| Wednesday, 15th February 2023, 4:05 pm

മോദി കാലം കഴിഞ്ഞാല്‍ അദാനി എടുക്കാച്ചരക്കാവും; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി; മൂന്നാം ഭാഗം

ഫാറൂഖ്

ഈ പരമ്പരയുടെ അവസാന ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കുന്നത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഇതിലുള്‍പ്പെട്ട വിവിധ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതാണ്.

ഹിന്‍ഡന്‍ബര്‍ഗ്: അവര്‍ ഒരു മാധ്യമ ഗ്രൂപ് അല്ല എന്നും മാര്‍ക്കറ്റിനെ ഞെട്ടിച്ച് ഷോര്‍ട് സെല്ലിങ്ങിലൂടെ പണമുണ്ടാക്കുക എന്ന ഒരൊറ്റ പണിയെ അവര്‍ക്കുള്ളൂ എന്നും ആദ്യഭാഗത്ത് വിശദമാക്കിയിരുന്നു. അദാനിയുടെ വിവിധ ഷെയറുകള്‍ എഴുപത് ശതമാനം വരെ താണിരുന്ന സമയത്ത് ഹിന്‍ഡന്‍ബര്‍ഗ് അവരുടെ ലാഭം എടുത്തിട്ടുണ്ടാകും. ഇനി അവര്‍ക്ക് അദാനി കമ്പനികളെ കൊണ്ട് കാര്യമൊന്നുമില്ല, അതുകൊണ്ട് തന്നെ അവര്‍ ഇനി ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയുമില്ല. ഒരിക്കല്‍ വേട്ടയാടിയ മൃഗത്തെ പിന്നെ തിരിഞ്ഞു നോക്കുന്ന പതിവ് അവര്‍ക്കില്ല. അദാനിയോടോ ഇന്ത്യയോടോ പ്രത്യേകിച്ച് അകല്‍ച്ചയോ അടുപ്പമോ അവര്‍ക്കില്ല. ഇനിയുള്ള ചര്‍ച്ചകളില്‍ അവര്‍ക്ക് പ്രാധാന്യവുമില്ല. അദാനി ഗ്രൂപ് അവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നൊക്കെ ആദ്യം പറഞ്ഞിരുന്നു, കേസ് കൊടുത്താല്‍ മുഴുവന്‍ ഷെല്‍ കമ്പനികളുടെയും ഫയലുകള്‍ കോടതിയില്‍ ആവശ്യപ്പെടും എന്ന് അവരും പറഞ്ഞിരുന്നു. ഇനി അതുണ്ടാവില്ല.

അദാനി: അദാനിയുടെ ഓഹരി മൂല്യം ഇതെഴുതുമ്പോള്‍ 120 ബില്യണ്‍ ഡോളറോളം കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നിക്ഷേപകര്‍ ഒന്നടങ്കം പിന്മാറിയിട്ടുണ്ട്. എം.എ.സി.ഐ അദാനി ഗ്രൂപ്പിന്റെ വെയ്‌റ്റേജ് കുറച്ചിട്ടുണ്ട്. മൂഡീസ് ഔട്ടിലൂക് നെഗറ്റിവ് ആക്കിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ അദാനിയുമായുള്ള കരാര്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് 4000ന് മുകളില്‍ വിറ്റുകൊണ്ടിരുന്ന അദാനി-ടോട്ടല്‍ ഷെയറുകള്‍ ഇപ്പോള്‍ താണു താണു ആയിരത്തിനടുത്ത് എത്തിയിട്ടുണ്ട്. ഓഹരി പണയം വാങ്ങി പണം കടം കൊടുത്ത ബാങ്കുകള്‍ ഓഹരി മൂല്യം കുറഞ്ഞതിനെ തുടര്‍ന്ന് മാര്‍ജിന്‍ കോള്‍ നടത്തി പണം തിരിച്ചടക്കാന്‍ പറയുന്നുണ്ട്. (പണയ വസ്തുവിന്റെ മൂല്യം കുറയുമ്പോള്‍ വ്യത്യാസം വരുന്ന പണം അടക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്നതിനെയാണ് മാര്‍ജിന്‍ കോള്‍ എന്ന് പറയുന്നത്).

അങ്ങനെ മാര്‍ജിന്‍ കാള്‍ വന്നതിനെ തുടര്‍ന്ന് ഒരു ബില്യണ്‍ ഡോളറോളം അദാനിക്ക് വിദേശ ബാങ്കുകളില്‍ അടക്കേണ്ടതായി വന്നിട്ടുണ്ട്. ഫണ്ട് ശേഖരിക്കാനുള്ള എഫ്.പി.ഒ അതിനിടക്ക് പരാജയപ്പെടുകയും ചെയ്തു. ബാങ്കുകള്‍ മാര്‍ജിന്‍ കോളുകള്‍ നടത്തുകയും കടങ്ങളുടെ തിരിച്ചടവിനുള്ള തീയതികള്‍ അടുത്തെത്തുകയും ചെയ്യുന്നത് കൊണ്ട് പരമാവധി പണം കിട്ടാവുന്നിടത്തു നിന്നെല്ലാം സംഘടിപ്പിക്കുന്ന തിരക്കിലാണ് അദാനി. പതിവ് പോലെ എല്‍.ഐ.സിയും എസ്.ബി.ഐയും രംഗത്തുണ്ട്. അദാനിയുടെ കല്‍ക്കരി കമ്പനികള്‍ ഡിസ്‌കൗണ്ട് വിലക്ക് കല്‍ക്കരി വില്‍ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട് (ദി ഇക്കണോമിക്‌സ് ടൈം റിപ്പോര്‍ട്ട്). ഇതിനിടെ അദാനി ഗ്രൂപ് അടുത്ത വര്‍ഷത്തേക്കുള്ള റവന്യു പ്രോജെക്ഷന്‍ പകുതിയായി കുറച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അദാനിയുടെ ഓഹരിമൂല്യത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം (ഇന്നത്തെ നിലയില്‍) വന്ന കുറവ് താഴെ പറയുന്ന പ്രകാരമാണ്.

അദാനി ടോട്ടല്‍ ഗ്യാസ് – 69%
അദാനി ട്രാന്‍സ്മിഷന്‍ – 59%
അദാനി പവര്‍ – 43%
അദാനി ഗ്രീന്‍ എനര്‍ജി – 64%
അദാനി വില്മര്‍ – 27%
അദാനി എന്റര്‍പ്രൈസസ് – 50%
അദാനി പോര്‍ട്‌സ് – 27%

അദാനി സ്റ്റോക്ക് ഇന്‍വെസ്റ്റേഴ്‌സ്: അദാനി ഗ്രൂപ്പില്‍ അധികം റീറ്റെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സ് ഇല്ല എന്ന് രണ്ടാം ഭാഗത്തില്‍ വിശദമാക്കിയിരുന്നു. മിക്ക അദാനി ഗ്രൂപ് കമ്പനികളുടെയും ഷെയറുകളില്‍ എഴുപത്തഞ്ചു ശതമാനത്തോളം ഔദ്യോഗികമായി തന്നെ കുടുംബാംഗങ്ങളുടെ കയ്യിലാണ്. ബാക്കിയുള്ളവയില്‍ എല്‍.ഐ.സിയുടെ ഓഹരി കഴിഞ്ഞു മിക്കതും അദാനിയുടെ തന്നെ ഷെല്‍ കമ്പനികളുടെ കയ്യിലാണ്. വളരെ തുച്ഛമായ അദാനി ഷെയറുകളേ പൊതുജനങ്ങളുടെ കയ്യിലുള്ളൂ. അതുകൊണ്ട് തന്നെ റീടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സിന് വലിയ നഷ്ടമുണ്ടായി എന്ന് പറയുന്നതില്‍ കാര്യമില്ല.

ഓഹരി വിപണി: ഇത്ര വലിയ കോളിളക്കങ്ങള്‍ ഉണ്ടായിട്ടും ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാകാത്തത് ഇന്ത്യന്‍ ഓഹരി വിപണിയുടെ കരുത്തായി മിക്ക നിരീക്ഷകരും കണക്കാക്കുന്നുണ്ട്. വിദേശ നിക്ഷേപകര്‍ കൈവിട്ടുപോകുമ്പോഴും ആ സ്ഥാനം നികത്താന്‍ അത്രയും ഇന്ത്യന്‍ നിക്ഷേപകര്‍ പുതുതായി ഓഹരി വിപണികളിലേക്ക് കടന്നുവരുന്നുണ്ടെന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ കണക്ക്. (എല്ലാവരും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ഓടുമ്പോള്‍ ). പക്ഷെ ഓഹരി വിപണി പ്രതീക്ഷിച്ച നേട്ടം തരാതിരിക്കുകയും അനിശ്ചിതത്വം തുടരുകയും ചെയ്യുന്നത് കൊണ്ട് ഇന്ത്യന്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറുമോ എന്നതാണ് വിപണിയുടെ പേടി. ഓഹരികളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ ലാഭം ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് കിട്ടുന്നുണ്ട് എന്നതാണ് ഇന്നത്തെ അവസ്ഥ

സെബി: ഈ വിവാദങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ തിരിച്ചടി പറ്റിയത് സെബി എന്ന സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ക്കാണ്. അദാനിക്കെതിരെ നിരന്തരമായി വന്നുകൊണ്ടിരുന്ന ആരോപണങ്ങള്‍ അതതു സമയത്ത് അന്വേഷിക്കുകയും നടപടികള്‍ എടുക്കുകയും ചെയ്തിരിന്നുണെങ്കില്‍ ഈ നിലയിലേക്ക് കാര്യങ്ങള്‍ വഷളാകുകയില്ലായിരുന്നു എന്നാണ് മിക്കവരും കരുതുന്നത്. മൗറീഷ്യസിലൂടെ വരുന്ന കള്ളപ്പണം നിയന്ത്രിക്കുക എന്നത് സ്റ്റോക്ക് എക്ചേഞ്ചിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ ആവശ്യമായിരുന്നു. നിരന്തരമായി നേരിട്ടും അല്ലാതെയും വന്നുകൊണ്ടിരുന്ന പരാതികള്‍ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയുന്നതിലൂടെ സെബി നിക്ഷേപകരോട് മാത്രമല്ല, രാജ്യത്തോട് തന്നെ വലിയൊരു പാതകമാണ് ചെയ്തത്. യാതൊരു നിയന്ത്രണവുമില്ലാതെ, ക്രോണി കാപിറ്റലിസ്റ്റുകള്‍കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന ഒരു സ്ഥിതിയാണ് ഇന്ത്യയില്‍ എന്നാണ് വിദേശ ബിസിനസ് പേപ്പറുകളില്‍ ഇപ്പോള്‍ കാണുന്ന ലേഖനങ്ങള്‍ മുഴുവന്‍. വര്‍ഷങ്ങളെടുക്കും ഈ ദുഷ്പേരില്‍ നിന്ന് ഇന്ത്യക്ക് മോചനം നേടാനും വിദേശ നിക്ഷേപകര്‍ ഇന്ത്യയെ വീണ്ടും പരിഗണിക്കാനും

മാധ്യമങ്ങള്‍: ഈ വിവാദത്തില്‍ സെബിയെക്കാളും അദാനിയേക്കാളും മുഖം നഷ്ടപ്പെട്ടവര്‍ ഇന്ത്യന്‍ മാധ്യമങ്ങളാണ്. ഇതിനു മുമ്പത്തെ ഹര്‍ഷത് മെഹ്ത, കേതന്‍ പരേഖ് സ്‌കാമുകള്‍ പുറത്തുകൊണ്ട് വന്നത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പക്ഷെ അദാനി വിഷയത്തില്‍ കാര്യമായ ഒരു റോളും ഇവര്‍ക്കുണ്ടായില്ല എന്ന് മാത്രമല്ല വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്ന വാര്‍ത്തകള്‍ കൃത്യമായി തങ്ങളുടെ വായനക്കാരിലെത്തിക്കാനോ എന്തെങ്കിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനോ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. ബിസിനസുകാരുടെ പി.ആര്‍. ഓഫീസുകള്‍ മാത്രമായി ഇന്ത്യന്‍ ബിസിനസ് പ്രസിദ്ധീകരണങ്ങള്‍ മാറി എന്നാണ് ടൈം മാഗസിന്‍ അവരുടെ കവര്‍ സ്റ്റോറിയില്‍ പറയുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദാനി ഒരു ബില്യണ്‍ കടം വീട്ടി എന്ന നിലയില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതും തുടര്‍ന്ന് അദാനിയുടെ ഷെയറുകളില്‍ മുന്നേറ്റം ഉണ്ടായതും. സത്യത്തില്‍ നേരത്തെ പറഞ്ഞ മാര്‍ജിന്‍ കോളിന്റെ ഭാഗമായിരുന്നു ആ അടവ്. നിര്‍ഭയമായ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് മാത്രമല്ല, ശക്തമായ സാമ്പത്തിക സംവിധാനങ്ങള്‍ക്കും അനിവാര്യമാണ് എന്ന് തെളിയിക്കപ്പെടുകയിരുന്നു കഴിഞ്ഞയാഴ്ച.

രാഷ്ട്രീയം: അദാനിയില്‍ നിന്ന് പരാമവധി അകലം പ്രത്യക്ഷത്തിലെങ്കിലും കാണിക്കാന്‍ മോദി ശ്രമിക്കുമെന്നാണ്, കഴിഞ്ഞയാഴ്ചത്തെ ലഖ്‌നൗ നിക്ഷേപക സമ്മേളനത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് നല്‍കുന്ന സൂചന. മോദി പങ്കെടുത്ത ഒരു ബിസിനസ് പരിപാടിയില്‍ അദാനി ഇല്ലാതെ വരുന്നത് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്. യു.പി. മുഖ്യമന്ത്രി അദാനിക്ക് കൊടുത്ത ഇലക്ട്രിക്ക് മീറ്ററുകളുടെ കോണ്‍ട്രാക്ട് റദ്ദാക്കുക വഴി മറ്റൊരു സന്ദേശമാണ് നല്‍കുന്നത്, മോദിയുടെ കാലം കഴിഞ്ഞാല്‍ അദാനി എടുക്കാച്ചരക്കാവുമെന്ന സന്ദേശം. മോദിയുടെ പിന്തുടര്‍ച്ചക്കാരായി കരുതപ്പെടുന്ന യോഗി അദാനിയെ തനിക്കാവശ്യമില്ല എന്ന സന്ദേശമാണ് നല്‍കുന്നതെങ്കില്‍ അമിത് ഷാ സ്വന്തം മകനില്‍ തന്നെ വലിയൊരു പണക്കാരനെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്ന് അദാനിക്ക് ഇനി എത്രമാത്രം സഹായം കിട്ടുമെന്ന് കണ്ടറിയണം. ഇതിന് മുമ്പ് ഇതേ കോളത്തില്‍ എഴുതിയിട്ടുള്ളതാണ്. ‘എല്ലാ ക്രോണികള്‍ക്കും ഒരു സമയമുണ്ട്. കയറ്റമുണ്ട്, ഇറക്കവുമുണ്ട്. ഇത്തിള്‍ കണ്ണികളായുള്ള ജീവിതമാണ്. തായ്മരത്തിന്റെ ജീവിതമാണ് ഇത്തിള്‍ കണ്ണിയുടെയും ജീവിതം. തായ്മരത്തിനു മുമ്പും ശേഷവും ഇത്തിള്‍ കണ്ണിക്ക് ജീവിതമില്ല’ (തിരുവനന്തപുരത്തുകാരുടെ തലയില്‍ വന്നു വീണ ക്രോണി) .

മോദി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അദാനി അഴിമതി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആരും കരുതുന്നില്ല. ഒരു മജോറിട്ടേറിയന്‍ പാര്‍ട്ടിക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് സാമ്പത്തിക പുരോഗതിക്കോ അഴിമതി ഇല്ലാതാക്കാനോ അല്ല, അതൊക്കെ വെറും നാട്യങ്ങള്‍ മാത്രം. റാഫേല്‍ അഴിമതിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മുമ്പത്തേതിനേക്കാളും ഭൂരിപക്ഷത്തോടെയാണ് മോദി അധികാരത്തില്‍ വന്നത്. റാഫേല്‍ കോണ്‍ട്രാക്ട് എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ തട്ടിക്കൂട്ട് കമ്പനിക്ക് കൊടുത്തതില്‍ വലിയ അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം. മോദി നേരിട്ടായിരുന്നു ഇത് ചെയ്തത്. റാഫേലില്‍ നിന്ന് ഓഫ്‌സെറ്റ് ആയി വരേണ്ട വലിയൊരു തുക എച്ച്.എ.എല്ലില്‍ വരേണ്ടതായിരുന്നു. അനില്‍ അംബാനി പൊളിഞ്ഞതോടെ ആ തുക ഇന്ത്യക്ക് നഷ്ടപ്പെട്ടു. മറ്റേതൊരു ജനാധിപത്യ രാജ്യത്തായിരുന്നെങ്കിലും പ്രധാനമന്ത്രി രാജി വെക്കേണ്ടി വന്നേനെ. ഇന്ത്യയില്‍ അഴിമതി രാജ്യസ്‌നേഹം കൊണ്ട് പ്രതിരോധിക്കുന്ന അവസ്ഥയില്‍ റാഫേല്‍ പോലെ അദാനിയും വോട്ടര്‍മാരെ സ്വാധീനിക്കില്ല. പക്ഷെ ഇന്ത്യയിലെ അഴിമതികളുടെ ചരിത്രത്തില്‍ റാഫേലും അദാനിയും ഏറ്റവും മുകളില്‍ തന്നെ സ്ഥാനം പിടിക്കും.

മൂന്നു ഭാഗങ്ങളായുള്ള ഈ പരമ്പര തുടങ്ങിയത് രാജ്യ സുരക്ഷയെ കുറിച്ചുള്ള അജിത് ഡോവലിന്റെ പ്രഭാഷണം ഉദ്ധരിച്ചു കൊണ്ടാണ്. മുംബൈയും ദല്‍ഹിയും ഉള്‍പ്പടെ എട്ട് എയര്‍പോര്‍ട്ടുകളും നിരവധി തുറമുഖങ്ങളും കല്‍ക്കരി പാടങ്ങളും പ്രധിരോധ സാമഗ്രികളും കൈകാര്യം ചെയ്യുന്ന അദാനിക്ക് പണം വരുന്നത് എവിടെ നിന്നാണ് എന്ന ചോദ്യത്തിന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നു മൂന്നാഴ്ചയായിട്ടും ആരും മറുപടി തന്നിട്ടില്ല. അദാനിയും നിഗൂഢനായ ചൈനീസ് വ്യവസായി ചാങ്-ചുങ്-ലിങ് ഉമായുള്ള ബന്ധവും വിശദീകരിക്കപ്പെട്ടിട്ടില്ല. രണ്ട് എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ഒരാള്‍ തന്നെ ഏറ്റെടുക്കുന്നതും, ഒരേ നഗരത്തില്‍ തന്നെ വിമാനത്താവളവും തുറമുഖവും ഒരേ വ്യക്തി തന്നെ നിയന്ത്രിക്കുന്നതും രാജ്യ രക്ഷക്ക് ഭീഷണിയായിട്ടും അദാനിക്ക് ഇതൊക്കെ ചെയ്യാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത് ആരാണെന്നും വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇക്കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങള്‍ അറിയാന്‍ ഒരു പക്ഷെ നമ്മള്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം.

പുരയ്ക്ക് മീതെ ചാഞ്ഞ അദാനി ഒന്നാം ഭാഗം
രണ്ടാം ഭാഗം

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: farooq writes on hindenburg report on adani part 3

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more