| Tuesday, 24th January 2023, 1:15 pm

ചരിത്രത്തിന് സാക്ഷിയാവാൻ ഒരു ഡോക്യുമെന്ററി

ഫാറൂഖ്

ബി.ബി.സിക്ക് ചില പ്രാദേശിക ഭാഷാ സര്‍വീസുകളുണ്ട്, അതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഭാഷയായിരുന്നു അടുത്തകാലം വരെ ഉര്‍ദു. മിക്ക പാകിസ്ഥാനികളും ബി.ബി.സിയുടെ ഉര്‍ദു സംപ്രേക്ഷണമായിരുന്നു കേട്ടുകൊണ്ടിരുന്നത്. അതിന് പാകിസ്ഥാനികള്‍ക്ക് ഒരു കാരണം പറയാനുണ്ടായിരുന്നു, ഒരൊറ്റ പാകിസ്ഥാനി മാധ്യമങ്ങളെയും വിശ്വസിക്കാന്‍ കഴിയില്ല. മിക്കതും സര്‍ക്കാരിന്റെ സ്വന്തം, അല്ലെങ്കില്‍ പേടിച്ചു മിണ്ടില്ല.

ഈയടുത്ത കാലത്ത് അവിടെ മാധ്യമങ്ങള്‍ സ്വതന്ത്രമായി തുടങ്ങിയപ്പോള്‍ ബി.ബി.സിയുടെ ജനപ്രിയത കുറഞ്ഞു, എങ്കിലും ബി.ബി.സി ഉര്‍ദു വെബ്‌സൈറ്റാണ് പാകിസ്ഥാനില്‍ ഇപ്പോഴും ഏറ്റവും ഹിറ്റ് ഉള്ള വെബ്‌സൈറ്റ്.

മിക്ക അറബ് രാജ്യങ്ങളിലും ഇതായിരുന്നു സ്ഥിതി. വാര്‍ത്തക്ക് ആശ്രയം ബി.ബി.സിയായിരുന്നു, അല്‍ ജസീറ വരുന്നത് വരെ. അല്‍ ജസീറ താരതമ്യേന സ്വതന്ത്രമാണെന്ന് ധാരണ പരന്നതോടെ ആളുകള്‍ ബി.ബി.സി വിട്ട് അല്‍ ജസീറയിലെത്തി. ഇന്ത്യയിലും വലിയ വ്യത്യാസമില്ല. ആകാശവാണിയും പിന്നീട് ദൂരദര്‍ശനും സര്‍ക്കാര്‍ ജിഹ്വകളായിരിക്കുകയും പത്രങ്ങള്‍ പൊതുവെ ഭീരുക്കളായിരിക്കുകയും ചെയ്തിരുന്ന കാലത്ത് ആളുകള്‍ ബി.ബി.സി കേട്ടാണ് കാര്യങ്ങള്‍ ഉറപ്പുവരുത്തിയിരുന്നത്. 

നരേന്ദ മോദി തന്നെ താന്‍ ബി.ബി.സിയെയാണ് ആശ്രയിക്കാറുണ്ടായിരുന്നത് എന്ന് ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു മുമ്പൊക്കെ. ഇന്ത്യ സ്വതന്ത്ര ടെലിവിഷന്‍ ചാനലുകള്‍ക്ക് ഇടംകൊടുത്ത് തുടങ്ങിയതോടെ ക്രമേണ ബി.ബി.സി ആരും കാണാതായി. പക്ഷെ ഈയടുത്ത് മിക്ക മീഡിയയും ‘ഗോഡി മീഡിയ’യായി പരിണമിച്ചതോടെ ആളുകള്‍ക്ക് ഇന്ത്യന്‍ മീഡിയയില്‍ വിശ്വാസം കുറഞ്ഞുവന്നു.

എന്‍.ഡി.ടി.വി ആയിരുന്നു അവസാനം വരെ വിശ്വാസ്യത നിലനിര്‍ത്തിയ ഒരു ചാനല്‍, അതും സംഘപരിവാര്‍ ഏറ്റെടുത്തതോടെ ഇനി ആളുകള്‍ സ്വാഭാവികമായി ബി.ബി.സിയിലേക്ക് തിരിയും. ബാക്ക്-ടു-സ്‌ക്വയര്‍-വണ്‍.

നൂറ് കൊല്ലമായി ബി.ബി.സി തുടങ്ങിയിട്ട്. ഇംഗ്ലണ്ടിലെ ഓരോ വീട്ടില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 150 ഡോളറോളം കൊടുത്തിട്ടാണ് ബി.ബി.സി ബ്രിട്ടീഷുകാര്‍ നിലനിര്‍ത്തുന്നത്. അത് പ്രത്യേക ഫണ്ടാണ്, സര്‍ക്കാരിന് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ആ ഫണ്ട് ഉപയോഗിക്കാന്‍ ബജറ്റ് അലോക്കേഷന്‍ ആവശ്യമില്ല. അതുകൊണ്ട് തന്നെ ബി.ബി.സിയില്‍ രാഷ്ട്രീയക്കാര്‍ക്ക് കയറി മേയാന്‍ കഴിയില്ല. അതാണ് കഴിഞ്ഞ നൂറ് കൊല്ലമായി അവരുടെ വിശ്വാസ്യതയില്‍ അപൂര്‍വം അവസരങ്ങളിലൊഴികെ കാര്യമായ പരിക്കുകള്‍ ഉണ്ടാകാത്തതിന്റെ പ്രധാന കാരണം.

ഈയൊരു വിശ്വാസ്യത കൊണ്ടുതന്നെ, ഏത് കാര്യത്തിനും ആളുകള്‍ ബി.ബി.സി ഒരു റഫറന്‍സ് ആയിട്ടെടുക്കും. ഉദാഹരണത്തിന് പത്തോ നാല്പതോ കൊല്ലം മുമ്പ് മരിച്ചുപോയ ഒരു ഭരണാധികാരിയെ പറ്റി ഇന്ന് പഠിക്കുന്നവര്‍ അവരെപ്പറ്റിയുള്ള അന്നത്തെ ബി.ബി.സി റിപ്പോര്‍ട്ട് ആണ് ആശ്രയിക്കുക. അയാളെ പറ്റി പുസ്തകങ്ങളുണ്ടാകും, അതിന്റെയും റഫറന്‍സ് ബി.ബിസി ആയിരിക്കും, ആ പുസ്തകം റഫര്‍ ചെയ്ത് വേറെ പുസ്തകങ്ങളും പഠനങ്ങളുമൊക്കെയുണ്ടാകും, അവസാനം ഉള്ളിത്തോല്‍ പൊളിച്ചത് പോലെ ബി.ബി.സിയിലെത്തും.

ബി.ബി.സി മാത്രമല്ല ഇത്തരത്തില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്കര്‍, വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, എന്‍.പി.ആര്‍, എ.പി, എക്കണോമിസ്റ്റ്, അല്‍ ജസീറ തുടങ്ങിയവയൊക്കെയുണ്ട്. പക്ഷെ അവര്‍ക്കൊക്കെ ബി.ബി.സിയുടെയത്ര വലിയ റിപ്പോര്‍ട്ടര്‍ നെറ്റ്‌വര്‍ക്ക് ഇല്ല എന്ന പരിമിതിയുണ്ട്. ഇവരൊക്കെയാണ് കാലത്തിന്റെ സാക്ഷി, ചരിത്രത്തിന്റെ സാക്ഷി. സര്‍ക്കാരുകള്‍ സാധാരണ പടച്ചുവിടുന്ന അസംഖ്യം പ്രൊപ്പഗാണ്ടകള്‍ സര്‍ക്കാരുകള്‍ വീഴുന്നതിന് മുമ്പേതന്നെ വീഴും.

അത് തന്നെയാണ് സംഘപരിവാറിന്റെ രൂക്ഷമായ പ്രതികരണങ്ങളുടെയും കാരണം.

ഒരു ഡോക്യുമെന്ററിയോട് പ്രതികരിക്കാന്‍ വിദേശകാര്യ വക്താവിനെ അയക്കുക, മൂന്നും നാലും മന്ത്രിമാര്‍ വിമര്‍ശനവുമായി ഇറങ്ങുക, ഐ.ടി സെല്‍ മുഴുവന്‍ മൂന്നാല് ദിവസമായി ബ്രിട്ടീഷുകാരെ തെറി വിളിക്കുക, അവസാനം ഡോക്യുമെന്ററി നിരോധിക്കുകയും മുഴുവന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ലിങ്കുകള്‍ നീക്കം ചെയ്യാന്‍ അടിയന്തരാവസ്ഥകാലത്തെ റൂളുകള്‍ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ കേട്ടുകേള്‍വിയില്ലാത്തതാണ്.

അതൊന്നും മോദിയുമായി മാത്രം ബന്ധപ്പെട്ടതല്ല, ആര്‍.എസ്.എസുമായി ബന്ധപ്പെട്ടതാണ്. മോദിക്ക് ഈ ഡോക്യുമെന്ററി ഒരു വോട്ട് പോലും നഷ്ടപ്പെടുത്തില്ല.

ഇന്ത്യക്കാര്‍ – മോദിക്ക് വോട്ട് ചെയ്തവരായാലും ഇല്ലാത്തവരായാലും – ഈ ഡോക്യുമെന്ററിയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ട് തന്നെയാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തത്. അത് മോദിയെയല്ല ഇന്ത്യക്കാരെയാണ് അടയാളപ്പെടുത്തുന്നത്. വോട്ടിനുപരി ഈ ഡോക്യുമെന്ററി വഴി മോദിക്ക് നഷ്ടപ്പെടാനുള്ളത് രണ്ട് കാര്യങ്ങളാണ്, ലോകത്തിന്റെ സ്വീകാര്യതയും ചരിത്രത്തിലെ സ്ഥാനവും.

അന്താരാഷ്ട്ര നയതന്ത്രം ട്രാന്‍സാക്ഷണല്‍ ആണ്. എത്ര കച്ചവടം നടക്കും എന്നതിനനുസരിച്ചാണ് ഭരണാധികാരികള്‍ പരസ്പരം സ്വീകരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും. ഇന്ത്യ ബില്യണ്‍ കണക്കിന് ആയുധങ്ങള്‍ വാങ്ങുന്നത് കൊണ്ടാണ് റഷ്യ, ഫ്രാന്‍സ്, ഇസ്രഈല്‍ ഭരണാധികാരികളൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത്. ഇന്ത്യ എത്ര എണ്ണ വാങ്ങും എന്ന് കണക്കാക്കിയാണ് അറബ് രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ച് അവാര്‍ഡുകള്‍ കൊടുക്കുന്നത്. കച്ചവടം കുറയുമ്പോള്‍ ബഹുമാനവും കുറയും, അധികാരത്തിന് പുറത്താവുമ്പോള്‍ ഇക്കണ്ട ആളുകളൊക്കെ പുറംതിരിഞ്ഞ് നില്‍ക്കും.

അങ്ങനെയല്ലാതിരിക്കണമെങ്കില്‍ അധികാരത്തിനുപരിയായ വ്യക്തിത്വവും കഴിവും ഉണ്ടായിരിക്കണം. ഒബാമയെ പോലെ, നെഹ്‌റുവിനെ പോലെ, മന്‍മോഹന്‍ സിങ്ങിനെപ്പോലെ. അവരുടെ കൂട്ടത്തില്‍ ഒരു പദവിക്കായി മാത്രമാണ് മോദിയുടെ ഇപ്പോഴത്തെ ശ്രമങ്ങള്‍ മുഴുവനും. ഇന്ത്യയുടെ ഭരണകാര്യങ്ങളില്‍ ഇപ്പോഴദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ബി.ബി.സി കാണിച്ച അസംസ്‌കൃതമായ ദൃശ്യങ്ങള്‍ ഒരു സ്റ്റേറ്റ്‌സ്മാന്‍ ആകാനുള്ള മോദിയുടെ ശ്രമങ്ങളെ എന്നെന്നേക്കുമായാണ് നശിപ്പിച്ചത്.

ബി.ബി.സി കാണിച്ച പഴയ മോദി കറുത്തിട്ടാണ്, ഇപ്പോഴത്തെ മോദി വെളുത്തിട്ടാണ്. ബി.ബി.സി കാണിച്ച പഴയ മോദിക്ക് തലയുടെ മധ്യം വരെ കഷണ്ടിയുണ്ട്, ഇപ്പോഴത്തെ മോദിക്ക് നെറ്റിവരെ മുടിയുണ്ട്. ബി.ബി.സി കാണിച്ച പഴയ മോദി ഇന്ത്യന്‍ കോട്ടണ്‍ വസ്ത്രങ്ങളാണ് ധരിക്കുന്നത്, ഇപ്പോഴത്തെ മോദി ഇറ്റാലിയന്‍ ഡിസൈനര്‍ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ബി.ബി.സി കാണിച്ച പഴയ മോദി സംസാരിക്കുന്നത് ഇപ്പോഴത്തെ വാട്‌സാപ്പ് അമ്മാവന്മാര്‍ സംസാരിക്കുന്ന രീതിയിലും ഭാഷയിലുമാണ്.

പക്ഷെ ഇതുകൊണ്ടൊന്നും മാത്രമല്ല ബി.ബി.സി മോദിയെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പറയുന്നത്.

ബി.ബി.സി ആര്‍.എസ്.എസിനെ പറ്റി പറയുമ്പോള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ അല്‍-ഖ്വയിദ മോഡല്‍ ആയുധ പരിശീലനവും കയ്യില്‍ വാളും കുന്തങ്ങളുമായി അലറിവിളിക്കുന്ന കാവി ആള്‍ക്കൂട്ടങ്ങളെയുമാണ്. ഇന്ത്യക്കാര്‍ക്ക് പരിചിതമാണെങ്കിലും ലോകം പേടിയോടെ മാത്രം കാണുന്ന ദൃശ്യങ്ങള്‍.

ബി.ബി.സി ആര്‍.എസ്.എസിന്റെ രണ്ട് പ്രോജക്ടുകളെ നിര്‍വീര്യമാക്കുന്നുണ്ട്. ഒന്ന്, ലോകത്തിന് മുമ്പില്‍ ഡീസന്റ് ആകാനുള്ള ശ്രമത്തെ, രണ്ട്, ചരിത്രത്തില്‍ കറകളില്ലാതെ സ്വയം അവതരിപ്പിക്കാനുള്ള ശ്രമത്തെ. അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ആര്‍.എസ്.എസല്ല ഇപ്പോഴത്തേത്. മിക്ക നേതാക്കളുടെയും മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. മിക്കവരുടെയും ബന്ധുക്കള്‍ യു.കെ, യു.എസ് പൗരന്മാരോ താമസക്കാരോ ആണ്. ആര്‍.എസ്.എസിനോട് അടുത്തുനില്‍ക്കുന്ന മിക്ക ഗുജറാത്തി ബിസിനസുകാര്‍ക്കും ദുബായില്‍ ബിസിനസും ഫ്‌ളാറ്റും ഗോള്‍ഡന്‍ വിസയുമുണ്ട്. അവര്‍ക്കൊന്നും ബി.ബി.സി കാണിച്ച രീതിയിലുള്ള ഒരു ആര്‍.എസ്.എസുമായി അടുത്ത് പ്രവര്‍ത്തിക്കാനോ സംഭാവന നല്‍കാനോ കഴിയില്ല.

രണ്ടാം തലമുറ ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും മുമ്പില്‍ തങ്ങളെ ഒരു ലിബറല്‍ ഇന്‍ക്ലൂസിവ് സംഘടനയാണെന്ന രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍.എസ്.എസ് കുറെ കാലമായി ശ്രമിക്കുന്നുണ്ട്. അര ട്രൗസര്‍ പാന്റ് ആക്കുന്നത് മുതല്‍ സ്വവര്‍ഗ രതിക്കാരെ ജീവിക്കാന്‍ സമ്മതിക്കും എന്ന പ്രസ്താവന വരെ ആ പ്രോജക്ടിന്റെ ഭാഗമാണ്. ആയുധ പരിശീലനവും ആയുധങ്ങളേന്തിയ ആള്‍ക്കൂട്ടങ്ങളും സ്വന്തമായുള്ള ഒരു സംഘടന എന്ന ബി.ബി.സിയുടെ അവതരണം ആര്‍.എസ്.എസിനെ അല്‍-ഖ്വയിദ, ഐ.സിസ് തുടങ്ങിയവരുടെ കൂടാരത്തില്‍ കൊണ്ടുചെന്ന് കെട്ടും. വിദേശത്തുള്ള ആര്‍ക്കും അത്തരം ഒരു സംഘടനയുമായി സഹകരിക്കുക എന്നത് പ്രായോഗികമല്ല.

ആര്‍.എസ്.എസ് പ്രൊപ്പഗാണ്ടക്ക് മൂന്ന് മുഖങ്ങളുണ്ട്. ആദ്യത്തേത് സ്വന്തം പരിവാരത്തെ മാത്രം കാണിക്കാനുള്ളത്, രണ്ടാമത്തേത് മുഴുവന്‍ ഇന്ത്യക്കാര്‍ക്കും കാണാനുള്ളത്, മൂന്നാമത്തേത് ലോകത്തിന് കാണാനുള്ളത്.

ഉദാഹരണത്തിന് സ്വന്തം അണികളുടെ ഇടയില്‍ ഗാന്ധി വധത്തെ ന്യായീകരിക്കും, ഗോഡ്‌സെയെക്കുറിച്ച് നല്ലതേ പറയൂ. ബാക്കിയുള്ള ഇന്ത്യക്കാരുടെ മുമ്പില്‍ ഗാന്ധിജി നല്ലവനും ഗോഡ്സെ ചീത്തയും ആണ്. ഇന്ത്യക്കാരുടെ മുമ്പില്‍ ഹിന്ദു മിലിറ്റന്റ് ഓര്‍ഗനൈസേഷന്‍ എന്ന് അറിയപ്പെടുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ല, പക്ഷെ ഇന്ത്യക്ക് പുറത്ത് അവര്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സംഘടന എന്ന നിലയിലാണ് സ്വയം പ്രൊജക്റ്റ് ചെയ്യുക. ഈ മെസേജിങ് കൂടിച്ചേരാതെ പ്രത്യേകം പ്രത്യേകം കൊണ്ടുപോകാന്‍ വളരെ കരുതലെടുക്കുന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ്.

മെസേജുകള്‍ കൂടിക്കലരുന്നത് പ്രസ്ഥാനത്തിന്റെ സ്വീകാര്യതയെ വല്ലാതെ ബാധിക്കും. ഇതേ ഡോക്യുമെന്ററി എന്‍.ഡി.ടി.വിയില്‍ വന്നാല്‍ ആര്‍.എസ്.എസിന് സന്തോഷമേ ഉണ്ടാകൂ. ഒരുകണക്കിന് എന്‍.ഡി.ടി.വി പിടിച്ചെടുത്തത് സംഘപരിവാര്‍ കാണിച്ച വിഡ്ഢിത്തങ്ങളില്‍ ഒന്നാണ്. ലോകം വിലകൊടുക്കുന്ന ഒരു ചാനല്‍ ഇല്ലാതായി എന്നത് ഒരു രാജ്യം എന്ന നിലയില്‍ തന്നെ ഇന്ത്യക്ക് വലിയ നഷ്ടമാണ്, ഒരാവശ്യം വരുമ്പോള്‍ ഒന്നുമില്ല.

ചരിത്രമാണ് ആര്‍.എസ്.എസിനെ ഭയപ്പെടുത്തുന്ന മറ്റൊരു ഘടകം. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന് പറയുന്നവര്‍ക്കൊക്കെ എതിരായി അവര്‍ മാനനഷ്ടക്കേസ് കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യയില്‍ ഇപ്പോള്‍ അതാരും പറയാറില്ല. പക്ഷെ ലോകം അങ്ങനെയല്ല. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിയ മാപ്പപേക്ഷകള്‍ ഇന്റര്‍നെറ്റ് മുഴുവന്‍ ലഭ്യമാണ്. ആര്‍.എസ്.എസ് സ്ഥാപകര്‍ മുസ്സോളിനിയെ സന്ദര്‍ശിച്ചതിനും ഹിറ്റ്‌ലറെ പുകഴ്ത്തിയതിനും രേഖകളുണ്ട്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളാക്കിയ പുസ്തകത്തിന്റെ പഴയ പ്രിന്റുകള്‍ ഇപ്പോഴും ലഭ്യമാണ്.

ഇതൊക്കെ എങ്ങനെയെങ്കിലും മായ്ച്ചുകളയാന്‍ കോടികളാണ് അവര്‍ ചെലവാക്കികൊണ്ടിരിക്കുന്നത് (ഇതിനുമുമ്പ് എഴുതിയിട്ടുള്ളതാണ്, ചരിത്രം തിരുത്തലൊന്നും നടക്കാന്‍ പോകുന്നില്ല – എല്ലാവരും ശാന്തരാകണം )

അതിനിടയിലാണ് ഏറ്റവും വലിയ പേരുദോഷമായി ഗുജറാത്ത് വംശഹത്യ വരുന്നത്. കലാപം എന്നല്ല വംശഹത്യ എന്ന വാക്കാണ് ബി.ബി.സി ഉപയോഗിക്കുന്നതും. കൂടാതെ ഹരേന്‍ പാണ്ഡ്യാ വധം, സഞ്ജീവ് ഭട്ടിന്റെയും ശ്രീകുമാറിന്റെയും ടീസ്തയുടെയും ജയില്‍വാസം എന്നിവയൊക്കെ ബി.ബി.സി കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്, ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്ത വിധത്തില്‍.

ആര്‍.എസ്.എസ് ഇപ്പോള്‍ അതിന്റെ ഉന്നതിയിലാണ്. മോഹന്‍ ഭഗവത് തന്നെ പറഞ്ഞത് പോലെ ഇന്ത്യയില്‍ ഓരോ തരി മണ്ണും ആര്‍.എസ്.എസിന് കീഴിലാണ്. അനന്തമായ സ്വത്തുക്കളും അദാനിയും സ്വന്തമായിട്ടുണ്ട്. പറക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുണ്ട്, ബന്ധുക്കള്‍ക്കൊക്കെ യു.കെ, അമേരിക്കന്‍ പൗരത്വമുണ്ട്, ദുബായില്‍ ഫ്‌ളാറ്റുണ്ട്. മക്കളൊക്കെ വിദേശ യൂണിവേഴ്‌സിറ്റികളിലാണ്. ഇത്തരം എല്ലാ പ്രസ്ഥാനങ്ങളും അധികാരം പിടിച്ചാല്‍ ഇരുപത്തഞ്ചോ മുപ്പതോ വര്ഷം സാധാരണഗതിയില്‍ തുടരും. അങ്ങനെ നോക്കിയാല്‍ ഇനിയും പത്തോ ഇരുപതോ വര്‍ഷം ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ എന്ത്. ഭാവി ലോകം എങ്ങനെയാണ് ആര്‍.എസ്.എസിനെ കാണുക.

ഇപ്പോഴത്തെ ആര്‍.എസ്.എസുകാരുടെ മക്കളും അവരുടെ മക്കളും തങ്ങളുടെ മുത്തച്ഛന്മാരെ പറ്റി അഭിമാനിക്കുമോ അതോ അപമാനം പേറി ജീവിക്കുമോ. പുണ്യാളന്‍ പ്രാഞ്ചിയേട്ടന് കാണിച്ചുകൊടുത്ത പോലെ ഭാവിയുടെ ചില ദൃശ്യങ്ങള്‍ ആര്‍.എസ്.എസുകാര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് ബി.ബി.സി. അത് കണ്ടുള്ള പരിഭ്രാന്തിയും പരക്കംപാച്ചിലും കണ്ട് ചിരിക്കുകയാണ് ലോകം.

Content Highlight: Farooq writes on the BBC documentary India: The Modi Question

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more