു കളഞ്ഞു. ഈ ഞാന്‍ തന്നെ നിരവധി പ്രാവശ്യം അതിന് ശേഷം അമേരിക്കയില്‍ പോയി.

2017ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ സൗദി സന്ദര്‍ശനം

മുസ്‌ലിം  ബാന്‍ ട്രംപും മറന്നു ഞാനും മറന്നു. പിന്നെ ട്രംപിനെ കാണുന്നത് റിയാദിലാണ്. പ്രസിഡന്റെന്ന നിലയില്‍ ആദ്യമായി ട്രംപ് നടത്തിയ വിദേശ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. അവിടെ വച്ച് സൗദി അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ പോകുന്നതെന്ന് പറഞ്ഞു എന്തൊക്കെയോ സാധനങ്ങളുടെ ഫോട്ടോകള്‍ ഉയര്‍ത്തി കാണിച്ചു. കൂടെ മുസ്‌ലിങ്ങളൊക്കെ എത്ര കുലീനരായ മനുഷ്യര്‍ എന്ന ഒരു സര്‍ട്ടിഫിക്കറ്റും നല്‍കി.

ഏതായാലും ഇപ്രാവശ്യത്തെ ഇലക്ഷനില്‍ അമേരിക്കന്‍ മുസ്‌ലിങ്ങള്‍ കൂട്ടമായി ട്രംപിന് വോട്ട് ചെയ്തു. ബൈഡനെ പോലെ ഒരു ദുഷ്ടന്‍ വേണോ അതോ ട്രംപിനെ പോലെ ഒരു വിടുവായന്‍ വേണോ എന്ന ചോദ്യം വന്നപ്പോള്‍ അമേരിക്കന്‍ മുസ്‌ലിങ്ങള്‍ വിടുവായനെ തിരഞ്ഞെടുത്തു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നത് ഇന്ത്യയില്‍ മാത്രമല്ല അറബ് ലോകത്ത് മൊത്തത്തിലായിരുന്നു. അറബ് ഭരണാധികാരികള്‍ മാത്രമല്ല ലോകത്തിലെ മറ്റെല്ലാ ഭരണാധികാരികളും, ട്രംപിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അതിനിടക്ക് പഠിച്ചിട്ടുണ്ടായിരുന്നു.

1987 ലാണ് ട്രംപിന്റെ പേരില്‍ ആര്‍ട് ഓഫ് ഡീല്‍ എന്ന ഒരു പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ വിലപേശല്‍ സാമര്‍ഥ്യം വായനക്കാരുമായി പങ്കു വെക്കുന്നതാണ് പുസ്തകം. അതില്‍ ട്രംപ് പറയുന്നത് പ്രധാനമായും ഇതാണ്, ആരുമായിട്ടാണോ വിലപേശണ്ടത്, അവരെ ഞെട്ടിക്കുന്ന എന്തെകിലുമൊക്കെ പറയുക. പ്രത്യേകിച്ചും നിങ്ങളുടെ കയ്യില്‍ പണമോ അധികാരമോ ഉണ്ടെകില്‍ അവരെ പേടിപ്പിക്കുന്ന എന്തെങ്കിലും പറയുക, അവര്‍ നിങ്ങളെ തേടി വരും. അപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് വാങ്ങിച്ചെടുക്കുക.

ഈ പുസ്തകത്തിലുള്ള അതെ ട്രിക്കുകളാണ് ഇപ്പോഴും ട്രംപ് എടുത്ത് വീശുന്നത്. പ്രശ്‌നമെന്താണെന്ന് വച്ചാല്‍ ഈ പുസ്തകം വായിക്കാത്ത മനുഷ്യരില്ല, അത് കൊണ്ട് തന്നെ ട്രംപിന്റെ ട്രിക്ക് എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ ട്രംപ് ഞെട്ടിക്കുന്ന വര്‍ത്തമാനം പറഞ്ഞാല്‍ ആരും ട്രംപിനെ തേടിച്ചെന്ന് ഒന്നും കൊടുക്കുന്നില്ല.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് പറഞ്ഞിട്ട് യൂറോപ്പ് മിണ്ടുന്നില്ല, പനാമ കനാല്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞിട്ട് പനാമ ഞെട്ടുന്നില്ല, ഗാസ പിടിച്ചെടുക്കുമെന്ന് പറഞ്ഞിട്ട് ഫലസ്തീനികള്‍ കുലുങ്ങുന്നില്ല. ആരും ഡീല്‍ ഉണ്ടാക്കാന്‍ ട്രംപിനെ തേടി ചെല്ലുന്നില്ല. എത്രത്തോളമെന്ന് വച്ചാല്‍ 25% താരിഫ് ഏര്‍പെടുത്തിയതിന് ശേഷം കാനഡയും മെക്‌സിക്കോയും പേടിക്കാത്തത് കൊണ്ട് ട്രംപ് അങ്ങോട്ട് പോയി മുഖം രക്ഷിക്കാന്‍ ഒരു ഡീല്‍ ഉണ്ടാക്കുകയായിരുന്നു.

പത്തു നൂറു പട്ടാളക്കാരെ അതിര്‍ത്തിയിലേക്ക് അയക്കാമെന്നോ മറ്റോ ഉള്ള ഒരു ഡീല്‍. അതാരും ശ്രദ്ധിച്ചു പോലുമില്ല. ചൈന കുലുക്കമില്ലാത്ത ഇന്നസെന്റിന്റെ മുഖഭാവവുമായി നില്‍പ്പാണ്, ഒരു ഡീലും അവര്‍ക്ക് വേണ്ട. നൂറു ശതമാനം താരിഫ് ഏര്‍പെടുത്തിയാലും അമേരിക്കക്കാര്‍ താരിഫ് കൊടുത്തു മുടിയുമെന്നല്ലാതെ അമേരിക്കയില്‍ ഇനി മാനുഫാക്ച്ചറിങ്‌ നടക്കുകയില്ല എന്ന് ചൈനക്കറിയാം, ആ കപ്പല്‍ എന്നോ തുറമുഖം വിട്ടു പോയിരിക്കുന്നു.

Xi Jinping

വിദേശ രാഷ്ട്രത്തലവന്മാന്‍ ട്രംപിനെ അവഗണിക്കുന്നത് മനസ്സിലാക്കാം, എന്നാല്‍ അമേരിക്കക്കാര്‍ തന്നെ അയാളെ അവഗണിക്കുന്നതാണ് ഇപ്പോഴത്തെ റിയാലിറ്റി ഷോ ട്രെന്‍ഡ്.

ഉദാഹരണത്തിന് ആണും പെണ്ണും മാത്രമേ അമേരിക്കയിലുള്ളൂ എന്നും സ്വവര്‍ഗ എല്‍.ജി.ബി.ടി പരിപാടികളൊന്നും ഇനി ഇല്ലെന്നും പറഞ്ഞു ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പിട്ടു ക്യാമറയില്‍ കാണിച്ചു. ഒരു അമേരിക്കക്കാരനെങ്കിലും പ്രധിഷേധിക്കുന്നതോ തെരുവിലിറങ്ങുന്നതോ നിങ്ങള്‍ കണ്ടോ. ഉണ്ടാകില്ല. കാരണം ട്രംപ് ഒപ്പിട്ടു തള്ളുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ തങ്ങള്‍ക്ക് ഒരു ബാധ്യതയും ഇല്ലെന്നും ആ ഉത്തരവുകള്‍ക്ക് അതെഴുതിയ കടലാസിന്റെ വിലയേ ഉള്ളുവെന്നും അമേരിക്കക്കാര്‍ മനസ്സിലാക്കി.

2017 ജനുവരി മുതല്‍ 2020 വരെ തുടര്‍ന്നും ഞാന്‍ ട്രംപിനെ കണ്ടു കൊണ്ടിരുന്നു. മുസ്‌ലിം ബാന്‍ കഴിഞ്ഞതിന് ശേഷം പിന്നീട് റിയാലിറ്റി ഷോ എന്ന നിലയിലാണെന്ന് മാത്രം. അശ്വന്ത് കോക് പറയുന്നത് പോലെ മലങ്കള്‍ട്ടണെന്ന് സ്വയം തീരുമാനിച്ചാല്‍ ഏതു തല്ലിപ്പൊളി ഷോയും ആസ്വദിച്ചു കാണാം.

അമേരിക്കന്‍ പാതിരാ കോമഡി ഷോകള്‍ എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ. പിന്നീടങ്ങോട്ട് കോമഡിയുടെ പ്രവാഹമായിരുന്നു. ട്രംപ് ദിവസവും എന്തെങ്കിലും കാണിക്കും, ചിലപ്പോല്‍ കോമഡി, ചിലപ്പോള്‍ കോപം, മിക്കപ്പോഴും വിടുവായത്തം, മറ്റു ചിലപ്പോള്‍ ക്രൂരത, വല്ലപ്പോഴും ആക്രോശം, എന്തെങ്കിലും ഒരു ഷോ ദിവസവും ഉണ്ടാകും.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊറോണക്കാലത്ത് അമേരിക്കക്കാരോട് വയറ്റിലെ കൊറോണ വൈറസിനെ കൊല്ലാന്‍ കക്കൂസ് കഴുകുന്ന ഹാര്‍പിക് കുടിക്കാന്‍ പറഞ്ഞതാണ്. കൂട്ടത്തില്‍ പറയാമല്ലോ, കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും വലിയ പരാജയമായവരുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തെത്തിയിരുന്നു ട്രംപ്.

ക്രമേണ ഈ റിയാലിറ്റി ഷോ മിക്കവരെയും പോലെ എനിക്കും മടുത്തു. പിന്നെ കേട്ടത് ട്രംപ് തോറ്റതും തോല്‍വി സമ്മതിക്കാത്ത ട്രംപും അനുയായികളും വാഷിംഗ്ടണ്‍ ഡി.സിയില്‍ കലാപം ഉണ്ടാക്കുന്നതുമൊക്കെയാണ്‌

ഇനിയിപ്പോള്‍ , 2025 മുതല്‍ 2028 വരെ ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടാകും, അക്കാലത്തു ഒരു കാര്യം മാത്രമേ ഉറപ്പുള്ളൂ,  ട്രംപിന്റെ വക ദിവസവും ഓരോ ഷോ ഉണ്ടാകും. അത് നോക്കിയിരുന്ന് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ നശിപ്പിക്കണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.

എന്റെ ഉപദേശം ഇത്രയേയുള്ളൂ. നിങ്ങള്‍ അമേരിക്കയില്‍ തൊഴില്‍ വിസയിലാണെങ്കില്‍, ജനിക്കാന്‍ പോകുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം വേണമെന്ന് ആഗ്രഹിക്കുന്ന രാജ്യസ്‌നേഹിയാണെങ്കില്‍ കുടുംബാസൂത്രണം കുറച്ചു മാസത്തേക്ക് കൂടി നീട്ടുക.

H1B വിസയിലൂടെ അമേരിക്കയില്‍ പോകാമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന എഞ്ചിനീയര്‍ ആണെങ്കില്‍ അതിനിനി വലിയ സാധ്യതയില്ല, ട്രംപല്ല അതിന്റെ കാരണം, അമേരിക്കയില്‍ ഇനി ഓണ്‍ സൈറ്റ് എന്‍ജിനീര്‍മാരെ ആവശ്യമില്ല, അതിന് പല കാരണങ്ങളുണ്ട്, അത് മറ്റൊരവസരത്തില്‍ പറയാം.

ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള അമേരിക്കന്‍ സൈനിക വിമാനം അമൃത്സറിലെത്തിയപ്പോള്‍

ഇനി നിങ്ങള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയി അവിടെ മുങ്ങാം എന്ന് വിചാരിച്ചു നടക്കുന്ന വിദ്യാര്‍ത്ഥിയാണെങ്കില്‍ അതിന് എന്നത്തെ പോലെ ഇപ്പോഴും സാധ്യതകളുണ്ട്. വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൊണ്ട് നടന്ന് പോകുന്ന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ ഉടനെയൊന്നും അത് നിര്‍ത്താന്‍ പോകുന്നില്ല.

എല്ലാ കാലത്തും എല്ലാ രാജ്യവും കുറെ കുടിയേറ്റക്കാരെ നാട് കടത്തും, ട്രംപിന്റെ കാലത്ത് അത് കൂടുകയൊന്നുമില്ല, പക്ഷെ കുടിയേറ്റക്കാരെ യുദ്ധ വിമാനത്തില്‍ കയറ്റി വിടുന്ന പട്ടി ഷോകള്‍ കാണിക്കുമെന്ന് മാത്രം.

ഇതിലൊന്നും പെടാത്ത സാധാരണക്കാരനാണ് നിങ്ങളെങ്കില്‍ ട്രംപ് ലോകം അട്ടിമറിക്കാന്‍ പോകുന്നു എന്ന രീതിയിലുള്ള വിശകലനങ്ങളും വിഡിയോകളും ഫേസ്ബുക് പോസ്റ്റുകളും അവഗണിച്ചു ജീവിതത്തിലെ സന്തോഷങ്ങളുമായി മുന്നോട്ട് പോകുക. ജീവിതം ക്ഷണികമാണ്, അത് ട്രംപിനെ നോക്കിയിരുന്ന് പാഴാക്കാനുള്ളതല്ല. എനിക്ക് പറ്റിയ അബദ്ധം നിങ്ങള്‍ക്ക് പറ്റാതിരിക്കട്ടെ.

content highlights: Farooq wrote an article in Doolnews about Trump’s move to send Indian migrants back in a military plane

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Video Stories