|

ഇന്ത്യക്ക് രക്ഷപ്പെടണമെങ്കില്‍ വാക്‌സിന്‍ ഫ്രീ ആക്കിയാല്‍ പോരാ, എടുക്കാന്‍ വരുന്നവര്‍ക്ക് 500 രൂപ പോക്കറ്റ് മണിയും നല്‍കണം

ഫാറൂഖ്

കേരളത്തില്‍ കാപിറ്റലിസ്റ്റുകളുടെ എണ്ണം കൂടി വരുന്ന കാലമാണ്, പ്രത്യേകിച്ച്‌ സോഷ്യല്‍ മീഡിയയില്‍. അതില്‍ തെറ്റുമില്ല. ക്യാപിറ്റലിസം ലോകത്ത് ഏറ്റവും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കിയ പ്രത്യയശാസ്ത്രമാണ്, ഏറ്റവും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതും. എല്ലാ പ്രത്യയശാസ്ത്രങ്ങളെ പോലെ തന്നെ ഗുണവും ദോഷവും അതിനുമുണ്ട്. ഇതേ കോളത്തില്‍ ഇതിനു മുമ്പ് അത് എഴുതിയിട്ടുമുണ്ട്.

ഇസങ്ങളൊക്കെ മനുഷ്യന് ഒരു പാട് ഗുണം ചെയ്തിട്ടുണ്ട്, ദോഷവും. സോഷ്യലിസവും കമ്മ്യൂണിസവും മനുഷ്യന് തുല്യതയുടെയും അവകാശങ്ങളുടെയും സങ്കല്‍പം നല്‍കിയിട്ടുണ്ട്, ക്യാപിറ്റലിസം ജീവിത സുഖങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതിലേതുമാവാം, എല്ലാമാവാം, ഒന്നുമാവാതിരിക്കാം. അതൊന്നും ഒരു കുറ്റമല്ല.

മിക്കവാറും പുതു തലമുറ ക്യാപിറ്റലിസ്റ്റുകള്‍ ചിന്തിക്കുന്നത് ലക്കും ലഗാനുമില്ലാതെ കുറെ മുതലാളിമാരെ ലാഭമുണ്ടാക്കാന്‍ അഴിച്ചു വിടുന്നതാണ് ക്യാപിറ്റലിസം എന്നും, ജനങ്ങള്‍ക്ക് എന്തെങ്കിലും സൗജന്യം കൊടുക്കുന്നത്, റിസര്‍വേഷന്‍, അല്ലെങ്കില്‍  സര്‍ക്കാര്‍  ആനുകൂല്യങ്ങള്‍  ഒക്കെ ക്യാപിറ്റലിസത്തിന് എതിരാണ് എന്നും അതൊക്കെ കമ്മ്യൂണിസം, സോഷ്യലിസം തുടങ്ങിയ വകുപ്പുകളില്‍ പെടും എന്നൊക്കെയാണ്. അവര്‍ക്ക് കുറെ കൂടി വിശാലമായി ക്യാപിറ്റലിസത്തെ മനസ്സിലാക്കാനുള്ള സന്ദര്‍ഭമാണ് കൊവിഡ് സമയം. എല്ലാ ഉര്‍വശി ശാപങ്ങള്‍ക്കും എന്തെങ്കിലും ഉപകാരമുണ്ടാകണമെന്നാണല്ലോ.

ലോകത്തെ എല്ലാ ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളും വാക്സിന്‍ സൗജന്യമായാണ് കൊടുക്കുന്നത്. കമ്മ്യൂണിസ്‌റ്, സോഷ്യലിസ്റ്റ്, അര്‍ദ്ധ സോഷ്യലിസ്റ്റ് (സ്‌കാന്ഡിനേവിയ പോലെ) രാജ്യങ്ങളുടെ കാര്യം ഇവിടെ പരാമര്‍ശിക്കുന്നേയില്ല. നൂറു ശതമാനം ക്യാപിറ്റലിസ്റ്റായ അമേരിക്ക, ബ്രിട്ടന്‍, ഹോങ്കോങ്, സിങ്കപ്പൂര്‍, ഇസ്രായേല്‍, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്  തുടങ്ങിയ രാജ്യങ്ങളുടെ കാര്യം മാത്രമേ നമ്മള്‍ നോക്കുന്നുള്ളൂ.

എന്ത് കൊണ്ടാണ് ഈ പത്തരമാറ്റ് ക്യാപിറ്റലിസ്‌റ് രാജ്യങ്ങളൊക്കെ വാക്സിന്‍ സൗജന്യമായി കൊടുക്കുന്നത്. അതിനൊരു ക്യാപിറ്റലിസ്‌റ് കാരണമുണ്ട്.

കൊവിഡ്, അല്ലെങ്കില്‍ ഏതൊരു മഹാമാരിയും രാജ്യത്തിന്റെ സമ്പത്ത് ഇല്ലാതാക്കും. കണക്ക് മനസ്സിലാക്കാന്‍ ഇന്ത്യയുടെ ഉദാഹരണം എടുക്കാം. ഇന്ത്യയുടെ ജി.ഡി.പി കൊവിഡ് മൂലം കഴിഞ്ഞ കൊല്ലം ഇടിഞ്ഞത് ഇരുപത്തിനാലു ശതമാനത്തിനു മുകളിലാണ്. അതായത് വിശാലാര്‍ത്തത്തില്‍ ഇന്ത്യയുടെ ആകെ സമ്പത്ത് മൂന്ന് ട്രില്യണ്‍ ഉണ്ടായിരുന്നത് (എളുപ്പത്തില്‍ മനസ്സിലാക്കാന്‍ റൌണ്ട് ചെയ്ത സംഖ്യകളാണ്, കൃത്യമല്ല) കൊവിഡ് ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ മുക്കാ ട്രില്യന്റെ അടുത്ത്  ഒലിച്ചു പോയി. എന്ന് പറഞ്ഞാല്‍ ഏകദേശം എഴുപത്തഞ്ച് ലക്ഷം കോടി രൂപ സ്വാഹ. ഇത്രയില്ലെങ്കിലും അമേരിക്കക്കും ബ്രിട്ടനുമൊക്കെ ഇതേ രീതിയില്‍ സമ്പത്തിന്റെ ഒലിച്ചു പോക്കുണ്ടായി.

കൊവിഡ് രണ്ടാം വര്‍ഷം, അതായത് ഈ വര്‍ഷം, മുന്‍കരുതലെടുത്ത രാജ്യങ്ങള്‍ രക്ഷപ്പെട്ടു. ഇല്ലാത്തവര്‍ കഴിഞ്ഞ കൊല്ലത്തെ അതേ അവസ്ഥ. എല്ലാവര്ക്കും വാക്സിന്‍ കൊടുത്തില്ലെങ്കില്‍ ഇതേ സ്ഥിതി അടുത്ത വര്‍ഷവും ആവര്‍ത്തിക്കും.

അത് കൊണ്ട് ഒരു ക്യാപിറ്റലിസ്‌റ് ഭരണകൂടം എന്ത് ചെയ്യും, അടുത്ത വര്ഷം ഇതാവര്‍ത്തിക്കാതിരിക്കാനുള്ള വഴി നോക്കും, കാരണം സമ്പത്ത് ഇങ്ങനെ ഓരോ വര്‍ഷവും ഒലിച്ചു പോയാല്‍  അഞ്ചെട്ടു കൊല്ലം കഴിയുമ്പോള്‍ അമേരിക്ക സോമാലിയ പോലെയാവും. സാമ്പത്തികം മാത്രമാണ് പരിഗണന എന്ന് വച്ചോളൂ, മനുഷ്യത്വം പരിഗണിക്കണ്ട, ദയ പരിഗണിക്കണ്ട, കരുണ പരിഗണിക്കണ്ട – നൂറു ശതമാനം എക്കണോമിക്‌സ്.

ശുദ്ധ എക്കണോമിക്‌സ് പ്രകാരം ഓരോ വര്‍ഷവും എഴുപതിനായിരം കോടി നഷ്ടപ്പെടുത്തുന്നതാണോ നല്ലത് അതോ മുപ്പത്തയ്യായിരം കോടി ചിലവാക്കി ഇക്കൊല്ലം തന്നെ എല്ലാവര്ക്കും വാക്സിന്‍ കൊടുത്തു ഈ പ്രശ്‌നം തീര്‍ക്കുന്നതാണോ നല്ലത്. അതിനുത്തരം പറയാന്‍ നിങ്ങള്‍ക്ക് എക്കണോമിക്‌സ് ബിരുദമൊന്നും ആവശ്യമില്ല. അത് കൊണ്ടാണ് അമേരിക്കയിലെയും ബ്രിട്ടനിലെയുമൊക്ക സര്‍ക്കാരുകള്‍ വാക്സിന്‍ വിലകൊടുത്തു വാങ്ങി നാട്ടുകാര്‍ക്ക് സൗജന്യമായി കൊടുത്തു ഈ പ്രശ്‌നം തീര്‍ക്കാന്‍ നോക്കുന്നത്.

ഇനി, വ്യക്തികള്‍ പണം കൊടുത്തു വാങ്ങി വാക്സിന്‍ അടിച്ചാലും ഈ പ്രശ്‌നം പരിഹരിക്കാമല്ലോ എന്ന് ഈ ക്യാപിറ്റലിസ്റ്റ് രാജ്യങ്ങള്‍ക്ക് തോന്നാത്തത് എന്താണ്. അതിന്റെ കാരണവും ക്യാപിറ്റലിസമാണ്. വ്യക്തികള്‍ക്ക് സ്വത്ത് സമ്പാദിക്കാനും അത് സ്വന്തം ഇഷ്ടപ്രകാരം ചിലവഴിക്കാനുമുള്ള അവകാശം പരമ പ്രധാനമാണ് ക്യാപിറ്റലിസത്തില്‍. സര്‍ക്കാരിന് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. നിങ്ങളുടെ കയ്യില്‍ ആയിരം രൂപയുണ്ടെങ്കില്‍ അതിന് കുഴിമന്തി തിന്നണോ ഫുള്ള് വാങ്ങണോ വാക്സിന്‍ വാങ്ങണോ എന്നത് നിങ്ങളുടെ തീരുമാനമാണ്.

സമൂഹത്തിലെ നല്ലൊരു ശതമാനം വാക്സിനെടുക്കാതെ ആ പൈസ കൊണ്ട് കുഴിമന്തി തിന്നാന്‍ തീരുമാനിച്ചെന്നിരിക്കട്ടെ. കൊറോണക്ക് മൂന്നാം തരംഗവും നാലാം തരംഗവുമൊക്കെ ഉണ്ടാകും. രാജ്യത്തിന്റെ സ്വത്ത് ഓരോ കൊല്ലവും കുറഞ്ഞു കുറഞ്ഞു വരും, അവസാനം പാപ്പരാകും. ആള്‍ക്കാര്‍ വാക്സിന്‍ എടുക്കാതെ ഫുള്‍ വാങ്ങുമോ എന്നാണെങ്കില്‍, അമേരിക്കക്കാര്‍ തീര്‍ച്ചയായും വാങ്ങും. ഇന്ത്യക്കാരും വാങ്ങും. അതിന് പ്രധാനപ്പെട്ട കാരണം സമൂഹത്തിലെ അധ്വാനിക്കുന്ന വിഭാഗം, ഇരുപത്തഞ്ചു വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ളവര്‍, കൊവിഡിനെ വ്യക്തിപരമായ ഒരു പ്രശ്‌നമായി കാണുന്നില്ല എന്നതാണ്.

ഇനി അഥവാ പ്രശ്‌നമായി കണ്ടാല്‍ തന്നെ കുറേയാളുകള്‍ വാക്സിന്‍ എടുക്കില്ല. രോഗം ബാധിച്ചവരില്‍ പകുതി പേരെങ്കിലും മരിക്കുന്നതും ബാക്കിയുള്ളവര്‍ക്ക് പലതരം വൈകല്യങ്ങള്‍ ബാധിക്കുന്നതുമായ വസൂരി രോഗത്തിന് പോലും ആളുകളെ കൊണ്ട് വാക്സിന്‍ എടുപ്പിക്കാന്‍ അങ്ങോട്ട് പണം കൊടുക്കേണ്ടി വന്ന നാടാണ് നമ്മുടേത്. ആരും വാക്സിന്‍ എടുക്കില്ലെന്നല്ല, അതവരുടെ മുന്‍ഗണനയായിരിക്കില്ല. മിക്കവരും ഒന്നുകില്‍ നീട്ടി വയ്ക്കും, അല്ലെങ്കില്‍ തീരെ എടുക്കുകയുമില്ല. ഒരു ക്യാപിറ്റലിസ്‌റ് വ്യവസ്ഥയില്‍ ഒരാള്‍ അയാളുടെ കയ്യിലുള്ള പണം എങ്ങനെ ചിലവാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയില്ല എന്ന് നേരത്തെ പറഞ്ഞതാണല്ലോ.

എല്ലാവരും വാക്സിന്‍ എടുക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്, അത് കൊണ്ട് തന്നെ പണം മുടക്കേണ്ടതും രാജ്യമാണ്. ഇല്ലെങ്കില്‍ കൊല്ലാ കൊല്ലം വരുന്ന തരംഗങ്ങളില്‍ രാജ്യം നശിച്ചു പോവും. വ്യക്തികള്‍ക്ക് വാക്സിന്‍ ഒരു ചോയ്‌സ് മാത്രമാണ്, രാജ്യത്തിന് അങ്ങനെയല്ല. ഒരു വ്യക്തി വാക്സിന്‍ എടുത്തില്ലെങ്കില്‍ അവന്‍ മരിക്കാനുള്ള സാധ്യത  ഇപ്പോഴത്തെ കണക്കില്‍  ഇരുന്നൂറില്‍ ഒന്ന് മാത്രമാണ്. പക്ഷെ എല്ലാവരും  വാക്സിന്‍ എടുത്തില്ലെങ്കില്‍ രാജ്യം കുത്തുപാളയെടുത്തു പോവാനുള്ള സാധ്യത നൂറില്‍ നൂറാണ്. അതാണ് എക്കണോമിക്‌സ്, അതാണ് ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ കണക്ക് കൂട്ടല്‍. വാക്സിന്‍ സൗജന്യമായി കൊടുക്കണമെന്ന് മാത്രമല്ല, വാക്സിന്‍ അടിക്കാന്‍ വരുന്നവര്‍ക്ക് അഞ്ഞൂറ് രൂപ പോക്കറ്റ് മണിയും കൊടുക്കണം, എന്നാലേ രാജ്യം നില നില്‍ക്കൂ.

ക്യാപിറ്റലിസം -2

ക്യാപിറ്റലിസവും ക്രോണി ക്യാപിറ്റലിസവും രണ്ടാണ്. സത്യത്തില്‍ ക്യാപിറ്റലിസത്തിന്റെ കാലനാണ് ക്രോണി ക്യാപിറ്റലിസം. സര്‍ക്കാരിന് ഒരു കോര്‍പറേറ്റിനോടും പ്രത്യേക മമതയോ താല്പര്യമോ ഉണ്ടാകാന്‍ പാടില്ല എന്നാണ്. അത് തെറ്റിച്ചു എന്നതാണ് ഇപ്പോഴത്തെ ഇന്ത്യയിലെ വാക്സിന്‍ വിവാദങ്ങളുടെ അടിസ്ഥാനം. പ്രധാനമായി, കോവാക്‌സിന്‍ തയ്യാറാകുന്നത് വരെ കോവിഷീല്‍ഡിന്റെ അംഗീകാരം താമസിപ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ തന്നെ അംഗീകാരം കൊടുക്കാമായിരുന്ന ഫൈസര്‍ വാക്‌സിന് ലൊട്ടു ലൊടുക്ക് കാരണങ്ങള്‍ പറഞ്ഞു അംഗീകാരം കൊടുത്തില്ല എന്നതൊക്കെയാണ് ആരോപണങ്ങള്‍. ഇതൊക്കെയാണ് ക്രോണി ക്യാപിറ്റലിസം.

ക്യാപിറ്റലിസത്തിന്റെ മറ്റൊരു അന്തകനാണ് മൊണോപൊളി, ഡ്യൂവല്‍പൊളി ഒക്കെ. മത്സരം നടത്താന്‍ സര്‍ക്കാരിന് താല്പര്യമുള്ള ഒന്നോ രണ്ടോ കമ്പനികളെ അനുവദിക്കുന്ന രീതി. ടെലികോം കമ്പനികളുടെ കാര്യത്തില്‍ ബാക്കി എല്ലാ കമ്പനികളെയും പൊളിച്ചടുക്കി ഒന്നോ രണ്ടോ കമ്പനികളെ മാത്രം നിലനില്‍ക്കാന്‍ സര്‍ക്കാര്‍ സഹായിച്ചത് എങ്ങനെയാണെന്ന് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. അത് തന്നെയാണ് വാക്സിന്റെ കാര്യത്തിലും സംഭവിച്ചത്. കഴിഞ്ഞ കൊല്ലം മുതല്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് ശ്രമിച്ചു കൊണ്ടിരുന്ന ഫൈസര്‍, മോഡെര്‍ണാ തുടങ്ങിയ കമ്പനികളെ സര്‍ക്കാര്‍ ഓടിക്കുകയായിരുന്നു. ഇത് ക്യാപിറ്റലിസമല്ല.

വിപണിയില്‍ മത്സരം ഇല്ലാതാക്കിയാല്‍ മൊണോപൊളി ഉള്ള കമ്പനികള്‍ക്ക് അവര്‍ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും. ഈ വൈകിയ സമയത്ത് മത്സരമുണ്ടാക്കുന്നതൊന്നും നടക്കാന്‍ പോകുന്നില്ല.  ക്യാപിറ്റലിസം ഒഴിവാക്കി ക്രോണി ക്യാപിറ്റലിസം നടപ്പാക്കിയത്  കൊണ്ടാണ് സര്‍ക്കാരിന് പൂനംവാലയോട്  വിലപേശാന്‍ കഴിയാതെ യാചിക്കേണ്ടി വരുന്നത്. അത് കൊണ്ട് തന്നെയാണ് ഒരു രാജ്യം മുഴുവന്‍ പൂനംവാലയുടെ ദയാവായ്പ്പിന് വേണ്ടി കാത്തു നില്‍ക്കേണ്ടി വരുന്നത്.

ഇന്ത്യയില്‍ ഇഷ്ടം പോലെ വ്യവസായികളുണ്ട്. മരുന്നുല്പാദനത്തില്‍ പരിചയമുള്ളവരും ഇല്ലാത്തവരും. പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുണ്ട്. ഇവരിലാരെയെങ്കിലുമൊക്കെ സാമ്പത്തികമായും അല്ലാതെയും വാക്സിന്‍ ഉത്പാദനം തുടങ്ങാന്‍ പ്രേരിപ്പിക്കാമായിരുന്നു. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പണം ആദ്യമേ തന്നെ നല്‍കിയാല്‍ പറക്കും വാക്സിന്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാമായിരുന്നു. പല വിദേശ കമ്പനികള്‍ക്കും അഡ്വാന്‍സ് കൊടുത്തിരുന്നെങ്കില്‍ ഇതിനകം വാക്സിന്‍ എത്തിയിട്ടുണ്ടാകുമായിരുന്നു. ഒന്നും ചെയ്യാതെ വെറും രണ്ടു വ്യവസായികള്‍ക്ക് സര്‍വ്വാധികാരങ്ങളും കൊടുത്തു.

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഇത് വാക്സിന്റെ കാര്യം മാത്രമല്ല. ഉദാഹരണത്തിന് ഇന്ത്യയിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും മുഴുവന്‍ അദാനിക്ക് കൊടുത്തു യാതൊരു മത്സരവുമില്ലാത്ത മേഖലയാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. വളരെ താമസിയാതെ രാജ്യത്തെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമൊക്കെ അദാനിയുടെ കാരുണ്യത്തിന് അഭ്യര്‍ത്ഥിച്ചു കൊണ്ട് തൊഴുതു നില്‍ക്കുന്നത് നമ്മള്‍ കാണും. വരാനുള്ളത് വഴിയില്‍ തങ്ങിയ ചരിത്രമില്ല.

വാല്‍കഷ്ണം.  മാനുഫാക്ച്യൂറിങ് കമ്പനികള്‍ നിര്‍മാണ ചെലവും ലാഭവും വിലയുമൊക്കെ നിര്‍ണയിക്കുന്ന പ്രക്രിയയില്‍ പങ്കാളികളായ പലരും ഇത് വായിക്കുന്നവരിലുണ്ടാകും. സാധാരണ 273.33, 412.22  എന്നൊക്കെയുള്ള ഒരു സംഘ്യയാണ് കണക്കു കൂട്ടിയാല്‍ വരിക. ആര്‍ക്കെങ്കിലും 150, 300,400, 600, 1200 എന്നൊക്കെ കൃത്യമായ വില കണക്കു കൂട്ടി കിട്ടിയതായി അനുഭവമുണ്ടോ. ഈ പൂനംവാലയൊക്കെ ഒരു കൊട്ട കണക്കങ്ങ് പറയുകയാണോ. ഇന്നലെ 400 ഇന്ന് 300, മത്തി കച്ചവടം പോലെയാണോ വാക്സിന്‍ കച്ചവടം. ഒരു വെളിവും വ്യവസ്ഥയും ഇല്ലാതെയാണോ ഇതൊക്കെ തീരുമാനിക്കുന്നത്.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farooq Writes On Vaccination and India’s Policy Failure

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ